‘ആഗ്ര, മധുര, കാശി ദേശങ്ങളിൽ കൂടി മതേതരത്വം ശക്തിപ്പെടുത്തുന്ന നടപടികൾക്ക് തങ്ങൾ മുൻകൈ എടുക്കണം’: ഷുക്കൂർ വക്കീൽ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ച് ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക് പോസ്റ്റ്. രാജ്യത്തെ മതേതരത്വം ശക്തിപ്പെടുത്തുന്നതിനു ഏറ്റവും വലിയ തടസ്സം നെഹ്റു ആയിരുന്നുവെന്ന ധ്വനിയാണ് സാദിഖലി തങ്ങളുടെ വാക്കുകളിൽ ഉള്ളതെന്ന് ഷുക്കൂർ വക്കീൽ പറയുന്നു. കാശിയിലെയും മധുരയിലെയും പള്ളികളുടെ മേലുളള്ള അവകാശ വാദവും താജ് മഹലിനു മേലുള്ള അവകാശ വാദവും കൂടി പാണക്കാട് തങ്ങൾ ഇടപെട്ട് എത്രയും പെട്ടെന്നു അവകാശ വാദം ഉന്നയിക്കുന്നവർക്ക് നൽകി മതേതരത്വം ഒന്നു കൂടി ശക്തി പ്പെടുത്തണമെന്നും ഹാസ്യാത്മകമായി ഷുക്കൂർ വക്കീൽ വിമർശനം ഉന്നയിക്കുന്നു.

ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക് പോസ്റ്റ്

ALSO READ: ‘ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചിട്ടില്ല’ : സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ

എല്ലാവർക്കും നന്മയും ക്ഷേമവും ലഭിക്കട്ടെ. ഭയം കൂടാതെ എല്ലാവരും ജീവിക്കുന്ന റിപബ്ലിക് ആകട്ടെ നമ്മുടെ രാജ്യം. മതേതരത്വം ശക്തി പെടാൻ ഭരണാധികാരി ചെയ്യുന്ന പ്രവർത്തികളെ നമ്മൾ പിന്തുണയ്ക്കുക. രാജ്യത്തെ പ്രബല ന്യൂനപക്ഷ മത വിഭാഗാത്തിൻ്റെ ആത്മീയ രാഷ്ട്രീയ നേതാവ് പാണക്കാട് സാദിഖലി തങ്ങൾ പറയുന്നതു കേട്ടു. “ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ് രാമക്ഷേത്രവും ഇനി അവിടെ പണിയാന്‍ പോകുന്ന ബാബരി മസ്ജിദും” ഈ പ്രസ്താവനയിൽ നിന്നും നമ്മൾ മനസ്സിലാക്കുന്നത് രാജ്യത്തെ മതേതരത്വം ശക്തിപ്പെടുത്തുന്നതിനു ഏറ്റവും വലിയ തടസ്സം നെഹ്റു ആയിരുന്നു. 1949 ൽ തന്നെ പള്ളി പൊളിച്ചു അവിടെ ക്ഷേത്രം പണിഞ്ഞിരുന്നെങ്കിൽ അന്നു മുതൽ തന്നെ രാജ്യത്തെ മതേതരത്വ ശക്തിപ്പെടുമായിരുന്നു.

പിന്നെ അവിടെ (അയോധ്യയിൽ ) നിർമ്മിക്കുമെന്നു പറയുന്ന പള്ളിയുടെ പേര് ബാബ്റി മസ്ജിദ് എന്നാണോ? അല്ലെന്നാണ് മനസ്സിലാകുന്നത്. പിന്നെ കാശിയിലെയും മധുരയിലെയും പള്ളികളുടെ മേലുളള്ള അവകാശ വാദവും താജ് മഹലിനു മേലുള്ള അവകാശ വാദവും കൂടി പാണക്കാട് തങ്ങൾ ഇടപെട്ടു എത്രയും പെട്ടെന്നു അവകാശ വാദം ഉന്നയിക്കുന്നവർക്ക് നൽകി മതേതരത്വം ഒന്നു കൂടി ശക്തി പ്പെടുത്തണം. അല്ലാത്ത പക്ഷം ഏകനായ ദൈവത്തിലും പ്രവാചകരിലും വിശ്വസിക്കുന്നു എന്ന ഒരറ്റ കാരണത്താൽ ആയിരങ്ങളാണ് ദുരിതം അനുഭവിക്കേണ്ടി വരിക.

ALSO READ: രാമക്ഷേത്രം യാഥാർഥ്യവും ഭൂരിപക്ഷത്തിന്റെ ആവശ്യവുമാണെന്ന് വിവാദ പരാമർശം, സാദിഖലി തങ്ങളെ രൂക്ഷമായി വിമർശിച്ച് സമൂഹ മാധ്യമങ്ങൾ

ശരിക്കും 49 ൽ ബാബ്റി പള്ളി വിട്ടു കൊടുത്തിരുന്നെങ്കിൽ 1992 , 2002 ഒന്നും രാജ്യത്ത് ഭവിക്കുമായിരുന്നില്ല. അതു കൊണ്ട് ബഹു തങ്ങൾ ആഗ്ര, മധുര, കാശി ദേശങ്ങളിൽ കൂടി മതേതരത്വം ശക്തി പ്പെടുത്തുന്ന നടപടികൾക്ക് പിന്തുണ നൽകി വിജയിപ്പിക്കുവാൻ മുൻകൈ എടുക്കണമെന്നു അഭ്യർത്ഥിക്കുന്നു. ഭയത്താൽ ചുറ്റപ്പെട്ടു ജീവിക്കുന്ന ഒരാൾ എന്ന നിലയിലാണ് തങ്ങളോട് അഭ്യർത്ഥന. പള്ളികൾ പൊളിച്ചാലെന്ത് , മതേതരത്വം ശക്തി പ്പെടുമല്ലോ. അൽ ഹംദുലില്ലാഹ്; ഖൈർ. ബഹു. തങ്ങളുടെ പ്രസംഗം കമന്റിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here