
ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. പ്രായപൂർത്തിയായ ഒരാൾ ദിവസം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്. ഉറക്കത്തിന്‍റെ രീതി പലരിലും പലതരത്തിലാണ്. രാത്രി ഏറെ വൈകി ഉറങ്ങുന്നവരുണ്ട്, നേരത്തെ ഉറങ്ങുന്നവരുണ്ട്. അതുപോലെ പകൽ സമയം ഉറങ്ങുന്നവരുണ്ട്. രാവിലെ ഉണരാൻ വൈകുന്നവരുണ്ട്, നേരത്തെ ഉണരുന്നവരുണ്ട്. എന്നാൽ ഉറക്കത്തെ സംബന്ധിച്ച് എട്ടുവർഷത്തിലേറെയായി 70,000-ത്തിലധികം ആളുകളെ പഠനവിധേയമാക്കി ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത് വളരെ പ്രധാനപ്പെട്ട ചില കണ്ടെതത്തലുകളാണ്.
വൈകി ഉറങ്ങുന്നവരിൽ ഗുരുതരമായ മാനസികാരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് പഠനം പറയുന്നത്. വിഷാദം, ഉത്കണ്ഠ, മാനസികസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളാണ് ഇവരിൽ കാണുന്നത്. സൈക്യാട്രി റിസർച്ച് ജേണലിൽ പഠനത്തിൻ്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാത്രി വൈകി ഉറങ്ങുന്നവരിൽ മാനസികപ്രശ്നങ്ങളും പെരുമാറ്റവൈകല്യങ്ങളും ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രാത്രി നേരത്തെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും പറയപ്പെടുന്നു.
രാത്രി വൈകി ഉറങ്ങുന്നവർക്ക് വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള മാനസികാരോഗ്യ വൈകല്യങ്ങളുടെ നിരക്ക് കൂടുതലാണ്. “ഏറ്റവും മോശം സാഹചര്യം തീർച്ചയായും രാത്രി വൈകി ഉറങ്ങുന്നവരിലാണ്,” സൈക്യാട്രി ആൻഡ് ബിഹേവിയറൽ സയൻസസ് പ്രൊഫസറും പഠനത്തിൻ്റെ മുതിർന്ന എഴുത്തുകാരനുമായ ജാമി സീറ്റ്സർ പറഞ്ഞു. വൈകി ഉറങ്ങുന്നവരിൽ ആത്മഹത്യാ ചിന്തകൾ, അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ഉപയോഗം, അമിതഭക്ഷണം എന്നിവയുൾപ്പെടെ പല ദോഷകരമായ ശീലങ്ങളും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
8 വർഷത്തോളം വൈകി ഉറങ്ങുന്നവരെ ഗവേഷകർ വിശദമായി പഠിച്ചു. രാത്രി നേരത്തെ ഉറങ്ങി, രാവിലെ നേരത്തെ എഴുന്നേൽക്കുന്ന എല്ലാവരിലും മികച്ച മാനസികാരോഗ്യം ഉണ്ടായിരിക്കും, ഉറക്കത്തിൻ്റെ ദൈർഘ്യവും ഉറക്ക സമയത്തിൻ്റെ സ്ഥിരതയും നല്ല മാനസികാരോഗ്യത്തിന് ഗുണകരമാണെന്നും ഗവേഷകർ പറയുന്നു.
ഉറക്കം എളുപ്പമാക്കുന്നത് എങ്ങനെ?
ഉറക്കമില്ലായ്മ പരിഹരിക്കുന്നതിന് ചില ശീലങ്ങൾ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. വായന, ധ്യാനം, അല്ലെങ്കിൽ ചൂടുവെള്ളത്തിൽ കുളി തുടങ്ങിയവ ഉറക്കത്തെ സഹായിക്കും. മൊബൈൽഫോൺ, ലാപ്ടോപ്പ് പോലെയുള്ള ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചം മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്ക്രീൻ സമയം പരിമിതപ്പെടുത്തണമെന്നും ഗവേഷകർ പറയുന്നു.
കൂടാതെ ഉറങ്ങുന്ന സമയത്ത് മുറിയിൽ തണുപ്പും ഇരുട്ടും നിശബ്ദവുമാക്കി നിലനിർത്തുന്നത് ഉറക്കത്തെ സഹായിക്കും. ചായ, കോഫി, മദ്യം, പുകവലി, വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് എന്നിവ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. കാരണം അവ ഉറക്കത്തിൻ്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here