
വാറന്റി കാലയളവില്‍ മൊബൈല്‍ ഫോണിന്റെ ഫ്ലിപ്പ് സംവിധാനത്തിലെ തകരാര്‍ പരിഹരിച്ച് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ മൊബൈല്‍ ഫോണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി ജോജോമോന്‍ സേവിയര്‍ സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സിന് എതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
2022 നവംബറിലാണ് പരാതിക്കാരന്‍ കോതമംഗലത്തെ സെല്‍സ്‌പോട്ട് മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും സാംസങ്ങിന്റെ ഫ്ലിപ്പ് മോഡല്‍ ഫോണ്‍ വാങ്ങിയത്. 2023 ഒക്ടോബറിൽ ഫ്ലിപ്പ് സംവിധാനത്തില്‍ തകരാര്‍ സംഭവിക്കുകയും ഓതറൈസ്ഡ് സര്‍വീസ് സെന്ററിനെ സമീപിച്ചപ്പോള്‍ 33,218 രൂപ പെയ്‌മെന്റ് ചെയ്താല്‍ റിപ്പയര്‍ ചെയ്തു നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. വാറന്റി കാലയളവില്‍ തകരാര്‍ സംഭവിച്ചാല്‍ റിപ്പയര്‍ ചെയ്തുനല്‍കേണ്ട ഉത്തരവാദിത്തില്‍ നിന്നും കമ്പനി ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്.
Read Also: യുവ അഭിഭാഷകയെ മർദിച്ച കേസ്: ബെയ്ലിൻ ദാസിന് കർശന ഉപാധികളോടെ ജാമ്യം
പരാതിക്കാരന്റെ ഉപയോഗത്തിലെ അശ്രദ്ധമൂലം സംഭവിച്ച തകരാറാണെന്നും തങ്ങള്‍ അതിന് ഉത്തരവാദി അല്ലെന്നുമുള്ള കമ്പനിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും സേവനത്തിലെ വീഴ്ചയാണ് ഇതെന്നും ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവർ ഉൾപ്പെട്ടതുമായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഫോണ്‍ 11 മാസം ഉപയോഗിച്ചതിന് 10 ശതമാനം മൂല്യശോഷണം കണക്കാക്കി 83,690 രൂപയും കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളില്‍ 15,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

