
വെള്ളിത്തിരയിലെ പുകച്ചുരുളുകൾക്കിടയിലൂടെ നടന്നു വരുന്ന നായകനെ നോക്കി വിസ്മയിച്ചു നിന്നൊരു കാലമുണ്ടായിരുന്നു. അന്ന് ആ പുകവലി ഒരു ‘സ്റ്റൈലും’ ‘ഹീറോയിസവും’ ഒക്കെയായി യുവമനസ്സുകളെ സ്വാധീനിച്ചിരുന്നു. എന്നാൽ, ആ പുകമറയ്ക്കപ്പുറത്ത് ജീവിതത്തിന്റെ നിറങ്ങൾ കരിഞ്ഞുപോകുന്നത് തിരിച്ചറിയാൻ നാം വൈകിപ്പോയിരുന്നു. ഇത് ഒരു ശീലമല്ല, ശ്വാസം മുട്ടിക്കുന്ന അപകടത്തിന്റെ തുടക്കം ആണ്. അതേ, മരണം സ്വയം വിളിച്ചുവരുത്തുന്ന ഈ ശീലം ഉപേക്ഷിച്ചേ മതിയാകൂ. പുകവലി ഒരൊറ്റ ദിവസം കൊണ്ട് ദോഷം ചെയ്യില്ല. അത് പതിയെ, ശാന്തമായി ശരീരത്തെ തകർക്കുന്ന ഒരു ശീലമാണ്.
ശ്വാസകോശത്തിലെ ശുദ്ധ വായു വഴികൾ അടയുന്നു. അതിനു ഓക്സിജൻ സ്വീകരിക്കാനുള്ള കഴിവ് കുറയുന്നു. തുടർച്ചയായ ചുമയും ശ്വാസതടസവും ഉണ്ടാകുന്നു. പിന്നീട് ശ്വാസകോശ കാൻസർ വരെ അത് എത്തുന്നു. പുകവലിക്കുന്നവരെ ഏറ്റവും പ്രധാനമായി ബാധിക്കുന്ന രോഗമാണ് ഇത്. ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ സാധ്യതയുള്ള അവസ്ഥയാണ് ശ്വാസകോശ അർബുദം എന്ന് പറയുന്നത്. ഏറ്റവും കൂടുതൽ ഇത് പുരുഷന്മാരിലാണ് കണ്ടുവരുന്നത്. നിശബ്‌ദ കൊലയാളി ഏന് തന്നെ ഇതിനെ വിളിക്കാൻ കഴിയും. നിങ്ങൾ വലിക്കുന്ന ഒരു സിഗരറ്റ് പോലും ശരീരത്തിൽ വിഷപദാർത്ഥങ്ങൾ എത്തിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
സിനിമകളിലും ചില ദൃശ്യ മാധ്യമങ്ങളിലും പുകവലി ഒരു റിബൽ ലുക്ക് ആയി കാണിക്കപ്പെട്ടിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതിന്റെ സ്വാധീനം തിരിച്ചറിഞ്ഞതിനാൽ കർശന മുന്നറിയിപ്പുകൾ കാണാൻ സാധിക്കും.
പഴയകാലത്ത് സിനിമാ ഹാളുകളിൽ സാധാരണമായിരുന്ന പുകയില പ്രദർശന രംഗങ്ങൾ ഇന്ന് കടുത്ത നിയന്ത്രണങ്ങൾക്കിടയിലാണ്. പ്രേക്ഷകരെ സ്വാധീനിക്കുന്ന മാധ്യമമെന്ന നിലയിൽ സിനിമയുടെ ഉത്തരവാദിത്വം വർധിച്ചതോടെ പുകയില ഉപയോഗത്തിന്റെ ചിത്രീകരണത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
സിനിമ ആരംഭിച്ച ആദ്യകാലങ്ങളിൽ നിന്ന് തന്നെ കഥാപാത്രങ്ങൾ സിഗരറ്റ് വലിക്കുന്ന രംഗങ്ങൾ പതിവായിരുന്നു. കഥാപരമായ ആവശ്യമെന്ന പേരിൽ ഉൾപ്പെടുത്തിയിരുന്ന ഇത്തരം ദൃശ്യങ്ങൾ പലപ്പോഴും “സ്റ്റൈൽ” അല്ലെങ്കിൽ “ഹീറോയിസം” എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് യുവാക്കളിൽ പുകവലിയെ സാധാരണമാക്കുന്ന സ്വാധീനം ഉണ്ടാക്കുന്നുവെന്ന് പിന്നീട് നിരവധി പഠനങ്ങൾ സൂചിപ്പിച്ചു.
ഇന്ത്യയിൽ 2003-ലെ COTPA (Cigarettes and Other Tobacco Products Act) നിയമവും 2005 മുതൽ നടപ്പിലാക്കിയ കർശന മാർഗ്ഗനിർദ്ദേശങ്ങളും സിനിമാ മേഖലയെ വലിയ രീതിയിൽ മാറ്റിമറിച്ചു. ഇതിന്റെ ഭാഗമായി സിനിമാ ഹാളുകളിൽ “No Smoking” മുന്നറിയിപ്പ് ബോർഡുകളും ആരോഗ്യ സന്ദേശങ്ങളും നിർബന്ധമാക്കി.
ഇപ്പോൾ സിനിമകളിൽ പുകയില ഉപയോഗം കാണിക്കുന്ന രംഗങ്ങൾ ഉണ്ടെങ്കിൽ പോലും, അതിനൊപ്പം ആരോഗ്യ മുന്നറിയിപ്പുകളും സ്ക്രീനിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. ചില സാഹചര്യങ്ങളിൽ രംഗങ്ങൾ മങ്ങിച്ചോ അല്ലെങ്കിൽ മുന്നറിയിപ്പ് ടെക്സ്റ്റുകളോടെയോ മാത്രമേ പ്രദർശിപ്പിക്കാറുള്ളൂ.
തീയറ്ററുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഈ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നു. ഇതിലൂടെ പുകയിലയുടെ പരോക്ഷ പ്രചരണം കുറയ്ക്കുകയും പൊതുജനാരോഗ്യ സന്ദേശങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. വിദഗ്ധരുടെ അഭിപ്രായത്തിൽ, സിനിമ പോലുള്ള ശക്തമായ ദൃശ്യ മാധ്യമങ്ങൾ യുവജനങ്ങളുടെ പെരുമാറ്റത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതിനാൽ ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യമാണ്.
ഇന്ന് സിനിമ വിനോദത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന മാധ്യമമായി മാറിയിരിക്കുകയാണ്. കഥയുടെ ഭാഗമായേക്കാവുന്ന പുകയില രംഗങ്ങൾ പോലും ഇന്ന് മുന്നറിയിപ്പുകളോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. “No Smoking” സന്ദേശങ്ങൾ വെറും നിയമമല്ല, ഒരു ഓർമ്മപ്പെടുത്തലാണ്. ഇതൊരു വ്യക്തിഗത ശീലമല്ല. അത് കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയാണ്. ഒരു ചെറിയ തീരുമാനം – പുകവലി ഒഴിവാക്കുക, നിങ്ങളുടെ ജീവിതത്തിന്റെ ഏടുകൾ മനോഹരമാക്കുന്ന ആ തീരുമാനത്തിലേക്ക് എത്തിച്ചേരാൻ ഇനിയും എത്രനാൾ വേണ്ടി വരും ?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

