
മുടി കൊഴിച്ചിൽ ആരംഭിക്കുമ്പോൽ ഓരോ കാരണങ്ങളാണ് മനസ്സിൽ വരുക. പാരമ്പര്യം, പ്രായം, കാലാവസ്ഥ, വെള്ളം അങ്ങനെ അനുമാനങ്ങൾ പലത് മനസ്സിൽ വന്നുപോകും. എന്നാൽ ഇതൊന്നും കൂടാതെ വേറെ ചില കാരണങ്ങളും കഷണ്ടിക്ക് കാരണമാകുന്നുണ്ട്.
മുടികൊഴിച്ചിലിന് പുകവലി പ്രധാന കാരണമാകുന്നുവെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. പുകവലിക്കുന്ന പുരുഷന്മാരിൽ മറ്റുള്ളവരേക്കാൾ ഇരട്ടി കഷണ്ടി വരാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.
Also read: പശ്ചിമേഷ്യ കത്തുന്നു; ആരാണ് ആയത്തുള്ള അലി ഖമനേയി?
പുകവലി എങ്ങനെയാണ് മുടിയെ ബാധിക്കുന്നത് എന്നല്ലേ ?
രക്തചംക്രമണം തടസ്സപ്പെടുന്നു:
പുകവലി മൂലം രക്തക്കുഴലുകൾ ചുരുങ്ങുകയും തലയോട്ടിയിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും ഒഴുക്ക് കുറയുകയും ചെയ്യുന്നു. രോമകൂപങ്ങളിൽ ഓക്‌സിജനും പോഷകങ്ങളും ലഭിക്കാത്തത് മുടി കനം കുറഞ്ഞ് ദുർബലമാകാനും വേഗത്തിൽ കൊഴിഞ്ഞുപോകാനും കാരണമാകുന്നുണ്ട്.
ഓക്‌സിഡേറ്റീവ് സ്‌ട്രെസ്:
സിഗരറ്റിലുള്ള നിക്കോട്ടിൻ, കാർബൺ മോണോക്‌സൈഡ് തുടങ്ങിയവ ശരീരത്തിൽ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വർദ്ധിപ്പിക്കുന്നു. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും വളർച്ചാ ചക്രം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
അകാല നര:മുടിക്ക് നിറം നൽകുന്ന മെലാനിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ പുകയിലയിലെ ദോഷകരമായ പദാർത്ഥങ്ങൾ നശിപ്പിക്കുന്നു. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നതിന് കാരണം ഇതാണെന്ന് വിദഗ്ധർ പറയുന്നു.
പുകവലി ഒരു പ്രധാന ഘടകമാണെങ്കിലും, ജനിതക കാരണങ്ങൾ, പോഷകാഹാരക്കുറവ് (ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ഡി എന്നിവയുടെ കുറവ്), അമിതമായ മാനസിക സമ്മർദ്ദം, ഹോർമോൺ വ്യതിയാനങ്ങൾ, ചില മെഡിക്കൽ കാരണങ്ങൾ എന്നിവയും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. എന്നാൽ പുകവലി നമുക്ക് ഒഴിവാക്കാവുന്ന ശീലമാണ്. അതുകൊണ്ടുള്ള ദോഷഫലങ്ങളും ഒഴിവാക്കാൻ സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

