‘ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട’; ‘സ്‌നേഹക്കൂട്’ പദ്ധതിക്ക് തുടക്കം

ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട എന്ന ലക്ഷ്യവുമായി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ നേതൃത്വത്തില്‍ ‘സ്‌നേഹക്കൂട്’ പദ്ധതിക്ക് തുടക്കമായി. ആദ്യ സ്‌നേഹക്കൂടിന്റെ താക്കോല്‍ കോരിമ്പിശ്ശേരിയില്‍ കൈമാറി. ഭവനരഹിതരില്ലാത്ത മണ്ഡലം എന്ന ലക്ഷ്യത്തിലാണ് ഇരിങ്ങാലക്കുടയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു വീടിന്റെ താക്കോല്‍ കൈമാറിക്കൊണ്ട് പറഞ്ഞു.

സര്‍ക്കാരിന്റെ വിവിധ ഭവന നിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവനാളുകള്‍ക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട് ‘ പദ്ധതിയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.

സ്‌നേഹക്കൂട് പദ്ധതി പ്രകാരം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ടെക്‌നിക്കല്‍ എജുക്കേഷന്‍ സെല്‍ വിഭാഗം നിര്‍മ്മിച്ചു നല്‍കുന്ന ആദ്യവീടിന്റെ താക്കോല്‍ ദാനവും മന്ത്രി നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ 10 വീടുകളാണ് പദ്ധതി മുഖേന നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. ഇരിങ്ങാലക്കുട കോരിമ്പിശ്ശേരി സ്വദേശി ഗുരുവിലാസം സ്മിതയുടെ കുടുംബത്തിനാണ് ആദ്യ വീട് കൈമാറിയത്.

സ്‌കൂള്‍ / കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ യൂണിറ്റുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങളുടെ സി.എസ് . ആര്‍ ഫണ്ട് തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.

കിടപ്പു രോഗികള്‍ ഉള്ള കുടുംബങ്ങള്‍ / അമ്പത് ശതമാനത്തിന് മുകളില്‍ അംഗപരിമിതരുള്ള കുടുംബങ്ങള്‍ / വൃദ്ധ ജനങ്ങള്‍ മാത്രമുള്ള കുടുംബങ്ങള്‍ / മാതാവോ പിതാവോ മരണപ്പെട്ട വിദ്യാര്‍ത്ഥികളുള്ള കുടുംബങ്ങള്‍ / പ്രായപൂര്‍ത്തിയാകാത്ത മക്കളുമായി താമസിക്കുന്ന വിധവകള്‍ / അതിദരിദ്ര പട്ടികയിലുള്‍പ്പെട്ട കുടുംബങ്ങള്‍ എന്നിവര്‍ക്കായിരിക്കും പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. സര്‍ക്കാര്‍ ഭവന പദ്ധതികളുടെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരായിരിക്കണം അപേക്ഷകര്‍.

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിക്കായി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രമടക്കം മന്ത്രിയുടെ ഇരിങ്ങാലക്കുട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ക്യാമ്പ് ഓഫീസില്‍ 2023 ഏപ്രില്‍ 30 നകം സമര്‍പ്പിക്കാം – മന്ത്രി ഡോ ആര്‍ ബിന്ദു വ്യക്തമാക്കി.

താക്കോല്‍ ദാന ചടങ്ങില്‍ സ്റ്റേറ്റ് എന്‍ എസ് എസ് ഓഫീസര്‍ അന്‍സര്‍ ആര്‍ എന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് മുന്‍ പ്രോഗ്രാം ഓഫീസര്‍ ഷൈലജ ടി എം പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്‍ , ജയന്‍ അരിമ്പ്ര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തൃശ്ശൂര്‍ ഗവ വിമന്‍സ് പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പല്‍ വി എ ഞ്ജാനാംബിക സ്വാഗതവും എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രതീഷ് എം വി നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News