
നവജിത്ത് അഷ്ടമചന്ദ്രൻ
ഒരാൾ ഒരു പന്തു തട്ടുന്നു, അയാളിൽ നിന്ന് ആ പന്ത് തട്ടിയെടുക്കുവാനായി മറ്റൊരാൾ അയാൾക്കുനേരെ പാഞ്ഞടക്കുന്നു. തനിക്കെതിരെ പാഞ്ഞടുക്കുന്ന എതിരാളിയെ വെട്ടിച്ചും കബളിപ്പിച്ചും കാലുകളിൽ ഒളിപ്പിച്ച മാന്ത്രികതയുടെ വശ്യതയും ചേർത്ത് പന്തുമായി അയൾ മുന്നേറുന്നു. മുമ്പിൽ ഒരുക്കപ്പെടുന്ന പ്രതിരോധ കോട്ടകളെയെല്ലാം മറികടന്നു പന്ത് ലക്ഷ്യസ്ഥാനത്തേക്കെത്തിക്കുമ്പോൾ ഗാലറി ആർത്തിരമ്പുന്നു. ഫുട്ബോൾ മൈതാനത്തിലെ പോരാട്ടത്തിന്റെ കഥകളെ വാക്കുകളാൽ ഇങ്ങനെ ചുരുക്കുി വിവരിക്കാൻ സാധിക്കും. എന്നാൽ മൈതാനത്തിലെ പന്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ രക്തരൂക്ഷിതമായ യുദ്ധങ്ങളായും മാറിയിട്ടുണ്ട്.
കാലപ്രവാഹത്തിനിടയിലും ആദിമ സ്വരൂപത്തിന്റെ തനിമ ചോരാതെ സൂക്ഷിക്കുന്ന ഫുട്ബോൾ എന്ന കായികവിനോദത്തിന് പകയുടേയും വാശിയുടേയും ചോര മണക്കുന്ന കഥകൾ കൂടി പറയാനുണ്ട്. കളിമൈതാനങ്ങൾ ചോരക്കളമായി മാറിയ കഥകൾ. കളിയുടെ ആവേശം കാണികളെ ഭ്രാന്തിന്റെ ഉന്മാദത്തിലേക്കെത്തിക്കുന്ന കളിക്കളത്തിലെ പോരാട്ടങ്ങൾ മൈതാനത്തിനു വെളിയിലെ കലാപമായി മാറിയ കഥകളും ഫുട്ബോൾ ചരിത്രത്തിൽ ഏറെയുണ്ട്.
1934 ൽ ഇംഗ്ലണ്ടും ഇറ്റലിയും തമ്മിൽ നടന്ന ഹൈബറിയിലെ മത്സരം ഓർമിക്കപ്പെടുന്നത് കളിക്കു ശേഷം ആ മൈതാനത്ത് അന്ന് ബാക്കിയായ ചോര തുള്ളികളുടെ പേരിലാണ്. ലോകകപ്പ് വിജയം ആഘോഷിക്കുവാൻ വേണ്ടി നടത്തിയ ആ സൗഹൃദമത്സരം പല്ലും നഖവും ഉപയോഗിച്ചുള്ള ഇംഗ്ലണ്ട് ഇറ്റലി യുദ്ധം തന്നെയായിരുന്നു. തൊണ്ണൂറു മിനിറ്റുകൾക്ക് ശേഷം ചോരയൊലിപ്പിച്ചും മുടന്തിയുമായിരുന്നു അന്ന് കളിക്കാർ മൈതാനം വിട്ടത്. കളി നിയന്ത്രിച്ച റഫറിമാർക്കു പോലും ചോരയൊലിപ്പിക്കേണ്ടി വന്ന യുദ്ധത്തിൽ അന്നത്തെ ലോക ജേതാക്കളായി എത്തിയ ഇറ്റലിയെ ഇംഗ്ലണ്ട് 3-2 ന് തകർത്തു. പക്ഷെ ഈ മത്സരം ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് മൈതാനത്ത് ചിന്തിയ ചോരയുടെ പേരിലാണ്.
Also Read: നിക്കരാഗ്വെയില്‍ ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന് മുൻ മന്ത്രി റെനെ റമീറ്റസ് ഗെലയിസ്
അന്ന് ഈ മത്സരം റിപ്പോർട്ട് ചെയ്ത ലണ്ടനിലെ ടൈംസ് പത്രത്തിന്റെ തലവാചകം ഇങ്ങനെയായിരുന്നു. ഇംഗ്ലണ്ട് യുദ്ധം ജയിച്ചു. തൊട്ടുതാഴെ സ്പോർട്സ് ലേഖകൻ എന്നതിനു പകരം യുദ്ധകാര്യ ലേഖകൻ എന്നായിരുന്നു എഴുതിയിരുന്നത്. അമ്പതിനായിരം ആളുകളെ ദൃക് സാക്ഷിയാക്കിയ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ഈ പൊരാട്ടത്തെ കാലത്തിന്റെ ഓർമത്താളുകളിൽ ബാറ്റിൽ ഓഫ് ഹൈബറി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാറ്റിൽ ഓഫ് ഹൈബറി കഴിഞ്ഞ് ഇരുപതു വർഷങ്ങൾക്കു ശേഷം 1954ൽ വീണ്ടും മൈതാനം യുദ്ധക്കളമായി മാറി. ഫുട്ബോൾ ചരിത്രത്തിൽ ബേണിലെ യുദ്ധം എന്ന് രേഖപ്പെടുത്തിയിരുിക്കുന്ന ബ്രസീലും ഹംഗറിയും തമ്മിലുള്ള മത്സരം. ഫുട്ബോൾ വേൾഡ് കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട മത്സരമായിരുന്നു അന്ന് ബേണിൽ നടന്നത്. ആ മത്സരം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളിൽ പലരും മൈതാനത്ത് നടന്ന കളിയെ ബോക്സിങ്ങിനോടാണ് ഉപമിച്ചത്.
ബ്രസീലിന്റെ നിൽറ്റൺ സാന്റോസും ഹംഗറിയുടെ ബോസിക്കും അക്ഷരാർത്ഥത്തിൽ ഗ്രൗണ്ടിൽ മുഷ്ടി യുദ്ധം തന്നെ നടത്തി. ഫ്രെങ്ക് പുഷ്കാസ് നയിച്ച മാജിക്കൽ ‘മഗ് യാർസ്’ എന്നറിയപ്പെട്ട ഹംഗറി ടീമിനെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ ബ്രസീൽ ടീം പക്ഷെ അന്നത്തെ മത്സരത്തിൽ 4-2 ന് പരാജയപ്പെട്ടു. 13 കളിക്കാർക്കാണ് മത്സരത്തിൽ പരുക്ക് പറ്റിയത്. മത്സരത്തിനു ശേഷം പരാജയത്തിന്റെ കയ്പുനീർ കുടിച്ച ബ്രസീൽ കളിക്കാർ അത് മറക്കുന്നതിനായി ഹംഗറിയുടെ ഡ്രെസിങ് റൂമിലേക്ക് ഇരച്ചുകയറി കണ്ണി്ൽ കണ്ടെവരെയെല്ലാം അവർ തങ്ങളുടെ മുഷ്ടി പ്രയോഗത്തിനിരയാക്കി.
അന്നത്തെ മത്സരം നിയന്ത്രിച്ച റഫറി അർതർ എല്ലിസ് താൻ ജീവിതത്തിൽ കണ്ട ഏറ്റവും വൃത്തികെട്ട മത്സരം എന്നാണ് ബ്രസീൽ – ഹംഗറി പോരിനെ വിശേഷിപ്പിച്ചത്.
ഒരു ദശാബ്ദത്തിനു ശേഷം 1964 ൽ വീണ്ടും ഫുട്ബോൾ മൈതാനത്ത് ചോരയൊഴുകുകയുണ്ടായി. പക്ഷെ ഇത്തവണ അത് കളിക്കാരുടേതായിരുന്നില്ല പകരം ആരാധകരുടേതായിരുന്നു. അക്കാലത്തെ ബദ്ധവൈരികളായ അർജന്റീനയും പെറുവും തമ്മിലുള്ള ഒളിംബിക്സ് യോഗ്യതാ മത്സരം. റഫറിയുടെ തെറ്റായ തീരുമാനം ആരാധകരെ രോഷാകുലരാക്കി മാറ്റി, അവർ മൈതാനത്തേക്ക് പാഞ്ഞിറങ്ങി. പൊലീസിനു മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല, അവേശത്താൽ രോഷാകുലരായ ആരാധകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ചിതറിയൊടിയവർ താഴെ വീണവരെ ചവിട്ടിയരച്ചു. പുറത്തേക്കുള്ള വാതിലുകളുടെ ഇടയിൽ കുടുങ്ങി ആന്തരിക രക്തസ്രാവം സംഭവിച്ചും ശ്വാസം മുട്ടിയും ആളുകൾ ആ സ്റ്റേഡിയത്തിനുള്ളിൽ മരിച്ചു വീണു. ആവേശവും ക്രോധവും അന്ന് അവിടെ ബാക്കി വെച്ചത് മൂന്നുറ്റി പതിനെട്ട് മൃതശരീരങ്ങളായിരുന്നു.
കളിക്കളത്തിലെ ആവേശം മൈതാനത്തെ കൊലയറകളാക്കി മാറ്റിയ സംഭവങ്ങൾ ഫുട്ബോൾ ചരിത്രത്തിൽ അനേകം. കളിയുടെ ആവേശം ഉച്ചസ്ഥായിയിലെത്തുമ്പോൾ അത് ഭ്രാന്തമായ ഉന്മാദവസ്ഥയിലേക്ക് കളിക്കാരേയും കാണികളേയും എത്തിക്കുന്നത് മാത്രമല്ല കളികളത്തെ കൊലയറകളാക്കി മാറ്റിയത്. കളിമൈതാനത്ത് ചോരതെറിക്കുന്നതിന് രാഷ്ട്രീയത്തിനും ദേശീയതക്കും പങ്കണ്ട്. രാഷ്ട്രീയ സമരങ്ങൾക്കും ഫുട്ബോൾ എന്ന കായികവിനോദം ഉപാധിയായിട്ടുണ്ട്. ചെറുത്തുനിൽപ്പിന്റേയും അടിച്ചമർത്തലിന്റെയും കഥകളും ഫുടേബോൾ മൈതനങ്ങൾക്ക് പറയാനുണ്ട്.
ചിലിയൻ സോഷ്യലിസത്തെ ഓർമിപ്പിച്ച പാബ്ലോ നെരൂദ സ്റ്റേഡിയത്തെ വലതുപക്ഷ തീവ്ര ദേശീയതയുടെ ചീഹ്നമാക്കി പിനോഷെ ഭരണകൂടും മാറ്റുകയുണ്ടായി. ഫുട്ബോൾ മത്സരത്തിന്റെ അതേ പ്രതീതിയിൽ മനുഷ്യകുരുതി നടത്തുവാനുള്ള താവളമായി പാബ്ലോ നെരൂദ സ്റ്റേഡിയം മാറി.
മത്സരത്തിന്റെ ആവേശം അലതല്ലുന്ന ഗാലറിയിൽ കാണികളായി എത്തിയത് വലതുപക്ഷ പ്രവർത്തകരായിരുന്നു. സ്റ്റേഡിയത്തിനുള്ളിൽ ഇടതുപക്ഷക്കാരെ പട്ടാളം പീഡിപ്പിക്കുന്നത് ബാൻഡു മേളത്തിന്റെ അകമ്പടി സംഗീതം സൃഷ്ടിച്ചായിരുന്നു സ്റ്റേഡിയത്തിലെത്തിയ പിനോഷെ അനുഭാവികൾ ആസ്വദിച്ചത്. അഞ്ഞൂറോളം ഇടതുപക്ഷ പ്രവർത്തകരെ സ്റ്റേഡിയത്തിനുള്ളിൽ കൊലചെയ്യുന്നത് തത്സമയം ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
കലാപത്തിന്റേയും മരണത്തിന്റേയും ഗന്ധമുള്ള കഥകൾ ഫുട്ബോളിന് ഇനിയും പറയാനുണ്ട്. പത്രകടലാസുകൾ നൂലൂകൊണ്ട് വരിഞ്ഞുകെട്ടിയും, സോക്സുകൾ ചുരുട്ടിക്കൂട്ടി പന്താക്കിയും ഫുട്ബോൾ കളിക്കുന്ന മനുഷ്യരെ ലോകത്തിന്റെ ഏതു തെരുവുവീഥിയിലും കാണാം. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട പാട്ടകൾ കാലുകൊണ്ട് തട്ടിയകറ്റുവാൻ പ്രേരിപ്പിക്കുന്ന ഫുട്ബോളിന്റെ ആദിമ രൂപം ഏതൊരു മനുഷ്യന്റെ സത്വത്തിലും ദർശിക്കാൻ സാധിക്കും. അതിനാൽ തന്നെയാണ് ലോകചരിത്രത്തിൽ ഫുട്ബോളിന്റെ കഥകൾ വീറും വികാരവുമായി രേഖപ്പെടുത്തപ്പെടുന്നതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here