
രാജ്യം ഭരിക്കുന്ന ആർഎസ്എസ്-ബിജെപി ‘എമ്പുരാൻ’ എന്ന സിനിമക്കെതിരെ ഉയർത്തിയ ഭീഷണിയും അക്രമവും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെയെല്ലാം അങ്ങേയറ്റം ആശങ്കപ്പെടുത്തിയതാണെന്ന് കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ. അക്രമിച്ചും ഭീഷണിപ്പെടുത്തിയും കലാപ്രവർത്തകരെ പിന്മാറ്റുന്ന പ്രവർത്തനം ഇവിടെ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നവഫാസിസത്തിൻ്റെ ശരിയായ ലക്ഷണമാണെന്നും അവർ അഭിപ്രായപ്പെട്ടു.
നിലവിൽ അവിടെന്നും കടന്ന് സിനിമാപ്രവർത്തകർക്കു നേരെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ അഴിച്ചു വിട്ടിരിക്കുകയാണ്. എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിൽ പ്രധാനിയായ ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരിക്കുന്നു. സിനിമയുടെ സംവിധായകനും നടനുമായ പൃഥിരാജിന് ഇൻകംടാക്സ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഭീഷണി നോട്ടീസ് കിട്ടി. മറ്റൊരു നിർമ്മാതാവായ ആൻ്റണി പെരുമ്പാവൂരും ഭീഷണിയിലാണ്. സിനിമ എന്ന മഹത്തായ ജനകീയ കലയെ വരുതിയിലാക്കാനുള്ള ശ്രമമാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടക്കുന്നത്. സിനിമക്കെതിരായ അക്രമത്തെ പാർലിമെൻ്റിൽ അപലപിച്ചതിൻ്റെ പേരിൽ ജോൺ ബ്രിട്ടാസ് എംപിക്കു നേരെ സംഘപരിവാർ വളണ്ടിയർമാർ വധഭീഷണി വരെയുണ്ടായി.
എമ്പുരാൻ സിനിമ, രാജ്യത്തെ ദളിത് /പിന്നാക്ക / ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കു നേരെ സംഘപരിവാർ നടത്തുന്ന വംശീയാക്രമണങ്ങൾക്കെതിരായ ഒരു താക്കീതായാണ് ഭവിച്ചത്. ഇത്തരം അക്രമണങ്ങൾ അതതു സമൂഹങ്ങളിലെ സ്ത്രീകളയും കുഞ്ഞുങ്ങളേയുമാണ് പ്രധാനമായും ലക്ഷ്യം വെച്ചതെന്നും ആ സിനിമ സൂചിപ്പിക്കുന്നു. ലോകത്തിനു മുന്നിൽ ഇന്ത്യൻ സംസ്കാരത്തെ അപമാനപ്പെടുത്തിയ സംഭവമായിരുന്നു 2002 ലെ ഗുജറാത്ത് വംശഹത്യ. ഒരു മതത്തിൽ വിശ്വസിച്ചു ജീവിക്കുന്നു എന്ന കുറ്റത്തിന് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിനു ജനങ്ങളാണ് അക്രമണത്തിനിരയായി കൊല്ലപ്പെടത്. ലോകചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത അന്ന് അവിടെ അഴിഞ്ഞാടി.
വിഭജനകാലത്തെ വർഗ്ഗീയകലാപങ്ങൾ പോലെ ഗാന്ധിവധം പോലെ ഗുജറാത്തിലെ മുസ്ലീം വംശഹത്യ വേദനാജനകമായ ഒരു ഇന്ത്യൻ അനുഭവമാണ്. ഒരു ജനതയുടെ അനുഭവത്തെ മറന്നുകൊണ്ട് കലക്കും സാഹിത്യത്തിനും മുന്നോട്ടു പോകാനാവില്ല. തങ്ങളുടെ സാംസ്കാരിക അധിനിവേശത്തിന് തടസ്സമുണ്ടാക്കുന്ന മനുഷ്യാനുഭവങ്ങളെ ആവിഷ്കരിച്ചാൽ തകർത്തുകളയും എന്ന ഭീഷണിയാണ് കലാകാരന്മാർക്കു നേരെ ആർഎസ്എസും അവരുടെ കേന്ദ്രസർക്കാരും നടത്തുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ALSO READ; ബിജെപിയുടെ അടുത്ത ലക്ഷ്യം ക്രിസ്ത്യാനികളും ജൈനരും ബുദ്ധമതക്കാരും: ഉദ്ധവ് താക്കറെ
എം കെ സാനു, ഷാജി എൻ കരുൺ, സച്ചിദാനന്ദൻ, എം മുകുന്ദൻ, എൻ.എസ് മാധവൻ, വൈശാഖൻ, കമൽ, സുനിൽ പി. ഇളയിടം, കെ.പി.മോഹനൻ, അശോകൻ ചരുവിൽ, അജിത, കെ ഇ എൻ, ഗ്രേസി, കെ.ആർ.മീര, ബെന്യാമിൻ, ഇ പി രാജഗോപാലൻ, ഹമീദ് ചേന്ദമംഗലൂർ, പ്രിയനന്ദനൻ, ഏഴാച്ചേരി രാമചന്ദ്രൻ കലാമണ്ഡലം ശിവൻ നമ്പൂതിരി, പ്രഭാവർമ്മ, ഇബ്രാഹിം വേങ്ങര, കരിവെള്ളൂർ മുരളി, കെ പി രാമനുണ്ണി, വി.കെ.ശ്രീരാമൻ, ടി ആർ അജയൻ, പ്രൊഫ എം എം നാരായണൻ, റഫീക് അഹമ്മദ്,അയ്മനം ജോൺ, എൻ.പി.ഹാഫിസ് മുഹമ്മദ്, ശാരദക്കുട്ടി, റോസ് മേരി, ടി.എസ്.ശ്യാംകുമാർ, അഷ്ടമൂർത്തി, എസ് ഹരീഷ്, ടി.ഡി.രാമകൃഷ്ണൻ, മാനസി, ബി.എം.സുഹറ, എം.നന്ദകുമാർ, മുരുകൻ കാട്ടാക്കട, പി.കെ.പോക്കർ, ഇ പി ശ്രീകുമാർ, സുരേഷ് ബാബു ശ്രീസ്ഥ, എസ്.എസ്.ശ്രീകുമാർ, സന്തോഷ് കീഴാറ്റൂർ, ആലങ്കോട് ലീലാകൃഷ്ണൻ, പി എൻ ഗോപീകൃഷ്ണൻ, അൻവർ അലി,വീരാൻ കുട്ടി, ജമാൽ കൊച്ചങ്ങാടി, എം.ആർ.രേണുകുമാർ, മധുപാൽ, മുരളി ചിരോത്ത്, എബി എൻ ജോസഫ്, സി പി അബൂബക്കർ, രാവുണ്ണി, അലോഷി, ശ്രീജ ആറങ്ങോട്ട്കര, വിധു വിൻസൻ്റ്, വിജയകുമാർ, ചെം പാർവ്വതി, സുജ സൂസൻ ജോർജ്, ജി.എസ്.പ്രദീപ്, ടി.പി. വേണുഗോപാലൻ, സുരേഷ് ഒ പി, കെ.രേഖ, മ്യൂസ് മേരി, ബീന ആർ ചന്ദ്രൻ, ജോളി ചിറയത്ത്, പി പി കുഞ്ഞികൃഷ്ണൻ, അലോഷി, ജി.പി രാമചന്ദ്രൻ, പി.കെ.പാറക്കടവ് തുടങ്ങി നിരവധി സാംസ്കാരിക പ്രവർത്തകരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here