ഏഷ്യാനെറ്റിനും ജയ്ഹിന്ദിനും ഒരേ സ്വരം; സർക്കാരിനെതിരെ മാധ്യമ സിൻഡിക്കേറ്റ് എന്ന വിമർശനവുമായി സോഷ്യൽ മീഡിയ

കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെതിരെ മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നു എന്ന വിമർശനവുമായി പി.വി.അൻവറും സോഷ്യൽ മീഡിയയും. ഏഷ്യാനെറ്റ് ന്യൂസിലും കോൺഗ്രസ് ചാനലായ ജയ്ഹിന്ദിലും വന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള വാർത്തയിലെ സാമ്യത ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയകളിൽ വ്യാപക ചോദ്യങ്ങളുയരുന്നത്.

ജയ്ഹിന്ദിലും ഏഷ്യാനെറ്റിലും വള്ളിപുള്ളി തെറ്റാതെയാണ് ഒരേ വാർത്ത വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ തയ്യാറാക്കിയ സ്പെഷ്യൽ റിപ്പോർട്ടിൻ്റെ സ്ക്രിപ്റ്റിൽ ഒരക്ഷരം തെറ്റാതെ എങ്ങനെയാണ് ഒരു പോലെ വന്നത് എന്ന സംശയമാണ് മാധ്യമ സിൻഡിക്കേറ്റ് എന്ന സംശയം സോഷ്യൽ മീഡിയ ഉയർത്താൻ പ്രധാനകാരണം.

രണ്ട് ചാനലുകളിലും വന്ന വാർത്തകളുടെ വീഡിയോ അടക്കം പോസ്റ്റ് ചെയ്താണ് സോഷ്യൽ മീഡിയിൽ ഇതിനെപ്പറ്റി ചർച്ചകൾ നടക്കുന്നത്. പി.വി. അൻവർ എംഎൽഎ അടക്കം ഈ ഇരട്ടപ്പെറ്റ സഹോദരങ്ങളെ പോലെയുള്ള ഈ വാർത്തക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൽ നിന്നാണോ വാർത്ത എഴുതി നൽകിയത് എന്നാണ് അൻവർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

രണ്ട് ഫേസ്ബുക്ക് പോസ്റ്റുകയാണ് അൻവർ ഇതിനെ സംബന്ധിച്ച് പങ്കുവെച്ചിട്ടുള്ളത്. വി.ഡി.സതീശന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടക്കുന മാധ്യമ ഗൂഢാലോചനയുടെ തെളിവുകൾ പുറത്ത്‌ വിടും എന്ന് പറഞ്ഞിരുന്നു. അതിനുള്ള തെളിവുകളാണ് ഈ വീഡിയോയിൽ ഉള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് അൻവറിൻ്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്.

സർക്കാരിനെതിരെ ഇത്തരത്തിൽ വാർത്ത നൽകാൻ കൂലി എത്ര കിട്ടി എന്നും, ഇപ്പോൾ എത്രയാണ് ഇതിനൊക്കെ റേറ്റ് എന്നും അൻവർ പരിഹസിക്കുന്നുണ്ട്.ഇതി നൊക്കെ ഏഷ്യാനെറ്റ് ,ജയ് ഹിന്ദ് ചാനൽ മാനേജ്മെൻ്റുകൾ മറുപടി നൽകണം എന്നും അൻവർ പറഞ്ഞു. അതേ സമയം, പട്ടണപ്രവേശം എന്ന സിനിമയിലെ തിലകനും ശ്രീനിവാസനും അഭിനയിച്ച പ്രസ്ത രംഗത്തിലെ “എൻ്റെയും ചേട്ടൻ്റെയും ശബ്ദം ഒരു പോലെ ഇരിക്കുന്നു ”എന്ന ഡയലോഗ് ഉപയോഗിച്ച് ട്രോളർമാരും ഈ വാർത്തകൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്

പ്രതിപക്ഷ നേതാവിന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ഒരു ക്രിമിനൽ മാധ്യമ സംഘം പ്രവർത്തിക്കുന്നുണ്ട്‌.സർക്കാരിനെതിരെ ഈ കേന്ദ്രത്തിൽ നിന്നാണു വാർത്തകൾ തയ്യാറാക്കി വിതരണം ചെയ്യുന്നത്‌.ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിർന്ന മാപ്രകൾ ഈ നാട്ടിലുണ്ട്‌.
ഏഷ്യാനെറ്റിൽ,മനോരമയിൽ, മാതൃഭൂമിയിൽ, എന്ന് വേണ്ട കേരള കൗമുദിയിൽ വരെ ഈ മാഫിയാ സംഘം വേരുറപ്പിച്ചിട്ടുണ്ട്‌ എന്നാണ് അൻവർ തൻ്റെ കുറിപ്പിൽ പറയുന്നത്.

എഴുതി നൽകിയ സ്ക്രിപ്റ്റിലെ ഒരു വാക്ക്‌ പോലും മാറിയിട്ടില്ല. നാലഞ്ച്‌ ദിവസം മുൻപ്‌,സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ വേളയിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘം സർക്കാരിനെതിരെ ഒരു സ്ക്രിപ്റ്റ്‌ തയ്യാറാക്കി അതാത്‌ മാധ്യമ സ്ഥാപനങ്ങളിലുള്ള തങ്ങളുടെ മാഫിയാ സംഘാംഗങ്ങളെ ഏൽപ്പിച്ചു.പലരും ഡയലോഗുകൾ മാറ്റി എഴുതി വായിച്ചെങ്കിലും,ഏഷ്യാനെറ്റും ജയ്‌ഹിന്ദും അതിന് പോലും ശ്രമിച്ചില്ല എന്നും അൻവർ തൻ്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

വാങ്ങുന്ന കാശിന് മാന്യമായി പണിയെടുക്കണം മാപ്രകളെ എന്നും കുറിപ്പിലൂടെ അവൻ വർ പരിഗസിച്ചു. അൻവർ കുറിപ്പിഇങ്ങനെ ഈച്ചകോപ്പി ഇറക്കി പറയിപ്പിക്കരുത്‌ എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.മറുപടി പറയേണ്ടത്‌ ഏഷ്യാനെറ്റിന്റെയും ജയ്‌ഹിന്ദിന്റെയും മാനേജ്‌മെന്റാണ്, ഒപ്പം
പ്രതിപക്ഷ നേതാവിന്റെ ഓഫീസും എന്നും അൻവർ ഫേസ് ബുക്കിൽ കുറിപ്പിൽ കൂട്ടിച്ചേർത്തു.

പി.വി.അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂർണ്ണരൂപം

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ & ജയ്‌ഹിന്ദ്‌ ചാനൽ മാനേജ്‌മെന്റിനോടാണ്..
സർക്കാരിനെതിരെ ചെയ്ത ഈ സ്പെഷ്യൽ റിപ്പോർട്ടിന്റെ സ്ക്രിപ്റ്റ്‌ രണ്ടും എങ്ങനെയാണ് ഒരേ പോലെ വന്നത്‌?
രണ്ട്‌ ചാനലിലും ഒരേ എഡിറ്റോറിയൽ ബോർഡാണോ.?!
അതോ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്ന് വാർത്ത തന്നത്‌ എഡിറ്റിംഗ്‌ ഒന്നും വരുത്താതെ അതേ പോലെ അങ്ങ്‌ എയർ ചെയ്തതാണോ.?!
ഇതൊക്കെ അവിടെ നിൽക്കട്ടെ,
ഈ പണിക്ക്‌ എന്ത്‌ കിട്ടി കൂലി.?!
ഇതിനൊക്കെ എങ്ങനെയാണ് ഇപ്പോൾ റേറ്റ്‌.?!
മറുപടി പറഞ്ഞേ തീരൂ..


“വി.ഡി.സതീശന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ മാധ്യമ ഗൂഡാലോചന;തെളിവുകൾ പുറത്ത്‌ വിടും”എന്ന് പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ഒരു ക്രിമിനൽ മാധ്യമ സംഘം പ്രവർത്തിക്കുന്നുണ്ട്‌.സർക്കാരിനെതിരെ ഈ കേന്ദ്രത്തിൽ നിന്നാണു വാർത്തകൾ തയ്യാറാക്കി വിതരണം ചെയ്യുന്നത്‌.ഇതിന് കൃത്യമായ മാസപ്പടി വാങ്ങുന്ന മുതിർന്ന മാപ്രകൾ ഈ നാട്ടിലുണ്ട്‌.
ഏഷ്യാനെറ്റിൽ,മനോരമയിൽ,
മാതൃഭൂമിയിൽ,എന്ന് വേണ്ട കേരള കൗമുദിയിൽ വരെ ഈ മാഫിയാ സംഘം വേരുറപ്പിച്ചിട്ടുണ്ട്‌.കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത്‌,പ്രതിപക്ഷ നേതാവ്‌ അവതരിപ്പിച്ച ഒരു അവിശ്വാസ പ്രമേയം പോലും എഴുതികൊടുത്തത്‌ ഹൗസിംഗ്‌ ബോർഡ്‌ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ അന്തിചർച്ച മാപ്രയും കണ്ണാടി വച്ച അദ്ദേഹത്തിന്റെ ഗുരുനാഥനും കൂടിയാണ്.
അങ്ങനെ അനവധി നിരവധി വിവരങ്ങൾ ലഭ്യമായിട്ടുണ്ട്‌.ആരൊക്കെ,എത്രയൊക്കെ വച്ച്‌ മാസപ്പടി വാങ്ങുന്നുണ്ടെന്നും കൃത്യമായ വിവരം കൈയ്യിലുണ്ട്‌.അത്‌ പിന്നാലെ പുറത്ത്‌ വിടുകയും ചെയ്യും.

ഒരു സാമ്പിൾ ജനങ്ങൾക്ക്‌ മുന്നിൽ സമർപ്പിക്കുന്നു..
സർക്കാരിനെതിരെ ഏഷ്യാനെറ്റും,ജയ്‌ഹിന്ദ്‌ ചാനലും തയ്യാറാക്കി സംപ്രക്ഷേപണം ചെയ്ത പരിപാടികളുടെ വീഡിയോ നമ്മൾക്കൊന്ന് താരതമ്യം ചെയ്യാം.
സ്ക്രിപ്റ്റിലെ ഒരു വാക്ക്‌ പോലും മാറിയിട്ടില്ല..
നാലഞ്ച്‌ ദിവസം മുൻപ്‌,സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ വേളയിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘം സർക്കാരിനെതിരെ ഒരു സ്ക്രിപ്റ്റ്‌ തയ്യാറാക്കി അതാത്‌ മാധ്യമ സ്ഥാപനങ്ങളിലുള്ള തങ്ങളുടെ മാഫിയാ സംഘാംഗങ്ങളെ ഏൽപ്പിക്കുന്നു.പലരും ഡയലോഗുകൾ മാറ്റി എഴുതി വായിച്ചെങ്കിലും,ഏഷ്യാനെറ്റും ജയ്‌ഹിന്ദും അതിന് പോലും ശ്രമിച്ചില്ല.
(വാങ്ങുന്ന കാശിന് മാന്യമായി പണിയെടുക്കണം മാപ്രകളെ.ഇങ്ങനെ ഈച്ചകോപ്പി ഇറക്കി പറയിപ്പിക്കരുത്‌.)
മറുപടി പറയേണ്ടത്‌ ഏഷ്യാനെറ്റിന്റെയും ജയ്‌ഹിന്ദിന്റെയും മാനേജ്‌മെന്റാണ്..
പ്രതിപക്ഷ നേതാവിന്റെ ഓഫീസും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here