
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് അവനവന്റെ തന്നെ പൂർവ്വകാല ചരിത്രം പുറത്തെടുത്തിട്ട് പണി വാങ്ങിക്കുകയാണിപ്പോൾ കോൺഗ്രസ്. ഗോവിന്ദൻ മാഷിന്റെ വാക്കുകളെ വക്രീകരിക്കുമ്പോൾ ഇഴപിരിയാത്ത കോലീബി സഖ്യത്തിന്റെ ചരിത്രത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് കോൺഗ്രസ്.
1991 ൽ നടന്ന ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ബേപ്പൂർ നിയമസഭ മണ്ഡലത്തിലും വടകര ലോക്സഭ മണ്ഡലത്തിലും കോൺഗ്രസ്, ലീഗ്, ബിജെപി എന്ന കോലീബി സഖ്യം ഉടലെടുക്കുന്നത്. ഡോ. കെ മാധവൻകുട്ടി ബേപ്പൂരിലും അഡ്വ. രത്നസിങ് വടകരയിലും ഈ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി അന്ന് മത്സരിച്ചു. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ അന്ന് കൊണ്ടുപിടിച്ച പ്രവർത്തനങ്ങളാണ് കോലീബി നടത്തിയത്. ഇന്ന് സിപിഐ എം വർഗീയ കൂട്ടുകെട്ടുണ്ടാക്കുന്നു എന്ന്പറഞ്ഞ് ആക്രോശിക്കുന്ന കോൺഗ്രസ്സ് തന്നെയാണ് അന്ന് കേവലം തെരഞ്ഞെടുപ്പ് ലാഭത്തിന് എല്ലാ രാഷ്ട്രീയ മര്യാദകളും മറന്ന് വർഗീയ ശക്തികളെ കൂടെകൂട്ടിയത്. ഈ ഘട്ടങ്ങളിലെല്ലാം നിശിതമായ വർഗീയ വിരുദ്ധ നിലപാടുകളാണ് ഇടതുപക്ഷ പാർട്ടികൾ എടുത്തത്.
ALSO READ: നുണക്കൊട്ടാരം ഇനിയും കെട്ടൂ കോണ്‍ഗ്രസേ; ഇടതുപക്ഷത്തെ നിലമ്പൂരിനറിയാം
അന്ന് നടത്തിയ ആ നെറികെട്ട രാഷ്ട്രീയക്കളികൾക്ക് മുന്നിൽ നിന്നത് കോൺഗ്രസിലെയും ലീഗിലെയും ബിജെപിയിലെയും പ്രമുഖ നേതാക്കളായിരുന്നുവെന്നും ഡോ. കെ മാധവൻകുട്ടി തന്നെ വെളിപ്പെടുത്തിയതാണ്. സഖ്യത്തിൽ ഏറ്റവുമധികം പണം വാങ്ങിയത് കോൺഗ്രസ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ കരുണാകരനും പാണക്കാട് തങ്ങളും തുടങ്ങി നിരവധി പ്രമുഖരാണ് ഈ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായെത്തിയത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും കോലീബി സഖ്യം ധാരണയായതോടെ ഇവരെക്കൊണ്ട് പത്രിക പിൻവലിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സ്വതന്ത്രനായി മാധവൻകുട്ടിയെ ഇവിടെ മത്സരിപ്പിച്ചതെന്നും ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. വടകരയിലും ഇങ്ങനെയാണ് മത്സരം നടന്നത്. എന്നാൽ ഈ വർഗീയ കൂട്ടുകെട്ടിനെ ജനങ്ങൾ പടിക്ക് പുറത്തുനിർത്തി . കോലീബി സഖ്യം മത്സരിച്ച ഇടങ്ങളിലെല്ലാം പരാജയപ്പെട്ടു. സിപിഐ എം വിജയിച്ചു. ബേപ്പൂരിൽ ടി കെ ഹംസയും വടകരയിൽ കെ പി ഉണ്ണികൃഷ്ണനുമാണ് അന്ന് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിന് ശേഷം നിരവധി തെരഞ്ഞെടുപ്പിൽ ബി ജെ പി യുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കിയവരാണ് കോൺഗ്രസ്.
1980ൽ ഒ രാജഗോപാല്‍ കാസര്‍കോട് ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് മുന്നണിയിലായിരുന്നു മത്സരിച്ചത്. അന്ന് സിപിഎമ്മിൻ്റെ എം രാമണ്ണറൈയോടാണ് ഒ രാജഗോപാല്‍ തോറ്റത്. നാല് മാസം കഴിഞ്ഞപ്പോൾ ഒ രാജഗോപാൽ ബിജെപി യുടെ സംസ്ഥാന പ്രസിഡണ്ടായി . അന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തിൽ നിന്നുമാണ് കെ ജി മാരാര്‍ കോണ്‍ഗ്രസ് മുന്നണിയില്‍ ജനവിധി തേടിയത്. എന്നാൽ എ കെ ശശീന്ദ്രനോട് കെ ജി മാരാര്‍ 5,890 വോട്ടിന് തോറ്റു.
കോൺഗ്രസ് ആർ എസ്സ് എസ്സ് ബന്ധത്തിൽ പ്രതിഷേധിച്ച് , എ കെ ആൻറണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് വിട്ട് ഇടത്പക്ഷത്തോടൊപ്പം ചേർന്നതും , ആര്യാടൻ മുഹമ്മദ് ഇടത്പക്ഷ മന്ത്രിസഭയിൽ അംഗമായതും കോൺഗ്രസ് വിഴുങ്ങിയെങ്കിലും സോഷ്യൽ മീഡിയ നല്ല വെടിപ്പായി തെളിവുസഹിതം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. രാഷ്ട്രീയ സദാചാരം പറഞ്ഞ് മുറവിളി കൂട്ടുന്ന കോൺഗ്രസിനെ നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി കോൺഗ്രസിന്റെ സ്വന്തം സംഭാവനയാണെന്നും ഓർക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here