
പ്രൊഫ. സച്ചിദാനന്ദനെ വിമർശിച്ച് അവതാരകനും അഡ്വക്കേറ്റുമായ ഗോപകുമാർ മുകുന്ദൻ. പ്രൊഫ. സച്ചിതാനന്ദന് ഈ ഇടതു പക്ഷ ഭരണം ഒഴിയുക എന്നത് നിസാരമായ എന്തോ പുണ്യകർമ്മമായി തോന്നുന്നത് എന്തു കൊണ്ടാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗോപകുമാർ ചോദിച്ചു. കഴിഞ്ഞ 10 കൊല്ലം കൊണ്ട് കേരളത്തിൽ വരുന്ന മാറ്റത്തിന്റെ ഒരു തുടർച്ച ശ്രീ സച്ചിതാനന്ദൻ കാണുന്നില്ലേയെന്നും ഗോപകുമാർ വിമർശിച്ചു.
പ്രൊഫ. സച്ചിതാനന്ദന് ഈ ഇടതു പക്ഷ ഭരണം ഒഴിയുക എന്നത് നിസാരമായ എന്തോ പുണ്യകർമ്മമായി തോന്നുന്നത് എന്തു കൊണ്ടാണ്?. അങ്ങോർക്ക് കൈവന്ന പദവി ഒഴികെ ഇടതു പക്ഷ ബദൽ വരുത്തി തീർക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് സച്ചിതാനന്ദന് തെല്ലുമേ ധാരണയില്ലാത്തതിനാലോ അല്ലെങ്കിൽ അതൊഴികെ അദ്ദേഹം ഒന്നും ഗൗനിക്കാത്തതോ കൊണ്ടാണ് .
കവികളുടെയും ഭാഷാ പണ്ഡിതന്മാരുടേയും ലോകത്ത് സമീപകാലത്ത് കാണുന്ന ഈ അന്യവൽക്കരണം ഒരു ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നമാണ്.
ആദരണീയനായ കവി സച്ചിതാനന്ദൻ്റെ ശ്രദ്ധയിലേയ്ക്ക് ചില കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ ! കഴിഞ്ഞ 10 കൊല്ലം കൊണ്ട് കേരളത്തിൽ വരുന്ന മാറ്റത്തിന് ഒരു തുടർച്ചയുണ്ട് ശ്രീ സച്ചിതാനന്ദൻ. തൊഴിലിലും കൂലിയിലും വരുന്ന മാറ്റത്തെ കുറിച്ചൊരു പഠനം സമീപ കാലത്ത് വന്നിരുന്നു. അങ്ങ് ശ്രദ്ധിച്ചിരിക്കില്ല. കാൽപ്പനിക സൗന്ദര്യമൊന്നും അതിനുണ്ടാകില്ല. ചുരുക്കം ഇതാണ്.
ALSO READ: ഇടുക്കി ഗവ. ആയുര്‍വേദ മെഡി. കോളേജ് യാഥാര്‍ഥ്യത്തിലേക്ക്; ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനവും ഒ പി ആരംഭവും നാളെ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
2018- 2019 മുതൽ 2023- 24 വരെയുള്ള കാലത്ത് കേരളത്തിൽ ശമ്പളത്തൊഴിലുകൾ ചെയ്യുന്നവരുടെ ചേരുവ 6.2 ശതമാനം കണ്ട് ഉയർന്ന് 39 ശതമാനമായി മാറി. ദേശീയ തലത്തിലാകട്ടെ 2 ശതമാനം ഇടിവ് വന്ന് ശമ്പള തൊഴിലുകളുടെ ചേരുവ 23 ശതമാനമായി മാറി. സ്വയം തൊഴിലിൻ്റെ ചേരുവയാകട്ടെ 38 ശതമാനത്തിൽ നിന്നും 40.5 ശതമാനമായി വർദ്ധിച്ചു. അതേ സമയം കാഷ്വൽ തൊഴിലുകളുടെ ചേരുവയിൽ 8.1 ശതമാനത്തിൻ്റെ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. മാഷിന് ഇതിൻ്റെ ഒരു പ്രാധാന്യം പിടികിട്ടുന്നുണ്ടോ എന്നെനിക്കറിയില്ല. ദേശവ്യാപകമായി തൊഴിലിൻ്റെ ഇൻഫോർമലൈസേഷൻ നിറഞ്ഞാടുന്ന കാലത്ത് കേരളം കൈവരിക്കുന്ന ഈ മാറ്റത്തിൻ്റെ ഡ്രൈവിങ് ഫാക്ടറുകൾ അങ്ങ് ഒന്നാലോചിക്കണം എന്ന് അപേക്ഷിക്കുകയല്ലേ വഴിയുള്ളൂ! വേതനം ദേശീയ ശരാശരിയുടെ 1.3 മടങ്ങ് ഉയർന്നതുമാണ്.
കാർഷികേതര മേഖലയിൽ വരുന്ന മാറ്റമാണ് ഈ നേട്ടത്തിന് ആധാരം എന്നും India Ratings & Research ൻ്റെ പഠനം വ്യക്തമാക്കുന്നുണ്ട്. കേരളം കഴിഞ്ഞ 10 കൊല്ലമായി കൺസിസ്റ്റൻസിയോടെ കേരളത്തിൻ്റെ ക്രിട്ടിക്കൽ ഇൻഫ്രാ സ്ട്രക്ച്ചറിൽ നടത്തുന്ന നിക്ഷേപവും മുതൽമുടക്കും വരുത്തി തുടങ്ങിയ മാറ്റമാണ് ഈ പ്രതിഫലിക്കുന്നത്. കേരളത്തിൻ്റെ ടോപോഗ്രഫിയ്ക്കും കാലാവസ്ഥാ പ്രത്യേകതകൾക്കും ഭൂമിയുടെ സ്കേർസിറ്റിയും മാനവ വിഭവ ശേഷിയുടെ സമ്പന്നതയിലും ഊന്നുന്ന ഒരു നവീന വ്യവസായ / ബിസിനസ് അന്തരീക്ഷം പ്രൊഫ. സച്ചിതാനന്ദൻ കാണുന്നുണ്ടോ എന്നറിയില്ല. സ്റ്റാർട്ട് അപ് ഇക്കോ സിസ്റ്റം, ടാലൻ്റ് പൂൾ കേന്ദ്രീകരണം, ഇവിടെ സംരംഭം തുടങാൻ ഇങ്ങോട്ടേയ്ക്ക് തിരികെ വരുന്ന, നമ്മുടെ പ്രവാസി സമൂഹം ഇതെല്ലാം ഈ കൺസിസ്റ്റൻ്റായ പരിശ്രമങ്ങളുടെ പ്രതിഫലനമാണ് എന്നു മനസിലാകാത്തയാളാണോ സച്ചിതാനന്ദൻ ?
National Crime Records ബ്യൂറോയുടെ 2023 – 2024 ലെ കണക്കുകൾ വന്നിട്ടുള്ളത് സച്ചിതാനന്ദൻ അറിഞ്ഞിട്ടുണ്ടോ എന്നത് നിശ്ചയമില്ല. വർഗ്ഗീയ കലാപം ഇല്ലാത്ത നാടാണ് കേരളം . ഓർക്കണം, ടാലൻ്റ് പൂൾ സർവ്വേയിൽ കേരളത്തിലേയ്ക്ക് മടങ്ങാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്നായി കണ്ടെത്തിയത് ” സമാധാനം” ആയിരുന്നു എന്നു അങ് മനസിലാക്കണം. അതിനു അടിയുറച്ച സെക്കുലർ നിലപാടുകളുമായി വലിയ ബന്ധമുണ്ട് എന്ന് അങ്ങയോട് പറയേണ്ടതില്ലല്ലോ?.
അങ്ങ് സമയം കിട്ടിയാൽ ചുറ്റിലുമുള്ള പള്ളിക്കൂടങ്ങളിലും ആശുപത്രികളിലും ഒന്നു പോയി നോക്കണം. ഒരു ദശാബ്ദം മുമ്പ് നിങ്ങൾ കേരളത്തിൽ വന്നിരുന്നോ എന്ന് എനിക്കറിയില്ല. എന്നിരിക്കിലും കേട്ട ഓർമ്മ ഉണ്ടാകണമല്ലോ? എന്നിട്ട് കണ്ണടച്ച്, കൈകൂപ്പി ഒന്നു മനനം ചെയ്യണം. എന്തു മാറ്റമാണ് വന്നത് എന്നു മനസിലാകും. കോഴിക്കോട് പോയാൽ മലാപ്പറമ്പിലെ ആ സ്കുളുകളിൽ പോകണം. ഏതെങ്കിലുമൊക്കെ ആശുപത്രികളിലും. അങ്ങ് താമസിക്കുന്നതിന് നാലയലത്തെവിടെയെങ്കിലും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ ഉണ്ടോ എന്നത് അറിയില്ല. ആരെയെങ്കിലും കണ്ടൊന്ന് ചോദിക്കണം താങ്കളെ പോലെ അലസമായി അവസാനിപ്പിക്കേണ്ട ഒന്നാണ് കേരളത്തിലെ ഇടതുപക്ഷ ഭരണം എന്ന അഭിപ്രായം അവർക്കുണ്ടോ എന്നു ചോദിക്കണം. എറണാകുളം വഴി വന്നാൽ ആ ബ്രഫ്മപുരത്തുകാരോടു ചോദിക്കണം. പള്ളുരിത്തിയിൽ പോയാൽ ആ തട്ടമിട്ട സ്കൂൾ കുട്ടിയോട് ചോദിക്കണം. തിരുവനന്തപുരത്തു പോയാൽ വിഴിഞ്ഞത്തെ കുറിച്ചു ചോദിക്കണം. കണ്ണ് തുറന്ന് ഒന്നു കാണുക എങ്കിലും വേണം.
യൂണിയൻ സർക്കാർ ഉപരോധ സമാനമായ സാമ്പത്തിക വിവേചനം അടിച്ചേൽപ്പിക്കുന്ന കഥ അങ്ങയുടെ സാഹിത്യ വ്യാപാരത്തിൻ്റെ തിരക്കിൽ ശ്രദ്ധിച്ചിട്ടുണ്ടോ എന്തോ ? അതൊന്നും തങ്ങളുടെ പ്രശ്നമല്ല എന്നാണോ?, ഇന്ത്യൻ ഫെഡറൽ ഘടനയിൽ യൂണിയൻ ട്രാൻസ്ഫർ എന്ന ഭരണഘടനാ അവകാശം തടഞ്ഞു വെയ്ക്കുന്നത് വേണ്ടെന്നു വെച്ച് സംസ്ഥാനത്തിനു പ്രവർത്തിക്കാനാകും എന്ന് ശ്രീ സച്ചിതാനന്ദൻ കരുതുന്നുണ്ടോ? അതിൻ്റെ അളവോ വ്യാപ്തിയോ സംബന്ധിച്ച് സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ്റെ ധാരണ എന്താണെന്ന് അറിയില്ല. വളരെ പ്രധാന പങ്ക് വരും മാഷേ അത്.
PM – USHA എന്നു നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾക്കു ബന്ധമുള്ള മേഖല ഉന്നത വിദ്യാഭ്യാസമാണല്ലോ? അതും നിങ്ങൾ പറയുന്ന NEP യുടെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസത്തെ RSS കാരെ കൊണ്ട് നേരിട്ടു നടത്താൻ ഗവർണർമാർ കൊണ്ടു പിടിച്ചു പണിയെടുത്തപ്പോൾ നിങ്ങൾ എന്തെങ്കിലും ശബ്ദമുണ്ടാക്കിയിരുന്നോ? എന്നാൽ നിങ്ങൾ ഇവിടെ വേണ്ട എന്നു പറയുന്ന ലെഫ്റ്റ് ഗവൺമെൻ്റ് എല്ലാ വഴിയിലും അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് നിങ്ങൾക്കറിയാമോ?. കാൽപ്പനിക ഭ്രമമോ ക്ഷിപ്ര വികാരമോ കൊണ്ട് ഇന്ത്യൻ സ്ഥിതിയിൽ ഇടതുപക്ഷ ബദൽ നടത്തിക്കളയാൻ ഇത് അക്കാദമി നടത്തുന്ന ലിറ്റററി ഫെസ്റ്റിവൽ അല്ല സർ.ക്ഷമിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

