സോണിയ ഗാന്ധി വിഷകന്യ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ ബസനഗൗഡ

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ ബസനഗൗഡ. സോണിയ ഗാന്ധി ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റായി പ്രവര്‍ത്തിച്ച ആളാണെന്നും അവര്‍ ഒരു വിഷകന്യയല്ലേയെന്നുമാണ് ബസനഗൗഡ ചോദിച്ചത്.

കര്‍ണാടകയിലെ കോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ബസനഗൗഡ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലോകം മുഴുവന്‍ അംഗീകരിച്ച നേതാവാണ് മോദി, ഒരിക്കല്‍ വിസ നിഷേധിച്ച അമേരിക്ക പിന്നീട് അദ്ദേഹത്തിന് അത് നല്‍കി. ഇപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ മൂര്‍ഖന്‍ പാമ്പിനോടാണ് താരതമ്യം ചെയ്യുന്നത്. അദ്ദേഹം വിഷം ചീറ്റുമെന്നാണവര്‍ പറയുന്നത്. സോണിയ ഗാന്ധി ഒരു വിഷകന്യയല്ലേ? അവര്‍ ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റായിരുന്നു,’ ബസനഗൗഡ പറഞ്ഞു.

മോദി ഒരു വിഷസര്‍പ്പത്തെ പോലെയാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ബസനഗൗഡയുടെ പ്രതികരണം. മോദി ഒരു വിഷസര്‍പ്പത്തെ പോലെയാണെന്നും അത് വിഷമാണോ അല്ലയോ എന്ന സംശയത്തില്‍ രുചിച്ച് നോക്കാന്‍ നിന്നാല്‍ നിങ്ങള്‍ മരിച്ച് പോകുമെന്നുമായിരുന്നു ഖാര്‍ഗെ പറഞ്ഞത്.

എന്നാല്‍ മോദിയെയല്ല ബിജെപിയുടെ ആശയത്തെയാണ് താന്‍ വിഷപ്പാമ്പിനോട് ഉപമിച്ചതെന്ന് വ്യക്തമാക്കി ഖാര്‍ഗെ പിന്നീട് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുമായി ആശയപരമായി വ്യത്യാസമുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും ആരെയെങ്കിലും വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയ ബിജെപി അത് തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News