‘വീണ്ടും വീണ്ടും റെക്കോഡുകൾ’; പ്രോട്ടീസിന് ഇത് സിമ്പിള്‍ കാര്യം

ഓരോ ലോകകപ്പിലും മികച്ച ടീം ലൈനപ്പുമായി വരുന്ന സംഘമായിരിക്കും ദക്ഷിണാഫ്രിക്ക. ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന് പറയുന്നതുപോലെ ബാറ്റിങ് ആകട്ടെ, ഓൾ റൗണ്ടർമാർ ആകട്ടെ, ബൗളർമാർ ആകട്ടെ, എല്ലാവരും ഒന്നിനൊന്ന് മികച്ചവരായിരിക്കും. ഡുമിനിയും സ്‌മിത്തും കാല്ലിസും ഡി വില്ലിയേഴ്‌സും സ്റ്റെയ്‌നും മക്കായ എൻ്റിനിയും അടക്കമുള്ള ലോക ഒന്നാം നമ്പർ നിര തന്നെ ഉണ്ടായിട്ടും പക്ഷേ, പ്രോട്ടീസിന് ഇന്നേവരെ ഒരു ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. 2015ൽ ലോകകപ്പ് നേട്ടത്തിൻ്റെ അടുത്തുവരെ എത്തിയെങ്കിലും, ഈഡൻ പാർക്കിൽ പക്ഷേ അവരുടെ കണ്ണീർ വീഴാനായിരുന്നു വിധി.

പക്ഷേ ദക്ഷിണാഫ്രിക്ക അങ്ങനെ എല്ലായ്പ്പോഴും വെറുതെ വന്നുപോകുന്നവരല്ല. വന്നുകഴിഞ്ഞാൽ എന്തെങ്കിലും റെക്കോഡ് ഉറപ്പാണ്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ നടന്ന കളിയിലും രണ്ട് റെക്കോഡുകളാണ് പ്രോട്ടീസ് പട നേടിയെടുത്തത്.

ഒരു കളിയിൽ രണ്ട് റെക്കോഡുകൾ !

ALSO READ: ഒറ്റ ട്രെയിൻ യാത്രയിൽ കാണാം രണ്ട് സംസ്ഥാനങ്ങൾ; സഞ്ചാരികൾക്ക് അമ്പരപ്പിക്കുന്ന പാക്കേജുമായി റെയിൽവേ

2023 ലോകകപ്പിലെ നാലാം മാച്ചായിരുന്നു ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലേത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത സൗത്ത് ആഫ്രിക്ക 5 വിക്കറ്റ് നഷ്‌ടത്തിൽ 428 റൺസ് ആണ് എടുത്തത്. നിരനിരയായി വന്ന മൂന്ന് ബാറ്റ്‌സ്‌മാന്‍മാരുടെ; ക്വിൻ്റൻ ഡീ കോക്ക്, വാൻ ഡേർ ഡസ്സെൻ, ഐഡൻ മാർക്രം; സെഞ്ചുറികളാണ് സ്കോർ 428ലെത്തിച്ചത്. ഏകദിന ലോകകപ്പുകളിലെ ഏറ്റവും ഉയർന്ന ടീം സ്കോർ ആണ് ദക്ഷിണാഫ്രിക്ക ഇന്നലെ ശ്രീലങ്കയ്ക്കെതിരെ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് അത്തരത്തിൽ ഒരു റെക്കോഡ് കൂടി !

മറ്റൊന്ന് കൂടിയുണ്ട്. ഡീ കോക്കിനും വാൻ ഡേർ ഡസ്സെനും ശേഷം സെഞ്ച്വറി നേടിയ ഐഡൻ മാർക്രം, വെറും 49 ബോളിലാണ് തൻ്റെ നേട്ടം കൈവരിച്ചത്. ഒരു ലോകകപ്പിലെത്തന്നെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് മാർക്രമിൻ്റേത്. ഇതിന് മുൻപ് ഈ റെക്കോഡ് അയർലൻഡ് താരം കെവിൻ ഒബ്രെയിനിൻ്റെ പേരിലായിരുന്നു. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 50 ബോളിലാണ് ഒബ്രെയിൻ സെഞ്ച്വറി നേടിയത്. 1 ബോളിൻ്റെ വ്യത്യാസത്തിൽ ആ റെക്കോഡ് ഇനി മാർക്രത്തിൻ്റെ കീശയിൽ !

400നൊക്കെ പുല്ലു വിലയല്ല്യോ!!

സൗത്ത് ആഫ്രിക്കയുടെ ടീം ലൈനപ്പും ചരിത്രവും പരിശോധിച്ചാൽത്തന്നെ 400 റൺസ് പുല്ലുപോലെ എടുക്കുന്ന ടീമാണെന്ന് നമുക്ക് എളുപ്പം മനസ്സിലാക്കാവുന്നതെയുള്ളൂ. കണക്കുകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഏകദിനങ്ങളിൽ 8 പ്രാവശ്യമാണ് സൗത്ത് ആഫ്രിക്ക 400+ സ്കോർ കണ്ടെത്തിയിട്ടുള്ളത്. അവയിൽ മൂന്ന് മത്സരങ്ങൾ ലോകകപ്പുകളിലേതാണ്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരം ഉൾപ്പെടെ.
മറ്റ് രണ്ട് മത്സരങ്ങളും 2015 ലോകകപ്പിലേതും. ഇത്തരത്തിൽ ഒരു ലോകകപ്പിൽ തന്നെ രണ്ട് തവണ 400 റൺസ് നേടിയ ടീമെന്ന റെക്കോർഡും സൗത്ത് ആഫ്രിക്കയുടെ പേരിലുണ്ട് !

ഏകദിന ചരിത്രത്തിൽതന്നെ ആദ്യത്തെ 400 റൺസ് പിറന്ന മത്സരവും അധികമാരും മറന്നിട്ടുണ്ടാവില്ല. ക്രിക്കറ്റ്, ഇന്ന് കാണുന്നപോലെ ഫോർമാറ്റുകളാൽ വികസിച്ചിട്ടില്ലാത്ത കാലത്താണ് വാശിയേറിയ, ചരിത്രത്തിൽ ഇടം പിടിച്ച ആ മത്സരം നടന്നത്. ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടുന്ന അഞ്ചാം ഏകദിനമാണ്. പോണ്ടിങ്ങിൻ്റെ സെഞ്ച്വറി മികവിലും, മൈക്കൽ ഹസ്സി, ഗിൽക്രിസ്റ്റ്, സൈമൺ കാറ്റിച്ച് എന്നിവരുടെ അർധസെഞ്ച്വറി മികവിലും ഓസ്ട്രേലിയ കെട്ടിപ്പടുത്തത് 434 റൺസ് ! ആരാധകരും ക്രിക്കറ്റ് ലോകവും അത്ഭുതം കൂടിയിരുന്ന നിമിഷങ്ങൾ ! കളി കഴിഞ്ഞെന്നും ഓസ്ട്രേലിയയ്ക്ക് ജയം അനായസമാകുമെന്നും എല്ലാവരും കരുതിയ നിമിഷങ്ങൾ.

എന്നാൽ തങ്ങളെ അത്തരത്തിൽ വിലകുറച്ച് കാണുന്നത് വെറും തെറ്റിദ്ധാരണയാണെന്ന് പ്രോട്ടീസ് പട അന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ഗ്രീം സ്മിത്ത് തുടങ്ങിവെച്ച വെടിക്കെട്ട്, പിന്നീട് ഗിബ്സും മാർക്ക് ബൗച്ചറും ഏറ്റെടുത്തതോടെ ഒരു ബോൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക 435 റൺസ് അടിച്ചെടുത്തു! അവിശ്വസനീയമെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതിയ, ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായ ആ അഞ്ചാം ഏകദിനം കളിച്ച ദക്ഷിണാഫ്രിക്കൻ ടീമിൻ്റെ പിന്മുറക്കാർ, ഇനിയും റെക്കോർഡുകൾ ഇട്ടില്ലെങ്കിലാണ് അത്ഭുതം !

ഇത്തരത്തിൽ, സ്കോർ ബോർഡുകളിൽ ആധിപത്യം കാണിക്കുന്ന പ്രവണത സൗത്ത് ആഫ്രിക്കയ്ക്ക് പണ്ടേ ഉള്ളതാണ്. പക്ഷേ അവയിൽ ഒന്നുപോലും ഒരു ചാമ്പ്യൻഷിപ്പിൻ്റെ രൂപത്തിലേക്ക് പരിണമിച്ചിട്ടില്ല എന്നതാണ് ദുഃഖകരം. ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച പ്രതിഭാധനർ ഉണ്ടായിട്ടുപോലും സൗത്ത് ആഫ്രിക്കയ്ക്ക് ഐസിസിയുടെ ഒരു മേജർ കിരീടം നേടാൻ സാധിച്ചിട്ടില്ല. ഇപ്പോൾ അത്തരത്തിൽ പേരുകേട്ടവർ ആരും ഇല്ലാതെയാണ് സൗത്ത് ആഫ്രിക്ക ലോകകപ്പിന് ഇറങ്ങിയിരിക്കുന്നത്. എങ്കിലും പ്രതീക്ഷാനിർഭരമായ തുടക്കമാണ് ടീമിന് ആദ്യ കളിയിൽ തന്നെ ലഭിക്കുകയും ചെയ്തത്. കാത്തിരുന്നുകാണാം, റെക്കോഡുകൾക്കൊപ്പം പ്രോട്ടീസ് പട ഇപ്രാവശ്യം കപ്പുയർത്തുമോ എന്ന് !

ALSO READ: ഓസീസ് ബാറ്റിങ് പതര്‍ച്ചയോടെ തുടങ്ങി, ആദ്യ ഓവറുകള്‍ എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബോളര്‍മാര്‍, ഒരു വിക്കറ്റ് വീ‍ഴ്ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News