
കരുത്തരായ ഓസ്‌ട്രേയിലയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐ സി സി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. 27 വര്‍ഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ഐ സി സി കിരീടം സ്വന്തമാക്കുന്നത്. പടിക്കല്‍ കലമുടയ്ക്കുന്നവര്‍ അഥവാ ‘ചോക്കേഴ്സ്’ ദുഷ്‌പേരാണ് ഈ കിരീടനേട്ടത്തോടെ ദക്ഷിണാഫ്രിക്ക മായ്ച്ചുകളയുന്നത്. ടെംബ ബവുമ എന്ന തന്ത്രശാലിയായ നായകന്റെ കീഴിലാണ് ഐതിഹാസികജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്നത്. ഐഡന്‍ മാര്‍ക്രാമിന്റെ 136 റണ്‍സിന്റെ കരുത്തില്‍, ദക്ഷിണാഫ്രിക്കയുടെ വിജയം വെറുമൊരു കായിക നേട്ടം മാത്രമല്ലായിരുന്നു; പ്രതിരോധശേഷിയുടെയും മികവാര്‍ന്ന തന്ത്രത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ഒരു കഥ കൂടി അതിന് പിന്നിലുണ്ട്.
ലോര്‍ഡ്‌സിലേക്കുള്ള യാത്ര
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കാത്തിരുന്ന സ്വപ്നസമാനമായ പ്രയാണത്തിനാണ് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ പര്യവസാനമാകുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അവരുടെ പുനരുജ്ജീവനം കൂടിയായിരുന്നു അത്. 2023ല്‍ ടെസ്റ്റ് ടീമിന്റെ നായകനായ ടെംബ ബവുമയുടെ കീഴിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടത്തിലേക്ക് അവര്‍ കുതിച്ചത്. 10 ടെസ്റ്റുകളില്‍ തോല്‍വി അറിയാതെ മുന്നേറിയ ദക്ഷിണാഫ്രിക്ക, ഒമ്പത് വിജയങ്ങളും ഒരു സമനിലയും നേടി. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ ടീമുകളെ മറികടന്നാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്.
Also Read- വിയർപ്പ് തുന്നിയിട്ട കിരീടം; ഇത്തവണ പ്രോട്ടീസ് കണ്ണീർ പൊഴിച്ചത് സന്തോഷത്തോടെ
പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. കാഗിസോ റബാഡയും ലുങ്കി എന്‍ഗിഡിയും ചേര്‍ന്ന് പേസ് ആക്രമണത്തിന് നേതൃത്വം നല്‍കി. അതേസമയം, എയ്ഡന്‍ മാര്‍ക്രാമും ഡേവിഡ് ബെഡിംഗ്ഹാമും ബാറ്റിങ്ങില്‍ പ്രൊട്ടിയസിന്റെ കുന്തമുനയായി. ലോര്‍ഡ്സിനായി ബൗളിങ് തന്ത്രങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കിക്കൊണ്ട് കോച്ചിങ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഉള്‍ക്കാഴ്ചകള്‍ അവരുടെ തയ്യാറെടുപ്പ് മികച്ചതാക്കി. നിലവിലെ ചാമ്പ്യന്മാരും കരുത്തരുമായ ഓസ്ട്രേലിയയെ നേരിടാന്‍ ഈ ആസൂത്രണവും ടീമിന്റെ ഒത്തിണക്കവും അവരെ തുണച്ചു.
പടിക്കല്‍ കലമുടയ്ക്കാതെ…
സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയാത്തവരായിരുന്നു മുന്‍കാലങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ടീം. ബോളര്‍മാര്‍ നിറഞ്ഞാടിയ ലോര്‍ഡ്‌സിലെ പിച്ചില്‍ നാലാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക നേടേണ്ടിയിരുന്നത് 282 റണ്‍സ് എന്ന വെല്ലുവിളി നിറഞ്ഞ ലക്ഷ്യമായിരുന്നു. ഈ വേദിയിലെ 141 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമായിരുന്നു ഇത്. ആദ്യം പന്തെറിയാനുള്ള ബവുമയുടെ ധീരതയാര്‍ന്ന തീരുമാനത്തോടെയാണ് ലോര്‍ഡ്‌സില്‍ കളിത്തട്ടുണര്‍ന്നത്. ആ തീരുമാനത്തില്‍ ക്രിക്കറ്റ് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും റബാഡയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയുടെ അച്ചടക്കമുള്ള ബൗളിങ് പ്രകടനം അതിന് മറുപടി നല്‍കി. എന്നാല്‍, പാറ്റ് കമ്മിന്‍സിന്റെ ശ്രദ്ധേയമായ ആറ് വിക്കറ്റ് നേട്ടത്തോടെ ഓസീസ് തിരിച്ചടിച്ചു. ആദ്യ ഇന്നിങ്സില്‍ വെറും 138 റണ്‍സിന് പുറത്തായെങ്കിലും, റബാഡയും എന്‍ഗിഡിയും ചേര്‍ന്ന് രണ്ടാം ദിവസം ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ തകര്‍ത്തതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരിച്ചുവന്നു.
പ്രതിരോധിച്ചും ആക്രമിച്ചും ലക്ഷ്യത്തിലേക്ക്
282 എന്ന വിജയലക്ഷ്യം അത്ര എളുപ്പമുള്ളതല്ലായിരുന്നു. എന്നാല്‍, അവസരത്തിനൊത്ത് ഉയര്‍ന്ന മര്‍ക്രാമും ബവുമയും ചേര്‍ന്ന് മത്സരം ഓസീസില്‍ നിന്ന് തട്ടിയെടുത്തു. മാര്‍ക്രാമിന്റെ 136-ഉം ബാവുമയുടെ ദൃഢനിശ്ചയമുള്ള 66-ഉം ചേര്‍ന്ന് 147 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് മത്സരത്തില്‍ ഏറ്റവും നിര്‍ണായകമായത്. ‘ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍ക്രാമിന്റെ സെഞ്ച്വറി, പ്രതിരോധവും ആക്രമണവും ഒത്തിണങ്ങിയ ഇന്നിങ്സായിരുന്നു. ഇരുവരും ചേര്‍ന്ന് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ബൗളിങ് ആക്രമണത്തെ ഫലപ്രദമായി നേരിട്ടു. പരുക്കിനെ തുടര്‍ന്ന് വേദന കടിച്ചമര്‍ത്തിയായിരുന്നു ബാവുമയുടെ ബാറ്റിങ്.
വിജയത്തിന് അരികിലെത്തിയെങ്കിലും, അനിശ്ചിതത്വം ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ഉരുണ്ടുകൂടി. പ്രത്യേകിച്ച് മാര്‍ക്രാം വിജയത്തിന് ആറ് റണ്‍സ് മാത്രം അകലെ ട്രാവിസ് ഹെഡിന്റെ അവിശ്വസനീയമായ ക്യാച്ചില്‍ കുടുങ്ങിയപ്പോള്‍. എന്നിരുന്നാലും, കൈല്‍ വെറൈനിന്റെ ശാന്തമായ സ്‌ക്വയര്‍ ഡ്രൈവില്‍ ദക്ഷിണാഫ്രിക്ക കാത്തിരുന്ന വിജയം സ്വന്തമാക്കി. ലോര്‍ഡ്സില്‍ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തി. ഈ വിജയം ഓസ്ട്രേലിയയ്ക്കെതിരായ ഒരു വിജയം മാത്രമായിരുന്നില്ല; ദക്ഷിണാഫ്രിക്കയ്ക്ക് ക്രിക്കറ്റ് ഒരു വഴിത്തിരിവായിരുന്നു. 1999 ലോകകപ്പ് സെമി ഫൈനല്‍ മുതല്‍ 2024 ടി20 ലോകകപ്പ് വരെ പടിക്കല്‍ കലമുടച്ച ചരിത്രം പേറിയവരെന്ന ചീത്തപ്പേര് അവര്‍ മായ്ച്ചുകളഞ്ഞിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here