‘ബിജെപി മുക്തമായി’ ദക്ഷിണേന്ത്യ; 2024 ല്‍ നിര്‍ണായകമായ 5 സംസ്ഥാനങ്ങള്‍

ആര്‍.രാഹുല്‍

കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് ഇനി കര്‍ണാടകയും.കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്ന ഏക സംസ്ഥാനത്തിന്റെ അധികാരം നഷ്ടമായിരിക്കുകയാണ് ബിജെപിക്ക്. കഴിഞ്ഞ രണ്ടു ടേമായി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്ന ബിജെപിക്ക് പാന്‍ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രതിച്ഛായ നല്‍കിയിരുന്നത് കര്‍ണാടയില്‍ ഉണ്ടായിരുന്ന അധികാരമാണ്. എന്നാല്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിശേഷിപ്പിക്കുന്ന കര്‍ണാടക നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ പരാജയം ബിജെപിയെ വീണ്ടും ‘ഉത്തരേന്ത്യന്‍ ഹിന്ദുത്വ പാര്‍ട്ടി ‘ എന്ന വിശേഷണത്തിലേക്ക് ഒതുക്കിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അഖിലേന്ത്യാ പാര്‍ട്ടിയെന്ന ബിജെപിയുടെ അവകാശവാദവും വെറും പൊള്ളയായി മാറും.

കര്‍ണാടകയും ബിജെപിയും

1957ലാണ് കര്‍ണാടക സംസ്ഥാനം രൂപീകൃതമാകുന്നത്. ശേഷം ഇത് വരെ 16 നിയമസഭ തെരഞ്ഞെടുപ്പുകളാണ് നടന്നത്. 1980 ല്‍ രൂപം കൊണ്ട ബിജെപി 1983 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് അന്ന് ആദ്യമായി മത്സരിച്ചത്. അന്ന് 224 മണ്ഡലങ്ങളില്‍ 110 എണ്ണത്തില്‍ ബിജെപി മത്സരിച്ചു. 7.93 ശതമാനം വോട്ടു വിഹിതത്തോടെ 18 എണ്ണത്തില്‍ വിജയിച്ചു. എന്നാല്‍ 1985 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വെറും 2 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. വോട്ട് വിഹിതം 3.88 ശതമാനമായി ചുരുങ്ങി. തുടര്‍ന്നങ്ങോട്ട് ബിജെപി വലിയ മികച്ച പ്രകടനമൊന്നും സംസ്ഥാനത്ത് കാഴ്ചവെച്ചിരുന്നില്ല. 1989 ല്‍ നാല് സീറ്റും 4.14 ശതമാനം വോട്ടുമാണ് ബിജെപിക്ക് ലഭിച്ചത്.

വര്‍ഗീയകാര്‍ഡ് പിന്‍ബലമാക്കി ബിജെപി

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ അയോധ്യ വിഷയം ആളിക്കത്തിച്ചാണ് ബിജെപി സംസ്ഥാനത്ത് നേട്ടമുണ്ടാക്കുന്നത്. 1994 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 16.99 ശതമാനം വോട്ടൊടെ 40 സീറ്റുകളാണ് ബിജെപി നേടിയത്. 1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടിക്കായി. 44 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 2004ല്‍ 79 സീറ്റുകള്‍ നേടി വീണ്ടും ബിജെപി നില മെച്ചപ്പെടുത്തി. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ ധരം സിംഗ് മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തകര്‍ന്നതോടെ 2006ല്‍ ബിജെപി-ജെഡിഎസ് സഖ്യം അധികാരത്തിലെത്തി. കുമാരസ്വാമി മുഖ്യമന്ത്രിയും യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍ ധാരണ പ്രകാരം യെദ്യൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ കുമാരസ്വാമി തയ്യാറാകത്തോടെ മന്ത്രിസഭ താഴെ വീണു. പിന്നീട് 7 ദിവസത്തേക്ക് യെദ്യൂരപ്പ മുഖ്യമന്ത്രി ആയെങ്കിലും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാജിവയ്ക്കുകയായിരുന്നു.

2008 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യെദ്യൂരപ്പയ്ക്ക് പകരം 2011ല്‍ സദാനന്ദ ഗൗഡയും 2012ല്‍ ജഗദീഷ് ഷെട്ടാറും ബിജെപി ടിക്കറ്റില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിമാരായി.യെദ്യൂരപ്പ 4 തവണ മുഖ്യമന്ത്രിയായെങ്കിലും ഒരു തവണ പോലും അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ബിജെപി പരാജയപ്പെടുന്നു

2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍തകര്‍ച്ചയാണ് ബിജെപി നേരിട്ടത്.19.89 ശതമാനത്തോടെ 40 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. നരേന്ദ്ര മോദി അധികാരത്തിനെത്തിയ ശേഷം 2018ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 36.22 ശതമാനം വോട്ട് വിഹിതവുമായി 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍ കോണ്‍ഗ്രസും -ജെഡിഎസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. കോണ്‍ഗ്രസിന് 80 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ്, ജെഡിയു സംഖ്യത്തില്‍ നിന്നും എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിച്ച് ബിജെപി അധികാരം പിടിക്കുകയായിരുന്നു. നിയമസഭയില്‍ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ സഖ്യസര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2019 ജൂലൈ 26ന് എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

കര്‍ണാടകയില്‍ നടന്നത് വെറും ഒരു നിയമസഭ തെരഞ്ഞെടുപ്പ് മാത്രമല്ല

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം കേവലം ഒരു സംസ്ഥാനത്തിന്റെ ഭരണം തീരുമാനിക്കുന്നതല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും അതിന് മുന്‍പായി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കര്‍ണാകയിലെ തെരഞ്ഞെടുപ്പു ഫലം പ്രതിഫലിക്കുമെന്ന് തീര്‍ച്ചയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് അടക്കം 6 സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തും എന്നാണ് കരുതുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം റോഡ് ഷോകള്‍ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയില്‍ തമ്പടിച്ചിരുന്നു, പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം താര പ്രചാരകരായെത്തിയ കര്‍ണാടകയില്‍ ബിജെപി നേരിട്ട തിരിച്ചടി വരാന്‍ പോകുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരും എന്നതില്‍ സംശയമില്ല. എന്നാല്‍ കര്‍ണ്ണാടകയിലെ ജനവിധി അട്ടിമറിക്കാനായി ബിജെപി ഓപ്പറേഷന്‍ താമരയുമായി ഇറങ്ങുമോ എന്നതാണ് പ്രധാനം. കോണ്‍ഗ്രസിന് ഇതിനെ പ്രതിരോധിക്കാന്‍ കഴിയുമോ എന്നതും പ്രധാനമാണ്.

മിഷന്‍ സൗത്തിന് തിരിച്ചടി; കര്‍ണാടകയും വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കേരളം, പുതുച്ചേരി, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ ബിജെപിക്ക് ഇതുവരെ നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി 130 ലോക്‌സഭാ സീറ്റുകളുണ്ട്, ഇത് മൊത്തം ലോക്‌സഭാ സീറ്റുകളുടെ 25 ശതമാനമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രീയമായും ദക്ഷിണേന്ത്യക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ പ്രാധാന്യമുണ്ട്. കര്‍ണാടകയിലൂടെ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. കര്‍ണാടകയില്‍ തിരിച്ചടി നേരിട്ടതോടെ തെലങ്കാനയും ആന്ധ്രയും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ രാഷ്ട്രീയ നഷ്ടം നേരിട്ടേക്കും എന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്രങ്ങള്‍.

2024ല്‍ ബിജെപിയുടെ വെല്ലുവിളികള്‍

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി സീറ്റുകള്‍ കുറഞ്ഞേക്കാനാണ് സാധ്യത. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 സീറ്റുകളില്‍ ബിജെപി 25ഉം പാര്‍ട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരു സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഓരോ സീറ്റും നേടി. കര്‍ണാടകയില്‍ ബിജെപി പരാജയപ്പെട്ടതോടെ 2019ലെ ഫലം സംസ്ഥാനത്ത് ആവര്‍ത്തിക്കുക എന്നത് ബിജെപിക്ക് ബുദ്ധിമുട്ടാവാനാണ് സാധ്യത

കര്‍ണാടകയിലെ നഷ്ടം നികത്താന്‍ ബിജെപിക്ക് കഴിയുമോ?

കര്‍ണാടകക്കൊപ്പം പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ബിജെപിയുടെ സീറ്റുകള്‍ കുറഞ്ഞേക്കാം. ഈ സംസ്ഥാനങ്ങളിലെ സീറ്റ് നഷ്ടം നികത്താന്‍ ബിജെപിക്ക് പുതിയ സംസ്ഥാനങ്ങള്‍ കണ്ടെത്തേണ്ടി വരും. എന്നാല്‍ നിലവില്‍ അത് സാധ്യമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

5 സംസ്ഥാനങ്ങളിലായി 172 സീറ്റുകള്‍ 2024 ല്‍ നിര്‍ണ്ണായകം.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ 42ല്‍ 18ഉം മഹാരാഷ്ട്രയില്‍ 48ല്‍ 23ഉം കര്‍ണാടകയില്‍ 28ല്‍ 25ഉം ബിഹാറില്‍ 40ല്‍ 17ഉം ജാര്‍ഖണ്ഡില്‍ 14ല്‍ 12ഉം ബിജെപി നേടി. ഈ 5 സംസ്ഥാനങ്ങളിലായി ആകെയുള്ള 172 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് 98 സീറ്റുകള്‍ നേടിയപ്പോള്‍ സഖ്യകക്ഷികള്‍ക്ക് 42 സീറ്റുകളാണ് ലഭിച്ചത്. ഇതുവഴി 172ല്‍ 140 സീറ്റും ബിജെപി സഖ്യം നേടി.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയിട്ടുണ്ട്. 2019ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച ശിവസേന ഇപ്പോള്‍ കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം മഹാവികാസ് അഘാഡി സഖ്യത്തിലാണുള്ളത്. ബിഹാറില്‍ ജെഡിയു നേതാവും മുഖ്യമന്ത്രിമായ നിതീഷ് കുമാര്‍ ഇപ്പോള്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷസഖ്യത്തിനൊപ്പമാണ്. ഇത് ബിഹാറിലും ബിജെപിക്ക് നഷ്ടമുണ്ടാക്കിയേക്കാം എന്നാണ് വിലയിരുത്തലുകള്‍. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം സംസ്ഥാനത്തെ ബിജെപിയുടെ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം തെറ്റിയ സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെയാണ് അഞ്ച് സംസ്ഥാനങ്ങളിലായുളള 172 സീറ്റുകള്‍ ഭരണ പാര്‍ട്ടിക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News