ദക്ഷിണ കൊറിയൻ യുദ്ധ വിമാനങ്ങൾ ജനവാസ മേഖലയിൽ അബദ്ധത്തിൽ ബോംബിട്ടു; 15 സാധാരണക്കാർക്ക് പരിക്ക്

south korea

യുഎസ് സേനയുമായുള്ള ലൈവ്-ഫയർ ഡ്രില്ലിനിടെ ദക്ഷിണ കൊറിയൻ യുദ്ധവിമാനങ്ങൾ അബദ്ധത്തിൽ ജനവാസ മേഖലയിൽ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ പതിനഞ്ച് സാധാരണക്കാർക്ക് പരിക്കേറ്റതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ഇതിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തരകൊറിയയുടെ അതിർത്തിക്കടുത്താണ് സംഭവം. രണ്ട് യുദ്ധവിമാനങ്ങളിൽ നിന്ന് എട്ടു ബോംബുകളാണ് സാധാരണയിൽ നിന്നും വിരുദ്ധമായി നിയുക്ത ഫയറിങ് റേഞ്ചിനു പുറത്ത് പതിച്ചത്.

പോച്ചിയോൺ നഗരത്തിലെ സിവിലിയൻ കെട്ടിടങ്ങളിലാണ് ഇവ വീണത്. പൈലറ്റ് തെറ്റായ ബോംബിംഗ് കോർഡിനേറ്റുകൾ നൽകിയതാണ് അപകടത്തിന് കാരണമെന്നാണ് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

ALSO READ; പോക്കറ്റ് കീറി: ഇന്ത്യയിലേക്ക് പറക്കുന്നതിന് മാത്രം ചെലവായത് 78.36 കോടി രൂപ; സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിര്‍ത്തി അമേരിക്ക

ബോംബ് വീണതിന് ശേഷം പ്രദേശത്ത് നിന്നും കനത്ത പുകയുയരുന്ന ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പങ്കുവച്ചു. സ്ഫോടനങ്ങളിൽ രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങളും പ്രദേശത്തെ ആരാധനാലയത്തിന്റെ ഭാഗവും ഒരു ട്രക്കും തകർന്നു. സ്ഥലം ഒരു യുദ്ധക്കളം പോലെയാണെന്ന് പോച്ചിയോൺ മേയർ ബെയ്ക്ക് യങ് ഹ്യുൻ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിക്കുന്നതുവരെ എല്ലാ സൈനിക അഭ്യാസങ്ങളും പരിശീലനങ്ങളും നിർത്തിവച്ചതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.

സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും സൈന്യം അറിയിച്ചു. ഈ അസാധാരണ സംഭവത്തിൽ സൈന്യം ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന അഭ്യാസങ്ങൾ സംഘർഷം വർദ്ധിപ്പിക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News