തിരുവനന്തപുരം കോർപ്പറേഷനിലെ സംഭവ വികാസങ്ങളിൽ സർക്കാർ ഇടപെടണം; മുഖ്യമന്ത്രിക്ക് പരാതി നൽകി എസ്പി ദീപക്

S P Deepak Thiruvananthapuram Corporation allegation

തിരുവനന്തപുരം കോർപ്പറേഷനിലെ സംഭവ വികാസങ്ങളിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ എൽഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്പി ദീപക് മുഖ്യമന്ത്രിക്ക് കത്ത് നൽകി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ ചട്ട ലംഘനങ്ങളെ കുറിച്ചും ജനാധിപത്യ വിരുദ്ധ നടപടികളെ കുറിച്ചും ഭരണപരമായ വീഴ്ചകളെ ചൂണ്ടിക്കാട്ടിയും സർക്കാർ ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചാണ് ദീപക് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

മുനിസിപ്പൽ നിയമം പ്രകാരം കൗൺസിൽ യഥാസമയം വിളിച്ചു ചേർക്കുകയോ, അടിയന്തര കൗൺസിൽ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിയമാനുസരണ ആവശ്യം അംഗീകരിക്കാനോ മേയർ തയ്യാറാക്കുന്നില്ല. ആറ്റുകാൽ പൊങ്കാല ശുചീകരണം, കുടിവെള്ള പ്രശ്നം, മഴക്കാല പൂർവ്വ ശുചീകരണത്തിലെ വീഴ്ച, പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാതിരിക്കുക, മാലിന്യ പ്രശ്നത്തിൽ ഇടപെടാതിരിക്കുക, തുടങ്ങിയ വിഷയങ്ങളിൽ കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്യാൻ പോലും അവസരം നൽകാതെ ബിജെപി കൗൺസിലർമാരെ ഉപയോഗിച്ച് യോഗങ്ങളിൽ ബഹളവും ഭീഷണിയും മുഴക്കി അലങ്കോലമാക്കാനാണ് ശ്രമമെന്നും അദ്ദേഹം വിമർശിച്ചു.

20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ജ നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ മേൽ ഹൈക്കോടതിയിൽ നിന്ന് വിധി ഉണ്ടാകുകയും, അവരുടെ പുന:സത്യപ്രതിഞ്ജ ബിജെപി ഒഴികെയുള്ള കൗൺസിലർമാരെ അറിയിക്കാതെ ഏകപക്ഷീയമായാണ് നടത്തിയതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചു.

Also Read: നിയമസഭയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ പ്രകോപന പ്രസംഗം; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

ആറ്റുകാൽ പൊങ്കാല ശുചീകരണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിനെ കുറിച്ച് ഉന്നയിച്ച കാര്യങ്ങളിൽ മേയർ നിശബ്ദനാകുകയാണ്. മഴക്കാല പൂർവ്വ ശുചീകരണം അപ്പാടെ അവതാളത്തിലായതിന്റെ പ്രധാന ഉത്തരവാദി മേയർ രാജേഷ് ആണെന്നും ദീപക് പറഞ്ഞു. ജനകീയ വിഷയങ്ങൾ ഉയർന്നു വരുമ്പോൾ അത് ഭരിക്കുന്ന സർക്കാരിന്റെ തലയിൽ കൊണ്ട് വയ്ക്കാനാണ് മേയർ ശ്രമിക്കുന്നതെന്നും ഗുണ്ടയും ക്രമിനലുമായ കൗൺസിലറെ സംരക്ഷിക്കുന്ന നിലപാടാണ് മേയറും കൂട്ടരും നടത്തുന്നതെന്നും ദീപക് ആരോപിച്ചു. കൗൺസിലിൽ പങ്കടുക്കുന്ന സ്ത്രീ കൗൺസിലർമാർക്ക് നേരേ ആക്രമണ ഭീഷണി മുഴക്കുകയാണ്.പലർക്കും പരുക്ക് പറ്റിയിരിക്കുകയാണ്. ജനാധിപത്യം അട്ടിമറിച്ച് ഏകാധിപത്യം നടത്താൻ കഴിയുമോ എന്ന് ചിന്തിക്കുകയാണ് ബിജെപി നേതൃത്വമെന്നും ദീപക് കുറ്റപ്പെടുത്തി. ഈ കാര്യങ്ങളിൽ അടിയന്തിര ഇടപെടൽ വേണമെന്നാണ് എൽഡിഎഫിന്റെ ആവശ്യമെന്നും ദീപക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News