സ്പെയിനിൽ തുടർച്ചയായ രണ്ടാം കിരീടം; കറ്റാലൻ വിജയങ്ങൾക്ക് പിന്നിൽ

Barcelona Title Win

ചിരവൈരികളെ വീഴ്ത്തി കിരീടം നേടുമ്പോൾ അതിന് ഇരട്ടിമധുരമാണല്ലോ… അത്തരമൊരു മധുരത്തിൽ അലിഞ്ഞിരിക്കുകയാണ് ബാഴ്സലോണ ഫുട്ബോൾ ക്ലബ്. മൂന്ന് മത്സരങ്ങൾ അവശേഷിക്കെയാണ് ബാഴ്സയുടെ കിരീടധാരണം. ചിരവൈരികളായ റയൽ മാഡ്രിഡിനെതിരായ എൽക്ലാസികോ പോരാട്ടം എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ബാഴ്സ ജയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു എൽ ക്ലാസികോ പോരാട്ടം ജേതാക്കളെ നിശ്ചയിച്ചത് മാർക്കസ് റഷ്ഫോർഡ്, ഫെറാൻ ടോറസ് എന്നിവരായിരുന്നു ബാഴ്സയുടെ സ്കോറർമാർ. ടീം പരിശീലകൻ ഹാൻസി ഫ്ലിക്കിന് അവകാശപ്പെട്ടതാണ് ഈ കിരീടം നേട്ടം എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാകില്ല. സ്വന്തം പിതാവിന്‍റെ മരിച്ചതിന്റെ വേദനയിലും അദ്ദേഹം ടീമിനൊപ്പം തുടർന്ന് കിരീടവിജയത്തിലേക്ക് നയിക്കുകയായിരുന്നു. എന്തൊക്കെയാണ് ബാഴ്സയുടെ കിരീടവിജയത്തിൽ നിർണായകമായതെന്ന് നോക്കാം…

ടീം മികവും ഒത്തിണക്കവും

യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ ടീമായിരുന്നു ബാഴ്സയുടേത്. സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാൻ ഇത് അവരെ സഹായിച്ചു. കളത്തിൽ താരങ്ങളുടെ വിന്യാസത്തിൽ കളിതന്ത്രങ്ങളിലും ഫ്ലിക്കിന്‍റെ മാസ്മരിക സ്പർശം ഉണ്ടായിരുന്നു. ഫെറാൻ ടോറസ്, ലാമിൻ യമാൽ, ലെവൻഡോവ്സ്കി, റഫീഞ്ഞ, പെഡ്രി, പകരക്കാരനായി എത്തി കളംനിറയുന്ന റഷ്ഫോഡ്, പ്രതിരോധത്തിലെ കരുത്തരായ എറിക് ഗാർസ്യ, കുബാർസി, ഗോൾവലയം കാത്ത ജൊവാൻ ഗാർസ്യ എന്നിവരൊക്കെ സീസണിൽ ഉടനീളം മികച്ച പ്രകടനം നടത്തിയവരാണ്.

ആശാന്‍റെ തന്ത്രങ്ങൾ

ഈ സീസണിൽ ബാഴ്സയുടെ കളിതന്ത്രങ്ങൾ അടിമുടി ഉടച്ച് വാർത്താണ് ഹാൻസി ഫ്ലിക് കളത്തിലിറക്കിയത്. ആക്രമണമാണ് ശരിയായ പ്രതിരോധമെന്ന് ടീമിനെ പഠിപ്പിച്ചു. പരമാവധി ആക്രമിച്ച് കളിക്കുകയും എതിരാളികളെ ഓഫ് സൈഡ് കെണിയിൽപ്പെടുത്തുന്നതിലും ബാഴ്സയുടെ കളിക്കാർ വിജയിച്ചു. ലീഗിലെ ഏറ്റവും കുറഞ്ഞ പാസ് പെർ ഡിഫൻസീവ് ആക്ഷൻ (പിപിഡിഎ) നിരക്ക് കാത്തുസൂക്ഷിച്ച ബാഴ്സ, എതിരാളികളുടെ ബിൽഡ്-അപ്പ് പ്ലേയെ ഫലപ്രദമായി പ്രതിരോധിച്ചു. മാർക്ക് കാസഡോയും പെഡ്രിയും നയിച്ച മധ്യനിര, പന്ത് വേഗത്തിൽ തിരിച്ചുപിടിക്കുന്ന ശൈലിയും എതിരാളികളെ ബുദ്ധിമുട്ടിച്ചു.

Also Read- അടിക്കടി ജയം… ബ്ലാസ്റ്റേഴ്സ് വേറെ ലെവൽ; മുഹമ്മദൻസിനെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

പതിവ് യൂറോപ്യൻ ശൈലിയിലുള്ള ലോങ് പാസുകൾക്ക് പകരം കുറിയ പാസുകളിലൂടെ കളികൊണ്ടുപോകാനാണ് ഫ്ലിക്ക് നൽകിയ ഉപദേശം. ത്രൂ-ബോളുകളും ഇത്തരം കുറിയ പാസുകളുമാണ് ബാഴ്സയുടെ കളിഗതിയെ മുന്നോട്ടുനയിച്ചത്. ആക്രമണാത്മക ഫുട്ബോളിന് എപ്പോഴും ഊർജം നൽകിയ യമാലും ലെവൻഡോവ്സ്കിയും ടോറസും റാഷ്ഫോർഡും ബാഴ്സയുടെ വിജയത്തിൽ നിർണായക ശക്തികളായി മാറി. പ്രായമേറുന്ന ലെവൻഡോവ്സ്കിയുടെ റോൾ ഏറ്റെടുത്ത് യുവതാരങ്ങൾ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് നടത്തിയത്.

ഇത് യമാലിന്‍റെ കപ്പ്

ഈ സീസണോടെ ബാഴ്സയുടെ മുന്നേറ്റത്തിലെ കുന്തമുനയായി യുവതാരം ലാമിൻ യമാൽ മാറിക്കഴിഞ്ഞു. സീസണിൽ 24 ഗോളുകൾ നേടിയ യമാൽ 16 തവണയാണ് ലാ ലിഗയിൽ ലക്ഷ്യം കണ്ടത്. ക്ലബിന്‍റെ സീസണിലെ ടോപ് സ്കോററും യമാൽ തന്നെ. ഗോളടിക്കുക മാത്രമല്ല ഗോളടിപ്പിക്കുന്നതിലും യമാൽ മുന്നിലായിരുന്നു. ഏറ്റവുമധികം അസിസ്റ്റുകളും യമാലിന്‍റെ പേരിലാണ്.

വായ്പാടിസ്ഥാനത്തിലെത്തി മിന്നി റഷ്ഫോർഡ്

2025 ജൂലൈയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വായ്പാടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടുകാരൻ മാർക്കസ് റഷ്ഫോർഡ് ബാഴ്സലോണയിലെത്തിയത്. സീസണിൽ ഉടനീളം മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഒട്ടുമിക്ക കളികളിലും പകരക്കാരനായാണ് ഇറങ്ങിയതെങ്കിലും, ഗോളടിക്കുന്നതിൽ അദ്ദേഹം മികവ് കാട്ടി. ഓരോ 106 മിനിറ്റിലും ശരാശരി ഒരു ഗോൾ സംഭാവന ചെയ്ത റാഷ്‌ഫോർഡിന്റെ വേഗത പലപ്പോഴും എതിരാളികളെ വിഷമിപ്പിച്ചു.

മധ്യനിരയുടെ കരുത്തായി റഫീഞ്ഞയും ഓൾമോയും

ഒരുകാലത്ത് ബാഴ്സയുടെ വിജയങ്ങൾ കളിക്കളത്തിൽ നെയ്തെടുത്തത് സാവിയും ഇനിയസ്റ്റയും ഉൾപ്പെടുന്ന മധ്യനിരയായിരുന്നു. അവർ നൽകിയ അളന്നുമുറിച്ച പാസുകളാണ് സ്പാനിഷ് ലീഗിൽ മെസിയെ ഒരു ഗോളടിയന്ത്രമാക്കി മാറ്റിയത്. അതുപോലെ ഈ സീസണിൽ ബാഴ്സയുടെ മികച്ച മധ്യനിരക്കാരായിരുന്നു റഫീഞ്ഞയും ഡാനി ഓൾമോയും. ഇടതുവശത്ത് നിന്ന് ലൈൻ ബ്രേക്കിംഗ് പാസുകളും ക്രോസുകളും നൽകിയാണ് റഫിഞ്ഞ കളംനിറഞ്ഞത്. ഗോളവസരങ്ങൾ ഒരുക്കുന്നതിൽ ഓൾമോയും ഒട്ടും പിന്നിലായിരുന്നില്ല.

പാറ പോലെ ഉറച്ച പ്രതിരോധം

ബാഴ്സയുടെ പ്രതിരോധ യൂണിറ്റും ഗോൾകീപ്പിങ്ങും ഡബിൾ സ്ട്രോങ്ങായിരുന്നു. സ്‌പെയിനിലെ ഏറ്റവും മികച്ച പ്രതിരോധ റെക്കോർഡ് എന്ന അഭിമാനത്തോടെയാണ് കറ്റാലൻ ടീം ഈ സീസൺ പൂർത്തിയാക്കിയിരിക്കുന്നത്. ഒരു മത്സരത്തിൽ വെറും 0.89 ഗോളുകൾ മാത്രമാണ് ബാഴ്സ വഴങ്ങിയത്. എറിക് ഗാർസ്യയും പോ ക്യൂബാഴ്‌സിയും സീസണിൽ ഉടനീളം പ്രതിരോധത്തിലെ ഉറച്ച കോട്ടകളായിരുന്നു. ഒരിടത്ത് മാത്രം ഉറച്ചുനിൽക്കാതെ, ഏത് പൊസിഷനിലേക്കും മാറികളിക്കുന്ന അലജാൻഡ്രോ ബാൽഡെയും മികച്ച പ്രകടനമാണ് നടത്തിയത്. എസ്പന്യോളിൽനിന്ന് എത്തിയ ജോവാൻ ഗാർസ്യയുടെ ഗോൾകീപ്പിങ് ബാഴ്സയുടെ കിരീടനേട്ടത്തിൽ ഏറെ നിർണായകമായി. ഈ സീസണിൽ ലാലിഗയിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി ഗാർസ്യ മാറി. 80.2 ശതമാനമാണ് ഗാർസ്യയുടെ സേവ് നിരക്ക്. ക്ലീൻ ഷീറ്റ് നിരക്ക് 50 ശതമാനത്തിൽ അധികമായിരുന്നു.

ALSO READ: ചെഹല്‍ കുരുത്തംകെട്ടവനെങ്കിലും ക്രിക്കറ്റിനോട് ആത്മാര്‍ഥയുള്ളവന്‍; മാതൃദിനത്തില്‍ ചെഹലിനെപ്പറ്റി അമ്മ

ടീം അംഗങ്ങൾ തമ്മിലുള്ള അസാധാരണ ഒത്തിണക്കമാണ് ബാഴ്സലോണയെ കിരീടവിജയത്തിലേക്ക് നയിച്ചത്. കേളിശൈലിയിലും തന്ത്രങ്ങളിലും ടീം വിന്യാസത്തിലും ഹാൻസി ഫ്ലിക്ക് കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധേയമായി. താരക്കൈമാറ്റത്തിലും ഫ്ലിക്കിന്‍റെ തന്ത്രങ്ങൾ വിജയം കണ്ടു. വായ്പാടിസ്ഥാനത്തിൽ എത്തിച്ച റഷ്ഫോർഡ് ഉൾപ്പടെയുള്ളവർ സീസണിൽ ഉടനീളം മികവ് കാട്ടി. ഫ്ലിക്കിന്‍റെ ശിക്ഷണം അടുത്ത സീസണിലും ബാഴ്സയെ കരുത്തരാക്കിനിർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News