കഴിഞ്ഞ ദിവസങ്ങളില്‍ സഭയിലും പുറത്തും ഉണ്ടായ സംഭവവികാസങ്ങളില്‍ സ്പീക്കറുടെ റൂളിംഗ്

കഴിഞ്ഞ ദിവസങ്ങളില്‍ സഭയിലും പുറത്തും ഉണ്ടായ സംഭവവികാസങ്ങളില്‍ റൂളിംഗ് നല്‍കി സ്പീക്കര്‍. പ്രതിപക്ഷ ബഹളത്തിനിടിയിലായിരുന്നു സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷം വീണ്ടും സഭ തടസ്സപ്പെടുത്തിയതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ സഭ പിരിഞ്ഞു.

രാവിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ച് സ്പീക്കര്‍ കാര്യോപദേശക സമിതി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ പ്രതിപക്ഷം കാര്യോപദേശക സമിതി യോഗവും ബഹിഷകരിക്കുകയായിരുന്നു. വീണ്ടും സഭചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം തുടര്‍ന്നു. ഇതേ തുടര്‍ന്ന് 2023 മാര്‍ച്ച് 14, 15 തീയതികളില്‍ സഭയ്ക്കകത്തും പുറത്തും ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ സംബന്ധിച്ച് സ്പീക്കര്‍ റൂളിംഗ് നല്‍കി നല്‍കി. ഇതിന് ശേഷമാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.

ഒഴിവാക്കേണ്ട സംഭവ വികാസങ്ങളാണ് ഉണ്ടായതെന്ന് സ്പീക്കര്‍ റൂളിംഗ് വ്യക്തമാക്കിയത്. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ചെയറിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും റൂളിംഗ് വ്യക്തമാക്കി. സമാന്തര സമ്മേളനം ചേര്‍ന്നതും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതും തെറ്റാണെന്ന് റൂളിംഗ് വ്യക്തമാക്കുന്നു. സ്പീക്കര്‍ റൂളിംഗ് നല്‍കിയതിന് ശേഷവും ചെയര്‍ മറയുന്ന നിലയില്‍ പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

ഷാഫി പറമ്പിലിനെതിരെ ചെയറിന്റെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശത്തെ സംബന്ധിച്ചും സ്പീക്കര്‍ പ്രസ്താവനയും നടത്തിയിട്ടുണ്ട്. ഷാഫി പറമ്പിലിനെതിരായി സ്പീക്കര്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായുംപ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.  ‘ഷാഫി പറമ്പിലിനെതിരായി നടത്തിയ പരാമര്‍ശം അനുചിതമായി പോയെന്നും അത് ബഹുമാനപ്പെട്ട അംഗത്തെ വേദനിപ്പിച്ചതായും ചെയര്‍ മനസ്സിലാക്കുന്നു. ബോധപൂര്‍വ്വമല്ലാതെ നടത്തിയ പരാമര്‍ശം ചെയര്‍ പിന്‍വലിക്കുകയാണ്. ഈ പരാമര്‍ശം സഭാ രേഖകളില്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെ’ന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്പീക്കറുടെ റൂളിംഗിന്റെ പൂര്‍ണ്ണരൂപം

സഭയുടെ നടപ്പു സമ്മേളനത്തില്‍ 2023 മാര്‍ച്ച് 14, 15 എന്നീ തീയതികളില്‍ സഭയ്ക്കകത്തും പുറത്തും ഉണ്ടായ ദൗര്‍ഭാഗ്യകരമായ ഒട്ടേറെ സംഭവങ്ങളെ സംബന്ധിച്ച് സഭയ്ക്കകത്ത് ഉയര്‍ന്നുവന്ന പരാതികള്‍ പരിശോധിച്ചശേഷം വിശദമായ റൂളിംഗ് നല്‍കുന്നതാണെന്ന് ചെയര്‍ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഏതാനും കാര്യങ്ങള്‍ സഭയെ അറിയിക്കുവാന്‍ ചെയര്‍ ആഗ്രഹിക്കുന്നു.

കേരള നിയമസഭ അതിന്റെ രൂപീകരണത്തിന്റെ 66 സംവത്സരങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. വൈവിധ്യമാര്‍ന്ന ഒട്ടേറെ മാതൃകാപരമായ നേട്ടങ്ങളാണ് പാര്‍ലമെന്ററി പ്രവര്‍ത്തനരംഗത്ത് ഈ കാലയളവില്‍ കേരള നിയമസഭയ്ക്ക് ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞത്. പ്രഗത്ഭരും പ്രതിഭാധനന്മാരുമായിരുന്ന നമ്മുടെ മുന്‍ഗാമികള്‍ കാണിച്ച വഴികളിലൂടെ സഞ്ചരിച്ചാണ് കേരള നിയമസഭ ഈ നേട്ടങ്ങളൊക്കെ സ്വായത്തമാക്കിയത്.

കാലാകാലങ്ങളില്‍ സഭയ്ക്കകത്ത് ഉയര്‍ന്നു വന്നിരുന്ന പ്രശ്‌നങ്ങളിന്മേല്‍ കടുത്ത പ്രതിഷേധ പരിപാടികള്‍ സഭയ്ക്കകത്തും പുറത്തും ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. വിയോജിപ്പുകളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായിട്ടാണെങ്കില്‍പ്പോലും ഒഴിവാക്കപ്പെടാമായിരുന്ന സംഭവ പരമ്പരകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും വിയോജിപ്പ് ഉണ്ടാകുമെന്ന് ചെയര്‍ കരുതുന്നില്ല.

ചട്ടം 50 പ്രകാരമുള്ള നോട്ടീസിന് അവതരണാനുമതി ലഭിക്കാത്തതു സംബന്ധിച്ച വിഷയമാണ് മുഖ്യമായും സഭാതലത്തില്‍ പ്രതിഷേധം ഉയര്‍ന്നുവരാനുണ്ടായ കാരണമായി ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് സഭാനടപടികള്‍ തടസ്സപ്പെടുത്തുന്ന വേളയില്‍ ഗവണ്മെന്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നോട്ടീസിന് അവതരണാനുമതി നിഷേധിക്കുന്നതെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേ ആക്ഷേപം സഭയ്ക്ക് പുറത്തും പ്രതിപക്ഷ കക്ഷിനേതാക്കള്‍ പത്രസമ്മേളനത്തിലൂടെയും മറ്റും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ആക്ഷേപങ്ങള്‍ വസ്തുതാപരമല്ലെന്നു മാത്രമല്ല, അത് ചെയറിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതിന് തുല്യവും പാര്‍ലമെന്ററി മര്യാദകളുടെ കടുത്ത ലംഘനവും ആണെന്ന് അറിയിക്കട്ടെ.

വ്യത്യസ്ത കാരണങ്ങളാല്‍ നടപ്പു സമ്മേളനത്തില്‍ റൂള്‍ 50 പ്രകാരമുള്ള 4 നോട്ടീസുകള്‍ക്ക് അവതരണാനുമതി നിഷേധിച്ചിരുന്നു എന്നത് ഒരു വസ്തുതയാണെങ്കിലും അത് പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ ശാശ്വതമായി തടയുവാന്‍ ഉദ്ദ്യേശിച്ചുകൊണ്ടോ സര്‍ക്കാരിന്റെ താല്‍പര്യ സംരക്ഷണത്തിനു വേണ്ടിയോ ആയിരുന്നില്ല. സുപ്രധാന വിഷയങ്ങളിന്മേല്‍ റൂള്‍ 50 നോട്ടീസ് നല്‍കിക്കൊണ്ട് ചര്‍ച്ച ആവശ്യപ്പെടാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെ സംരക്ഷിക്കുവാന്‍ എന്റെ മുന്‍ഗാമികള്‍ കാണിച്ചിട്ടുള്ള മാതൃക തുടര്‍ന്നും ഉണ്ടാകുമെന്നാണ് ഇതുസംബന്ധിച്ച് സഭയെ അറിയിക്കാനുള്ളത്. ബന്ധപ്പെട്ട ചട്ടങ്ങള്‍ക്ക് നിരക്കാത്ത നോട്ടീസുകളിന്മേല്‍ യുക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ചെയറിന്റെ അധികാരത്തെ മറ്റു വിധത്തില്‍ വ്യാഖ്യാനിക്കുന്നതോ അതിന്റെ പേരില്‍ പാര്‍ലമെന്ററി മര്യാദകള്‍ ലംഘിക്കുന്നതോ യാതൊരു കാരണവശാലും അനുവദിക്കാനും ആകില്ല.

മറ്റൊരു കാര്യം ചെയറിനു സൂചിപ്പിക്കാനുള്ളത് സഭയ്ക്കകത്ത് അരങ്ങേറുന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചാണ്. സഭാ ചട്ടപ്രകാരവും പെരുമാറ്റ ചട്ടപ്രകാരവും സഭയ്ക്കകത്ത് പ്രതിഷേധിക്കാനുള്ള അംഗങ്ങള്‍ക്കുള്ള അവകാശം വളരെ പരിമിതമാണെങ്കില്‍ പോലും കേരള നിയമസഭയില്‍ സാമാന്യം ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ള മുന്‍ അനുഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ നടപടി ചട്ടപ്രകാരം സഭസമ്മേളനത്തിലായിരിക്കുമ്പോള്‍ സമാന്തര സമ്മേളനം എന്ന പേരില്‍ ഒരു നീക്കം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലിലൂടെ പകര്‍ത്തി ചാനലുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്ത നടപടികളില്‍ വളരെ സീനിയറായ അംഗങ്ങള്‍ വരെ പങ്കെടുത്തു എന്നത് ചെയറിനെ അത്ഭതപ്പെടുത്തുകയുണ്ടായി. അത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സഭാ പൈതൃകത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന കാര്യം ബഹുമാനപ്പെട്ട അംഗങ്ങള്‍ സ്വയം ചിന്തിക്കുമെന്നാണ് ചെയര്‍ കരുതുന്നത്. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അറിയിക്കുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാര്‍ഡുകളും ബാനറുകളും സഭയില്‍ പ്രദര്‍ശിപ്പിക്കുന്ന രീതി കൂടിക്കൂടി വരുന്നതിലും ചെയറിന്റെ മുഖം മറയ്ക്കുന്ന തരത്തില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലും ചെയറിനുള്ള കടുത്ത വിയോജിപ്പുകൂടി അറിയിക്കുന്നു. ഒരംഗം സംസാരിക്കുമ്പോള്‍ നിരന്തരം തടസ്സപ്പെടുത്തുക, അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുക, ചെയറിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ഇരുവിഭാഗങ്ങളും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുക എന്നിങ്ങനെയുള്ള അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുവാന്‍ എല്ലാ അംഗങ്ങളും തയ്യാറാകണമെന്ന് ചെയര്‍ അഭ്യര്‍ത്ഥിക്കുകയാണ്.

നിയമസഭാ നടപടികളുടെ തത്സമയ സംപ്രേക്ഷണം ‘സഭാ ടി.വി.’ വഴി നടത്തുന്നതില്‍ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്ന അപാകത സംബന്ധിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതി ചെയര്‍ പരിശോധിക്കുകയുണ്ടായി. അതുപോലെ പ്രതിപക്ഷ പ്രതിഷേധം നടക്കുന്ന സന്ദര്‍ഭങ്ങളിലെ സഭാ നടപടികളുടെ സംപ്രേക്ഷണത്തില്‍ പ്രതിഷേധത്തിന്റെ വിഷ്വല്‍സ് കൂടി ഉള്‍പ്പെടുത്തുന്ന പാര്‍ലമെന്റിലെ മാതൃക ഇവിടേയും സ്വീകരിക്കണമെന്ന നിര്‍ദ്ദേശം വിശദമായി പരിശോധിച്ച് ഉടന്‍ തന്നെ അതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കുന്നതാണെന്ന് വ്യക്തമാക്കാന്‍ ചെയര്‍ ആഗ്രഹിക്കുന്നു.

അതുപോലെ വീഡിയോ ചിത്രീകരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിക്കുന്ന സഭാതലത്തിലും പരിസരത്തും നിന്നുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തു കൊടുക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കക്ഷിനേതാക്കളുമായി കൂടിയാലോചിച്ച് ഉടന്‍ പുറപ്പെടുവിക്കുന്നതാണ്.

ഇനി ചെയറിനു സൂചിപ്പിക്കാനുള്ളത് മാര്‍ച്ച് 15 ന് നിയമസഭാ മന്ദിരത്തില്‍വച്ച് നടന്ന ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ സംബന്ധിച്ചാണ്. സഭയില്‍ പ്രതിഷേധങ്ങള്‍ പലവിധത്തില്‍ നടക്കാറുണ്ടെങ്കിലും സഭാധ്യക്ഷന്റെ ആഫീസ് ഉപരോധിക്കാനായി അന്ന് നടന്ന ശ്രമം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് ചെയര്‍ നിരീക്ഷിക്കുന്നത്. അത്തരമൊരു നീക്കം ഒരുപക്ഷേ കേരള നിയമസഭയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിട്ടായിരിക്കുമെന്നാണ് തോന്നുന്നത്. ഓഫീസ് ഉപരോധത്തെ തുടര്‍ന്ന് വാച്ച് ആന്റ് വാര്‍ഡ് സ്റ്റാഫുമായിട്ടുണ്ടായ ബലപ്രയോഗത്തിനിടയില്‍ ഏതാനും അംഗങ്ങള്‍ക്കും വാച്ച് ആന്റ് വാര്‍ഡ് സ്റ്റാഫിനും പരുക്കേല്‍ക്കുകയും ആശുപത്രിയില്‍ ചികിത്സയ്ക്കു വിധേയമാവേണ്ടി വരികയും ചെയ്തിട്ടുണ്ട്. ചിലര്‍ക്ക് സാരമായ പരിക്കുകള്‍ ഉണ്ടായതായും മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്. രണ്ട് ഭരണകക്ഷി അംഗങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ പത്തോളം പരാതികള്‍ ഇതിനകം ചെയറിന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് FIR ഇട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായും ചെയര്‍ മനസ്സിലാക്കുന്നു.

നിയമസഭാധ്യക്ഷന്റെ അധികാര പരിധിയില്‍വച്ച് നടന്ന ഒരു സംഭവം ആയതിനാലും ചട്ടം 164, 165 എന്നിവയിലെ വ്യവസ്ഥകള്‍ പാലിക്കേണ്ട തുള്ളതിനാലും ഇക്കാര്യം വിശദമായി പരിശോധിച്ചതിനുശേഷം മാത്രമേ ലഭ്യമായ പരാതികളിന്മേല്‍ യുക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്ന കാര്യം കൂടി ചെയര്‍ അറിയിക്കുന്നു.

ബഹുമാനപ്പെട്ട അംഗങ്ങളേ,

നിയമസഭയുടെയും അതിന്റെ വിവിധ കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെയും സുഗമമായും നടത്തിക്കൊണ്ടു പോവുകയും അതുവഴി നമ്മുടെ നാട് നേരിട്ടുകൊണ്ടിരിക്കുന്ന വൈവിധ്യമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുക, മറ്റ് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നിവ കേരള ജനത നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നൂറു ശതമാനം സത്യസന്ധതയോടെ നിര്‍വ്വഹിക്കപ്പെടുന്ന കാര്യത്തില്‍ നാമെല്ലാവരും നമ്മെ തെരഞ്ഞെടുത്തവരോട് കടപ്പെട്ടിരിക്കുന്നു. കേവലമായ രാഷ്ട്രീയ ഭിന്നതയുടേയും അഭിപ്രായ വ്യത്യാസങ്ങളുടേയും പേരില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറുവാന്‍ നമുക്കാവില്ല. യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിച്ചുകൊണ്ടും വിയോജിക്കേണ്ട കാര്യങ്ങളില്‍ വിയോജിച്ചുകൊണ്ടും നമ്മുടെ നിയമസഭാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുവാന്‍ എല്ലാ അംഗങ്ങളും തയ്യാറാകണ മെന്നാണ് ചെയറിനു നിര്‍ദ്ദേശിക്കുവാനുള്ളത്. ചട്ടങ്ങളും കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഓരോ അംഗത്തിനും ലഭ്യമായിട്ടുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള ഒരു സമീപനവും ചെയറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല എന്ന കാര്യം ഒരിക്കല്‍ക്കൂടി അടിവരയിട്ടു പറയാന്‍ ചെയര്‍ ആഗ്രഹിക്കുകയാണ്.

Rule 50 നോട്ടീസുകള്‍ക്കു പുറമെ നമ്മുടെ സഭയില്‍ കഴിഞ്ഞ കുറെ കാലമായി തീരെ അവസരം ലഭിക്കാതിരുന്ന ചട്ടം 49 പ്രകാരമുള്ള അരമണിക്കൂര്‍ ചര്‍ച്ച, അടിയന്തര പൊതുപ്രാധാന്യമുള്ള വിഷയങ്ങളിന്മേല്‍ ചട്ടം 58 പ്രകാരമുള്ള ചര്‍ച്ച, മറ്റ് പൊതുതാല്‍പര്യമുള്ള വിഷയങ്ങളിന്മേല്‍ ചട്ടം 130 പ്രകാരമുള്ള ചര്‍ച്ച, വിവിധ സഭാ സമിതികളുടെ റിപ്പോര്‍ട്ടിന്മേലുള്ള ചട്ടം 205 ബി പ്രകാരമുള്ള ചര്‍ച്ച തുടങ്ങിയവയ്ക്ക് കൂടി സഭാതലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ചെയറിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകുന്നതാണെന്നു കൂടി ഇത്തരുണത്തില്‍ സഭാംഗങ്ങളെ അറിയിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News