സെപ്റ്റംബര്‍ വരെ നിപ പ്രതിരോധം ശക്തമാക്കണം; പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജില്ലകളില്‍ സെപ്റ്റംബര്‍ മാസം വരെ കാമ്പയിന്‍ അടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.

Also Read; നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ പാമ്പ് കടിച്ചതായി സംശയം; തെരച്ചിൽ ആരംഭിച്ച് റെയിൽവേ

കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് വവ്വാലുകളില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്, വാഴക്കുലയിലെ തേന്‍ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസര്‍ജ്യമോ അവ കടിച്ച വസ്തുക്കളോ സ്പര്‍ശിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സ്‌കൂള്‍ ഹെല്‍ത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും അവബോധം നല്‍കും.

നിപ പ്രതിരോധത്തിന് വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും കലണ്ടറിലുണ്ട്. പനി, തലവേദന, അകാരണമായ ശ്വാസംമുട്ടല്‍, മസ്തിഷ്‌ക ജ്വരം എന്നിവയുമായി ആശുപത്രികളിലെത്തുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കണം. കാരണം ഉറപ്പുവരുത്തുന്നതിന് മുമ്പ് മരണമുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണം. സ്വകാര്യ ആശുപത്രികളും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണം. രോഗ ലക്ഷണങ്ങളില്‍ സംശയമുണ്ടെങ്കില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ റഫര്‍ ചെയ്യണം. ശ്വാസകോശ സംബന്ധമായ കേസുകള്‍ ഓഡിറ്റ് ചെയ്യണം. മസ്തിഷ്‌ക ജ്വരം (AES) കേസുകളില്‍ ഡെത്ത് ഓഡിറ്റ് നടത്തണം. ആശുപത്രി ജിവനക്കാര്‍ക്ക് അണുബാധ നിയന്ത്രണം, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ സംബന്ധിച്ച് വ്യാപകമായി പരിശീലനം നല്‍കണം.’

Also Read; ദില്ലി മദ്യനയ അഴിമതിക്കേസ്; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ആരോഗ്യ രംഗത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News