
ആദിവാസി-ഗോത്ര ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഇടതുപക്ഷ സർക്കാർ സർവ്വോന്മുഖമായ പ്രവർത്തനങ്ങളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെടുന്ന ഇത്തരം ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി നിരവധി പദ്ധതികൾ ഇതിനോടകം സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമാണ് ആദിവാസി ജനവിഭാഗങ്ങൾക്കായുള്ള ലൈഫ് വീടുകൾ. കാടിറങ്ങാൻ തയാറാവാത്ത ആദിവാസികൾക്കും കാടിനുള്ളിൽ ലൈഫിൽ വീടൊരുങ്ങുകയാണ്. സംസ്ഥാനത്തെ മുഴുവൻ ആദിവാസി ജനവിഭാഗങ്ങൾക്കും ലൈഫ് വീട് ഒരുക്കുക ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച പദ്ധതിയിലാണ് വീടുകൾ നിർമിക്കുന്നത്. മലപ്പുറം ജില്ലയിലെ കാട്ടുനായ്ക്കർ ,ചോലനായ്ക്കർ വിഭാഗത്തിൽ പെട്ടവർക്ക് വീട് നിർമിക്കാൻ പ്രത്യേക പാക്കേജാണ് സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. വനത്തിനകത്ത് കഴിയുന്ന ആദിവാസി കുടുംബങ്ങളെ ഒരുവർഷംകൊണ്ട് വീടിന് ഉടമകളാക്കുന്ന പദ്ധതിക്കാണ് സർക്കാർ തുടക്കം കുറിച്ചത്.
നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവ് പഞ്ചായത്തിൽ പുഞ്ചക്കൊല്ലി, അളയ്ക്കൽ ആദിവാസി നഗറിൽ 27 വീടുകളുടെ നിർമാണം ലൈഫ് പദ്ധതിയിൽ ആരംഭിച്ചു കഴിഞ്ഞു. കരുളായി പഞ്ചായത്തിലെ മാഞ്ചീരി, മുണ്ടക്കടവ്, പുലിമുണ്ട, വട്ടിക്കല്ല് ആദിവാസി നഗറിലെ 152 കുടുംബങ്ങളെ സംസ്ഥാന സർക്കാർ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ALSO READ: നമ്മൾ ഒരുമിച്ച് മത്സരിച്ച് ഒരുമിച്ച് ജയിക്കും: എം സ്വരാജ്
നിലമ്പൂർ ബ്ലോക്കിലുള്ള വനമേഖലയിലെ ആദിവാസികൾക്ക് 140 വീടുകൾ നിർമിച്ച് നൽകാനും നടപടി ആരംഭിച്ചുകഴിഞ്ഞു. പോത്തുകല്ല് പഞ്ചായത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ, തണ്ടം കല്ല്, അപ്പൻകാപ്പ് ആദിവാസി നഗറുകളിലായി 70 വീടുകളും നിർമിച്ച് നൽകും. കുമ്പളപ്പാറയിൽ ലൈഫ് വിടുകളുടെ നിർമാണം തുടങ്ങി. മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം, പുളക്കപ്പാറ നഗറിലായി 18 വീട്, വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ എന്നിവിടങ്ങളിലേക്ക് 44 വീടുകളുമാണ് നിർമിക്കുക. വനത്തിനുപുറത്ത് കഴിയുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 90 ശതമാനം പേർക്കും ഇതിനോടകം വീട് നൽകിയിട്ടുണ്ട്. ചാലിയാർ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന ഇരുട്ടുകുത്തിപ്പാലം നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here