
നവജിത്ത് അഷ്ടമചന്ദ്രൻ
ഏകാധിപത്യ പ്രവണതകളുള്ള ഭരണാധികാരികൾ ഏറ്റവും ഭയക്കുന്നത് എന്തിനെയാണ്? അതിനൊരൊറ്റ ഉത്തരം മാത്രമേയുളളൂ ജനാധിപത്യ പ്രക്ഷോഭങ്ങളെ. നവഫാസിസ്റ്റ് സ്വഭാവമുള്ള മോദി നേതൃത്വത്തിലുള്ള ഇന്ത്യയിലെ ബിജെപി സർക്കാരും ഭയപ്പാടൊടെയാണ് തങ്ങളുടെ നേർക്ക് ഉയരുന്ന ചോദ്യങ്ങളെ കാണുന്നത്. ഉയർന്നു വരുന്ന ഭരണവിരുദ്ധ വികാരത്തെ ആരംഭദശയിലെ ഇല്ലായ്മ ചെയ്യാൻ, ഇന്ത്യയിലെ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനായി മാർഗരേഖയുണ്ടാക്കാൻ നിർദേശിച്ചിരിക്കുയാണ് മോദി സർക്കാർ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇതിനായുള്ള നിർദേശം നൽകിയിരിക്കുന്നത്. ‘നിക്ഷിപ്‌ത താൽപ്പര്യക്കാരുടെ ബഹുജന പ്രക്ഷോഭങ്ങൾ’ തടയുക എന്ന പേരിലാണ് ജനാധിപത്യ വിരുദ്ധമായ മാർഗരേഖയുണ്ടാക്കാനുള്ള നവഫാസിസ്റ്റ് ഭരണാധികാരികളുടെ കരുനീക്കം. അതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിനോട് (ബിപിആർഡി) സ്വാത്യന്ത്ര്യത്തിന് ശേഷം ഇന്ത്യയിലുണ്ടായിട്ടുള്ള ബഹുജന പ്രക്ഷോഭങ്ങളെപറ്റി പഠിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
1974 ന് ശേഷം ഇന്ത്യയിൽ സംഭവിച്ചിട്ടുള്ള പ്രതിഷേധങ്ങളെ കുറിച്ച് പ്രത്യേകമായി പഠിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ കാരണം, സാമ്പത്തിക വശങ്ങൾ, അന്തിമഫലം എന്തായിരുന്നു, മറഞ്ഞിരിക്കുന്ന പങ്കാളികൾ എന്നിവ എന്താണെന്ന് പഠിക്കണമെന്നാണ് ദേശീയ സുരക്ഷ സ്‌ട്രാറ്റജീസ് 2025 സമ്മേളനത്തിൽ അമിത് ഷാ നിർദേശം നൽകിയതെന്ന് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്തു.

ഭരണകൂടത്തിനെതിരായി രൂപീകരിക്കപ്പെടുന്ന പ്രതിഷേധങ്ങളെ വളരെ വേഗം തിരിച്ചറിയുന്നതിനും. പ്രക്ഷോഭം ശക്തമാകുന്നതിന് മുമ്പ് അത് അടിച്ചമർത്താനും ഇത്തരമൊരു റിപ്പോർട്ട് ഏകാധിപത്യപ്രവണതയുള്ള ഭരണകൂടത്തെ സഹായിക്കും.
പഠനത്തിലൂടെ പരിശോധിക്കുന്ന കാര്യങ്ങൾ
- പ്രതിഷേധങ്ങൾക്ക് പിന്നിലെ കാരണങ്ങൾ
- പ്രക്ഷോഭങ്ങളുടെ സാമ്പത്തിക വശങ്ങൾ
- പ്രക്ഷോഭങ്ങളുടെ അന്തിമഫലം എന്തായിരുന്നു
- പ്രതിഷേധങ്ങൾക്ക് പിന്നിലുണ്ടായിരുന്നവർ ആരൊക്കെ
സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പുകളുടെ കൈവശമുള്ള രേഖകൾ ഉൾപ്പെടെ പരിശോധിച്ചാണ് പഠനം നടത്തുന്നത്.
എന്ത് കൊണ്ട് 1974 ന് ശേഷമുള്ള പ്രക്ഷോഭങ്ങളെ പ്രത്യേകമായി പഠനത്തിൽ പരാമർശിക്കുന്നത്?
ബഹുജന പ്രക്ഷോഭങ്ങളെ കുറിച്ച് പഠിക്കാൻ നിർദേശിച്ചപ്പോൾ അതിൽ എടുത്ത് പറഞ്ഞത് 1974 ന് ശേഷമുള്ള പ്രക്ഷോഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്. ഇന്ത്യൻ ഭരണകൂടത്തെ പിടിച്ചുകുലുക്കാൻ കെല്പുള്ള പ്രക്ഷോഭങ്ങൾ നടന്നത് 1974ന് ശേഷമാണ് എന്നതാണ് അതിന്റെ ഒരു പ്രധാന കാരണം.

അടിയന്തരാവസ്ഥയിലേക്ക് നയിച്ച ജെപി മൂവ്മെന്റ്, മണ്ഡൽ കമ്മീഷൻ പ്രതിഷേധം, സിഎഎ എൻആർസി വിരുദ്ധ പ്രക്ഷോഭം, കർഷക പ്രക്ഷോഭം, ജെഎൻയു പ്രതിഷേധം എന്നിവ അവയിൽ ചിലതാണ്. പ്രതിഷേധങ്ങൾ എങ്ങനെ ബഹുജന മുന്നേറ്റങ്ങളായി മാറുന്നു എന്ന് പഠിക്കുന്നതിലൂടെ, അവയെ എങ്ങനെ നിർവീര്യമാക്കാം എന്ന് മനസിലാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതിന് വേണ്ടിയാണ് 1974 ന് ശേഷമുള്ള ബഹുജന മുന്നേറ്റങ്ങളെ പറ്റി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശിച്ചതെന്നാണ് വിശകലന വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
പഠനത്തിലൂടെ എന്താണ് അന്വേഷിക്കുന്നത്?
പ്രതിഷേധങ്ങളുടെ കാരണം എന്താണ്, പ്രതിഷേധങ്ങൾക്ക് ലഭിച്ച സാമ്പത്തിക പിന്തുണ എവിടെനിന്നാണ്, പ്രക്ഷോഭങ്ങളുടെ അന്തിമഫലം എന്തായിരുന്നു. എന്തെങ്കിലും രാഷ്ട്രീയമോ സാമൂഹികമോ ആയ മാറ്റങ്ങൾക്ക് അവ കാരണമായിട്ടുണ്ടോ. എൻജിഒകൾ, വിദേശ സ്ഥാപനങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ അങ്ങനെ ആരെല്ലാമായിരുന്നു പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകിയിരിക്കുന്നത്. എന്നതെല്ലാമാണ് പഠനത്തിലൂടെ കണ്ടെത്താൻ ലക്ഷ്യമിട്ടിരിക്കുന്നത്.

പഠനത്തിനായി സാമ്പത്തിക ഏജൻസികളും
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED), ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ (FIU-IND), സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) എന്നീ ഏജൻസികളും പഠനത്തിൽ സഹകരിക്കുന്നുണ്ട്. പ്രതിഷേധങ്ങൾക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. പ്രതിഷേധങ്ങൾക്ക് ലഭിക്കുന്ന ധനസഹായത്തെയും സാമ്പത്തിക വശങ്ങളെയും പറ്റി പഠിക്കാനാണ് ഈ ഏജൻസികളുമായി സഹകരിക്കുന്നത്.
അതൊടൊപ്പം തന്നെ ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കുന്നതിനായുള്ള മാർഗരേഖ തയാറാക്കാനും കേന്ദ്രം ഈ ഏജൻസികളോട് നിർദേശിച്ചിട്ടുണ്ട്.

എന്താണ് ലക്ഷ്യം?
“ഭാവിയിൽ നിക്ഷിപ്ത താൽപ്പര്യക്കാരുടെ ബഹുജന പ്രക്ഷോഭങ്ങൾ തടയുന്നതിന് പഠനത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കി ഒരു എസ്ഒപി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്” ഈ പഠനത്തെ പറ്റി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത് ഇപ്രകാരമാണ്.
അഴിമതി, തൊഴിലില്ലായ്മ, സാമൂഹിക അസമത്വം, ഭരണകൂടത്തിന്റെ ഏകാധിപത്യ നടപടികൾ എന്നീ കാരണങ്ങളാൽ ഉണ്ടാകുന്ന ബഹുജന പ്രക്ഷോഭങ്ങൾ എങ്ങനെ വലിയ പ്രതിഷേധങ്ങളായി മാറുന്നു എന്ന പാറ്റേൺ പഠിക്കുന്നതിലൂടെ ബഹുജന പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നത് തടയാനും അവയുടെ ആരംഭദശയിൽ തന്നെ ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ച് അവയെ നിർവീര്യമാക്കാനും സാധിക്കും. അത് തന്നെയാണ് നവഫാസിസ്റ്റ് സ്വഭാവമുള്ള ബിജെപി സർക്കാരിന്റെ ലക്ഷ്യവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

