
കെ ജി സൂരജ്
‘മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ. രണ്ടും കെട്ടൊരു മുഖ്യമന്ത്രി’.- പി എം എ സലാം
മുസ്ലിം ലീഗ്
‘കേരളം ആൺകുട്ടികൾ ഭരിക്കും’- കെ സി വേണുഗോപാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
മാധ്യമ, ബൗദ്ധിക, രാഷ്ട്രീയ മേഖലകളിലെ പുരുഷാധിപത്യം ഭാഷയിലെ ലിംഗത്വ സമഗ്രതയെ പ്രതികൂലമാക്കുന്നതിന്റെ ‘ആണാപ്പെറന്ന’ ഉദാഹരണങ്ങളാണ് ‘മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ; രണ്ടും കെട്ടൊരു മുഖ്യമന്ത്രി’ എന്ന മുസ്ലിം ലീഗ് നേതാവ് പി എം എ സലാമിന്റേയും ‘കേരളം ആൺകുട്ടികൾ ഭരിക്കും’ എന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ദേശീയ നേതാവ് കെ സി വേണുഗോപാലിന്റേയും മൊഴിമുത്തുകൾ.
ഈ വിധത്തിലെ മലിന ഭാഷ ഉൽപ്പാദിപ്പിക്കുന്നവരിലെ വലത് രാഷ്ട്രീയ ഭൂരിപക്ഷമായ പുരുഷന്മാർ പുരുഷാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നത് തങ്ങൾ തന്നെ മാസ് എന്നോ പഞ്ച് എന്നോ ധരിച്ചു വശായ സമത്വവിരുദ്ധതയിലൂടെയാണ്. ഈവിധമുള്ള ഭാഷാപരമായ തെരഞ്ഞെടുപ്പുകളിലൂടെ സലാം – വേണുഗോപാൽമാർ നിർവ്വഹിക്കുന്നത് തങ്ങൾക്കുമുൻപിൽ നേരിലും തുടർന്ന് ദൃശ്യ – ശ്രവ്യ – സാമൂഹിക മാധ്യമങ്ങളിലൂടെയും കേട്ടിരുന്ന് ഊറ്റം കൊണ്ട് കൈയടിക്കാനോ ഊറിച്ചിരിക്കാനോ വിധിക്കപ്പെട്ട ശ്രോതാക്കൾക്കുമേലുള്ള ദുസ്വാധീനമല്ലാതെ മറ്റൊന്നല്ല.
ജൻഡറും സെക്‌സും തമ്മിലുള്ള വ്യതാസം എന്തെന്ന് അറിയാത്തതോ, പുരുഷാധിപത്യ സ്വഭാവമുള്ള സാമൂഹിക ഘടനയിൽ കയ്യടി നേടുന്നതിനുള്ള ലിംഗത്വ സാക്ഷരത അതിൻപ്രകാരം മതിയാകും എന്ന രാഷ്ട്രീയലാക്കോ ആണ് പി എം എ സലാമിനെ നയിക്കുന്നതെങ്കിൽ പുരുഷന്മാർ മറ്റെല്ലാ ലിംഗത്വങ്ങൾക്കും മേലേ ഗുണഗണങ്ങൾ/ സിദ്ധി വൈഭവങ്ങൾ ഉള്ളവരാണെന്ന മിഥ്യാധാരണയിലോ ഇതര ലിംഗത്വങ്ങൾ രണ്ടാം തരമെന്ന അവബോധത്തിലോ, അങ്ങനെ പ്രതികരിച്ചാൽ അംഗീകാരം വർദ്ധിക്കുമെന്ന കപടലാക്കിലോ ആണ് കെ സി വേണുഗോപാൽ വീരസ്യം വിളമ്പുന്നത്. ശാസ്ത്രചിന്തയോ യുക്തിബോധമോ അശേഷം സ്പർശിക്കാത്ത പ്രസ്താവനകളിലൂടെ എയറിയലായ ഇരുവരും വലതുപക്ഷ ജനാധിപത്യ മുന്നണിയുടെ താഴികക്കുടങ്ങളാണെന്നതിൽ കീ ജയ് വിളിക്കുന്നവർക്ക് അഭിമാനം കൊള്ളാം.
ജനന സമയത്തെ ലൈംഗിക അവയവങ്ങൾ അവലംബമാക്കിയാണ് ബയോളജിക്കൽ സെക്സ് നിർണ്ണയിക്കുക. ഫീമെയിൽ, മെയിൽ, ഇന്റർ സെക്സ് തുടങ്ങി
മൂന്ന് തരത്തിലുള്ള ബയോളജിക്കൽ സെക്സാണുള്ളത്. XX ക്രോമസോം, ഗർഭ പാത്രം, അണ്ഡാശയം, യോനി എന്നിവ സ്ത്രീയുടേയും, XY ക്രോമസോം, ലിംഗം, വൃഷ്ണസഞ്ചി എന്നിവ പുരുഷന്റേയും ജൈവപരമായ പ്രത്യേകതകളാണ്. സൂചിതങ്ങളായ നിയത നിർവ്വചനകളിൽ (സ്ത്രീ, പുരുഷൻ) നിന്നും തികച്ചും വിഭിന്നമായതോ ഇടകലർന്നതോ ആയ ജൈവപരമായ പ്രത്യേകതകളാണ് ഇന്റർ സെക്സ് മനുഷ്യരുടേത്.
പി എം എ സലാമിന്റെ പ്രസ്താവം അപേക്ഷാ ഫോറത്തിൽ സെക്സ് എന്ന കള്ളി പൂരിപ്പിക്കുന്നതിനു മുൻപേ ഒരു രസ്യൻ സിരിയോടെ ‘ അങ്ങനെ ഒന്നും ഇല്ലേ’ എന്ന് തട്ടിമൂളിക്കുന്ന വഷള് വങ്കത്തരമല്ലാതെ മറ്റൊന്നല്ല.
ബയോളജിക്കൽ സെക്‌സിനനുസൃതമായ (സ്ത്രീ, പുരുഷൻ, ഇന്റർസെക്സ്) വ്യക്തികൾ ഏതേത് വിധം പെരുമാറ്റം സാധ്യമാക്കണം, സ്ഥാനം എന്താകണം, ദൃശ്യരാകേണ്ടതെങ്ങനെ, ഏതേത് തൊഴിലുകളിലാണ് ഏർപ്പെടേണ്ടത് എന്നിങ്ങനെ അതത് സമൂഹങ്ങൾ നിർമ്മിച്ചു വെച്ചിരിക്കുന്ന മാനദണ്ഡങ്ങളാണ് ജെണ്ടർ അഥവാ ലിംഗത്വം. ജനന സമയം ശാരീരിക സവിശേഷതകളാൽ നിർണ്ണയിക്കപ്പെട്ട ബയോളജിക്കൽ സെക്‌സും (sex) ലിംഗത്വ സ്വത്വവും (gender identity) പരസ്പരപൂരകമല്ലെന്ന തിരിച്ചറിവിൽ സ്വന്തം ലിംഗത്വം (gender) അനുസരിച്ച് ജീവിതം സാധ്യമാക്കുന്നവരാണ് ട്രാൻസ് ജെണ്ടർ വ്യക്തികൾ. ട്രാൻസ് വുമൺ, ട്രാൻസ് മെൻ, നോൺ ബൈനറി തുടങ്ങിയ ഉപലിംഗത്വങ്ങളും പൊതുവിലുണ്ട്.
സമ്പൂർണ്ണമായും സ്ത്രീവിരുദ്ധമായ പുരുഷാധിപത്യ വ്യവസ്ഥയിൽ സ്ത്രീകൾ ഏതു വിധേയമാണോ കൈകാര്യം ചെയ്യപ്പെട്ടത് അതിനേക്കാൾ നിഷ്ടൂരമായാണ് ട്രാൻസ്‌ജെന്റർ വ്യക്തികൾക്കെതിരായ സമീപനങ്ങൾ. ട്രാൻസ് ജൻഡർ വ്യക്തികൾക്കെതിരായ ഭയം, അനിഷ്ടം, മുൻധാരണ എന്നിവയാണ് ട്രാൻസ്‌ഫോബിയ. ട്രാൻസ് ജെണ്ടർ വ്യക്തികൾ മൂന്നാം തരം മനുഷ്യരാണെന്നതും അവർക്ക് വേണ്ടത് മൂന്നാം മുറയാണെന്നും കരുതിപ്പോരുന്ന ആണധികാര ബോധത്തിന് ചൂട്ടും കറ്റയും ഒരുക്കിക്കൊടുക്കുന്ന ജോലിയാണ് പി എം എ സലാംമാർ നിർവ്വഹിച്ചുപോരുന്നത്.
ഇന്റർ സെക്സ് വിഭാഗങ്ങളെ പൊതുവായി അപഹസിക്കുന്നതിനും സമൂഹ വിലക്കേർപ്പെടുത്തുന്നതിനുമായി ഇത്തരക്കാർ പ്രയോഗിച്ചുവരുന്ന ‘ ആണും പെണ്ണും കെട്ടവൻ, രണ്ടും കെട്ടവർ’ തുടങ്ങിയ ആധുനിക സമൂഹത്തിന് അശേഷം യോജിക്കാത്ത രാഷ്ട്രീയമായി തെറ്റായ പ്രയോഗങ്ങളിലേക്ക് സലാം ചേർത്തു വെച്ചത് നവകേരള ശില്പി മുഖ്യമന്ത്രി പിണറായി വിജയനെയാണ്.
പി എം എ സലാമിന് ഹറാമായ പ്രസ്തുത വിഭാഗത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമായി രണ്ടാം പിണറായി വിജയൻ സർക്കാർ – സാമൂഹിക ക്ഷേമ വകുപ്പ് നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ നിരവധിയാണ്.
ട്രാൻസ് ജൻഡർ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് : ഏഴാം ക്ലാസ് മുതൽ ഡിപ്ലോമ ഡിഗ്രി പിജി തലം വരെ ട്രാൻസ് ജൻഡർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്.
സഫലം : ഡിഗ്രി ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നതിനായി ഒരുലക്ഷം രൂപ വരെ ധനസഹായം ലഭ്യമാകുന്ന പദ്ധതി.
ഹോസ്റ്റൽ സൗകര്യം : ട്രാൻസ് ജൻഡർ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം / താമസ സൗകര്യം എന്നിവകൾക്കായി ധനസഹായം ലഭ്യമാകുന്ന പദ്ധതി.
എസ് ആർ എസ് : ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ട്രാൻസ് ജൻഡർ വ്യക്തികൾക്ക് ധനസഹായം നൽകുന്ന പദ്ധതി.
എസ് ആർ എസ് തുടർ ചികിത്സാ പദ്ധതി : ലിംഗ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ട്രാൻസ് ജൻഡർ വ്യക്തികൾക്ക് പോഷകാഹാരത്തിനും തുടർ ചികിത്സക്കും സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതി.
വിവാഹ ധനസഹായ പദ്ധതി : ട്രാൻസ് ജൻഡർ വ്യക്തികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതി.
സൂചിതമായവ സംബന്ധിച്ച അന്വേഷണങ്ങൾക്കും ഓൺലൈനായി അപേക്ഷ നൽകുന്നതിനും https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ആണധികാരവും വ്യവസ്ഥാപിത മതങ്ങളും രാഷ്ട്രീയ വലതും സാമ്രാജ്യത്വവും മൗലികാവകാശമെന്നോണം ട്രാൻസ് ജൻഡർ വ്യക്തികൾക്കെതിരായ പാർശ്വവത്ക്കരണശ്രമങ്ങൾ സാർവ്വദേശീയമായി തന്നെ തുടരുമ്പോഴാണ് നവകേരളം മുഖ്യമന്ത്രി പിണറായി വിജയൻറെ ദീർഘദർശിത്വത്തിൽ
പ്രസ്തുത സമൂഹത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും ശാക്തീകരിച്ച് പൊതുധാരയിലേക്ക് കൈപിടിക്കുന്നത്. കേരളം നമ്പർ വൺ ആകുന്നത് ഈവിധം അർഹരാകെ യഥാസമയം വികസനത്തിന്റെയും ക്ഷേമത്തിന്റേയും സ്വാദ് നുകരുമ്പോഴാണ്.
Also Read- വിവാദ പ്രസ്താവനയിൽ പി എം എ സലാമിനെ തള്ളി മുസ്ലീം ലീഗ് നേതൃത്വം
സാമ്പത്തിക ഘടനയേയും വർഗ്ഗബന്ധങ്ങളേയും പ്രതിഫലിപ്പിക്കുന്ന പ്രതിഭാസമാണ് ഭാഷയെന്ന കാഴ്ചപ്പാട് മുന്നോട്ടു വെച്ചത് കാൾ മാർക്‌സാണ്. ഭാഷ ഒരു പ്രത്യയശാസ്ത്ര ഉപകരണം എന്ന നിലയിലും പ്രവർത്തിക്കുന്നു. വലതുപക്ഷം
തങ്ങളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ആധിപത്യം നിലനിർത്തുന്നതിന് ഭാഷയെ ദുരുപയോഗം ചെയ്യുന്നതിന് നൂറ്റണ്ടുകളുടെ പഴക്കമുണ്ട്. പുരുഷാധിപത്യ പ്രത്യയശാസ്ത്രത്താൽ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്ന രാഷ്ട്രീയ വലതുപക്ഷം ആത്യന്തികമായി ആണിസത്തിൽ അഭിരമിയ്ക്കുന്നവരുടെ ആൾക്കൂട്ടവുമാണ്. അവസര സമത്വത്തിലോ, ലിംഗ നീതിയിലോ അശേഷ വിശ്വാസമില്ലാത്ത ജനാധിപത്യവിരുദ്ധമായവരുടെ പൊതു സംജ്ഞയാണ് ‘ ആൺകൂട്ടം’.
അമേരിക്കൻ എഴുത്തുകാരി റീത്ത മേ ബ്രൗൺ (Rita Mae Brown) ഭാഷയെ നിർവചിക്കുന്നത് സംസ്കാരത്തിന്റെ ഭൂപടപാത എന്നാണ്. അത് അതിലെ മനുഷ്യർ എവിടെനിന്നു വന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും പറഞ്ഞു വെയ്ക്കുന്നു. മനുഷ്യവംശത്തിന്റെ കൊടിപ്പടം എന്ന നിലയിൽ ഭാഷ, ആശയവിനിമയത്തിനും അത് പിന്തുടരുന്ന സംസ്കാരത്തിന്റെ സത്തയെ സംഗ്രഹിക്കുന്നതിനുമുള്ള ഉപാധിയുമാണ്. കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിലും നിലനിൽക്കുന്ന വാർപ്പുമാതൃകകളെ ശക്തിപ്പെടുത്തുന്നതിലോ ഒരു പ്രത്യേക ലക്ഷ്യം മുൻനിർത്തി അവയ്ക്കുമേൽ നിയന്ത്രണമുറപ്പാക്കുന്നതിനും ഭാഷയ്ക്ക് അപരിമേയമായ ശക്തിയുണ്ട്. സ്ത്രീകൾക്കെതിരായ ലിംഗ വിവേചനകളുടെ ചരിത്രം; ഭാഷാശാസ്ത്രത്തിന്റെ തുടക്കം / നദീതട സംസ്കാരങ്ങളിലെ ലിംഗപദവികളുടെ രൂപംകൊള്ളൽ എന്നിവയിൽ ആരംഭം കൊള്ളുന്നു. പാശ്ചാത്യ – ഇന്ത്യൻ സംസ്കാരങ്ങൾ പുരുഷമേധാവിത്വത്തിലും സ്ത്രീകളെ അടിച്ചമർത്തുന്നതിലുമൂന്നിയ നിലകളിലാണ് ക്രമപ്പെട്ടിരിക്കുന്നത്.
പുരുഷമേധാവിത്വം ഭാഷയിൽ പ്രവർത്തിക്കുന്നത് അതുറപ്പിക്കുകയും ദൃഢീകരിക്കുകയും ചെയ്യുന്ന നിത്യോപയോഗത്തിലുള്ള പദങ്ങൾ, വ്യാകരണം, ആശയവിനിമയ പ്രയോഗങ്ങൾ എന്നിവകളിലൂടെയാണ്. വിവിധ ലിംഗത്വ പ്രാതിനിധ്യമുള്ള ഒരു കൂട്ടായ്മയെ ഹീ അല്ലെങ്കിൽ ഹിം എന്ന നിലയിൽ അഭിസംബോധന ചെയ്യുന്നതിലൂടെ അടിച്ചേൽപ്പിയ്ക്കപ്പെടുന്ന പുരുഷ മേധാവിത്വത്തിലൂന്നിയ വ്യവസ്ഥകളും , ശീർഷകങ്ങളും; സ്ത്രീകൾ രണ്ടാം തരമെന്ന ധാരണ ഉളവാക്കുകയും അത് ആത്യന്തികമായി അസമത്വത്തിലേക്ക് വഴിതുറക്കുകയും ചെയ്യുന്നു.
കെ സി വേണുഗോപാലിന്റെ ‘ കേരളം ആൺകുട്ടികൾ’ ഭരിക്കുമെന്ന മാനവികാവിരുദ്ധമായ ഭാഷാപ്രയോഗത്തിലെ രാഷ്‌ടീയ പിശക് കേവലമൊരു നാക്കുപിഴയല്ല. അത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ത്രീകളോടും ഇതര ലിംഗത്വ സ്വത്വങ്ങളോടുമുള്ള മനോഭാവവും പ്രവണതയുമാണ്. അത് കേട്ട് അതേ വേദിയിലും സദസ്സിലും കയ്യടിച്ച സ്ത്രീകൾ തങ്ങളടങ്ങുന്ന സ്ത്രീ സമൂഹത്തെ തന്ത്രപൂർവ്വം തിരസ്ക്കരിച്ച് വിഭാവനം ചെയ്യുന്ന മലർപ്പൊടിയാണ് വേണുവിന്റെ കിനാവെന്നത് അതിവിദൂരമല്ലാതെ തിരിച്ചറിയുമെന്ന് വ്യഥാ ധരിക്കാം.
ചികിത്സ വേണ്ടത് സലാമും വേണുഗോപാലും പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾക്കാണ്. അഞ്ചുകൊല്ലങ്ങളുടെ ഇടവേളകളിൽ കേരളം അത് സമയബന്ധിതമായി നിർവ്വഹിക്കുന്നു. ഇടതുബദൽ മേൽവിലാസമാകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

