ഭഗീരഥൻ പിള്ളയെ ഓർമിപ്പിക്കുന്ന കോൺഗ്രസ്‌–ലീഗ്‌ നേതാക്കൾ; നുണ പ്രചാരണം കൊണ്ടൊന്നും സത്യം മറച്ചുവയ്‌ക്കാനാവില്ല

brittas_league

ഡോ. ജോൺ ബ്രിട്ടാസ് എം.പി

സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിനു കിട്ടാനുള്ള തുക നേടിയെടുക്കുന്നതിന്‌ കേന്ദ്രമന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട്‌ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും നേതാക്കളുടെ പ്രതികരണം ശ്രദ്ധിച്ചപ്പോൾ സത്യത്തിൽ ചിരിയാണ്‌ വരുന്നത്‌. ചിരിപ്പിച്ച്‌ ഹലാക്കിലാക്കല്ലേ എന്നാണ്‌ ഇരു പാർട്ടികളുടെയും നേതാക്കളോട്‌ അഭ്യർഥിക്കാനുള്ളത്‌.

ഫാസിസ്റ്റ്‌ ശക്തിയെ നേരിടാൻ ഡൽഹിയിലേക്ക്‌ പോയ ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടി നരേന്ദ്ര മോദിയുടെ അനുഗ്രഹം വാങ്ങി കേരളത്തിലേക്കു തിരിച്ചുപോയതാണ്‌ നാം കണ്ടത്‌. ബി ജെ പി നേതാക്കളായ രാജീവ്‌ ചന്ദ്രശേഖറിനെയും വി മുരളീധരനെയും കേരളത്തിന്റെ അംബാസഡർമാരെന്ന്‌ പാർലമെന്റിൽ വിശേഷിപ്പിച്ചവരാണ്‌ നമ്മുടെ ലീഗ്‌ നേതാക്കൾ. ചന്ദ്രികക്ക്‌ എതിരായ ഇഡി അന്വേഷണം എങ്ങനെയാണ്‌ ആവിയായിപ്പോയത്‌? ചന്ദ്രികക്ക്‌ എതിരായ അന്വേഷണം മുൻ ലീഗ്‌ അധ്യക്ഷൻ ഹൈദരലി ശിഹാബ്‌ തങ്ങളുടെ ആരോഗ്യം തകർത്തു എന്ന്‌ പറഞ്ഞത്‌ ലീഗ്‌ നേതാക്കൾ തന്നെയാണ്‌. ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഒന്നിച്ചെതിർത്ത മുത്തലാഖ്‌ ബില്ലിന്റെ ചർച്ച പാർലമെന്റിൽ വന്നപ്പോൾ മുസ്‌ലിം ലീഗ്‌ പ്രതിനിധികൾ മുങ്ങിയത്‌ എന്തിനുവേണ്ടിയായിരുന്നു എന്ന്‌ കേരളത്തിലെ ജനങ്ങൾക്കറിയാം.

ഇനി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കാര്യം. ബി ജെ പിയുമായും ആർ എസ്‌ എസ്സുമായും സന്ധി ചെയ്‌തും വർഗീയതയിൽ അവരുമായി മത്സരിച്ചും കോൺഗ്രസിനെ ഈ പരുവത്തിലക്കിയതിൽ പ്രധാന പങ്ക്‌ അദ്ദേഹത്തിനുണ്ടെന്ന്‌ സമ്മതിക്കാത്തവരില്ല. ബിജെപിയോട്‌ നേരിട്ട്‌ പൊരുതുന്നുവെന്ന്‌ അവകാശപ്പെടുന്ന ഗാന്ധി കുടുംബത്തിലെ ഒരംഗത്തെ വയനാട്ടിൽ മത്സരിപ്പിച്ച്‌ ലോക്‌സഭയിലെത്തിച്ചതിനു പിന്നിലും വേണുഗോപാൽ തന്നെ. അദ്ദേഹം ചെയ്‌തതോ? രാജസ്ഥാനിൽനിന്ന്‌ കോൺഗ്രസ്‌ പ്രതിനിധിയായി രാജ്യസഭയിലെത്തിയ അദ്ദേഹം കാലാവധി തീരാൻ രണ്ടു വർഷമുള്ളപ്പോൾ രാജിവെച്ച്‌ ആലപ്പുഴയിൽനിന്ന് ലോക്‌സഭയിലേക്ക്‌ മത്സരിച്ചു. രാജസ്ഥാനിലെ സീറ്റ്‌ ബിജെപിക്ക്‌ കൊടുത്തു. അവിടെനിന്ന്‌ ജയിച്ച ബിജെപിക്കാരൻ കേന്ദ്രമന്ത്രിയുമായി.

നരേന്ദ്രമോദിയെ പിറകെ നടന്ന്‌ വാഴ്‌ത്തിക്കൊണ്ടിരിക്കുന്ന ശശി തരൂർ ഇപ്പോഴും കോൺഗ്രസിന്റെ പ്രവർത്തകസമിതി അംഗമാണെന്ന്‌ വരുമ്പോൾ കോൺഗ്രസിന്റെ അപചയത്തിന്റെ ആഴം മനസ്സിലാകും. മോദി സ്‌തുതി ശശി തരൂരുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട കാര്യമല്ല. ബാബ്‌റി മസ്‌ജിദ്‌ തകർത്ത ഭൂമിയിൽ പണിത ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്‌ഠക്ക്‌ പ്രധാനമന്ത്രി പോയപ്പോൾ കോൺഗ്രസുകാർ മത്സരിച്ച്‌ അതിനെ പുകഴ്‌ത്തുകയായിരുന്നു. അവിടെ പോകാൻ കഴിയാത്ത നേതാക്കൾ ഇഷ്‌ടികകളും മറ്റു സാധനങ്ങളും അയച്ചുകൊടുത്ത്‌ തങ്ങളുടെ ഐക്യദാൾഢ്യം പ്രകടിപ്പിച്ചു. ‘‘ഞങ്ങൾ ബാബ്‌റി മസ്‌ജിദ്‌ തകർക്കാൻ സൗകര്യം ചെയ്‌തു തന്നതുകൊണ്ടല്ലേ നിങ്ങൾക്ക്‌ അവിടെ ക്ഷേത്രം പണിയാൻ കഴിഞ്ഞത്‌’’ എന്ന്‌ ബിജെപിക്കാരോട്‌ പരസ്യമായി ചോദിക്കുന്ന കോൺഗ്രസുകാർ പാർലമെന്റിലുമുണ്ട്‌. ഇവരൊക്കെയാണ്‌ ഇപ്പോൾ മതനിരപേക്ഷതയുടെ ക്ലാസുമായി വരുന്നത്‌.

Also Read- ‘കേരളത്തിന് വേണ്ടി ശബ്ദിക്കും; സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്കായി ഇനിയും കേന്ദ്രമന്ത്രിമാരെ കാണും, അതെന്‍റെ കടമ’: ഡോ. ജോൺ ബ്രിട്ടാസ് എംപി

‘മീശമാധവൻ’ എന്ന സിനിമയിൽ തോക്കുമായി തന്നെ അടിക്കാൻ നിൽക്കുന്ന പട്ടാളം പുരുഷു എന്ന കഥാപാത്രത്തിനുമുമ്പിൽ ഇഴഞ്ഞുചെന്ന്‌ ജഗതി ശ്രീകുമാർ (ഭഗീരഥൻ പിള്ള) പറയുന്ന ഡയലോഗുണ്ട്‌. ‘‘ പുരുഷു എന്നെ അനുഗ്രഹിക്കണം’’ എന്ന്‌. ഈ ഡയലോഗാണ്‌ കോൺഗ്രസുകാരുടെയും ലീഗുകാരുടെയും ‘ഫാസിസ്റ്റ്‌ വിരുദ്ധ’ പ്രതികരണങ്ങൾ കേട്ടപ്പോൾ ഓർമ വരുന്നത്‌.

സമഗ്ര ശിക്ഷ പദ്ധതിയിൽ കേരളത്തിനു കിട്ടാനുള്ള തുക കിട്ടാനാണ്‌ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനെ കണ്ടത്‌. ഇനിയും കാണും ..കേരളത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും നേടാൻ പരിശ്രമിക്കുക എന്നത്‌ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എം പിയുടെ പ്രധാന കടമയാണ്‌.

Also Read- ‘ബ്രിട്ടാസിനെ സംഘിയാക്കാൻ കോൺഗ്രസ്സും ലീഗും നടത്തുന്ന ശ്രമം അങ്ങേയറ്റം നന്ദികേട്’; കെ ടി ജലീൽ എം എൽ എ

കോൺഗ്രസ്‌ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പുതിയ വിദാഭ്യാസ നയവും അതിന്റെ ഭാഗമായ പി എം ശ്രീയും അംഗീകരിച്ചിട്ടുണ്ട്‌. അവരെക്കൊണ്ട്‌ ആ നിലപാട്‌ എടുപ്പിക്കുന്നതിൽ പ്രധാന റോൾ വഹിച്ചത്‌ കെ സി വേണുഗോപാലാണെന്ന്‌ ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ള ബി ജെ പി മന്ത്രിമാർ നന്ദിപൂർവം അടിവരയിട്ട്‌ പറയാറുണ്ട്‌, ഇതൊക്കെയാണ്‌ വസ്‌തുത. സമൂഹ മാധ്യമങ്ങളിലൂടെയുള്ള നുണ പ്രചാരണം കൊണ്ടൊന്നും സത്യം മറച്ചുവയ്‌ക്കാനാവില്ല. ബാക്കി പിന്നീട്‌ പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News