
ദില്ലി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് അഥവാ കെ-ഫോൺ. ഈ പദ്ധതിക്കെതിരെ പ്രതിപക്ഷം നാഴികയ്ക്ക് നാൽപ്പതം വട്ടം കള്ള പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നു. കെ ഫോണിനെതിരെ പ്രതിപക്ഷത്തെ നേതാക്കൾ നൽകിയ കേസ് ഹൈക്കോടതി തള്ളുകയും ചെയ്തതാണ്. എന്നാൽ അതിനെതിരായ പ്രതിപക്ഷത്തിന്‍റെ വ്യാജപ്രചാരണം ഇപ്പോഴും തുടരുന്നു. കെ-ഫോൺ പദ്ധതി അനധികൃതമായാണ് നടപ്പാക്കുന്നതെന്ന് സ്ഥാപിക്കാൻ ഇതേക്കുറിച്ച് ലോക്സഭയിൽ ചോദ്യം ചോദിച്ച് ഇളിഭ്യനായിരിക്കുകയാണ് കൊല്ലം എം.പിയായ എൻ കെ പ്രേമചന്ദ്രൻ.
കെ ഫോൺ വഴി സംസ്ഥാനത്ത് ഇതുവരെ ഒരു ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകിയതായി കേന്ദ്ര സർക്കാർ ലോക്‌സഭയെ അറിയിച്ചു. കൊല്ലം എം.പി എൻ. കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ആശയവിനിമയ, ഗ്രാമവികസന വകുപ്പ് സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖർ ഇക്കാര്യം വ്യക്തമാക്കിയത്.
കെ-ഫോണിന്റെ ലൈസൻസ്, പദ്ധതിയുടെ ആകെ ചെലവ്, സാമ്പത്തിക ലാഭക്ഷമത, പൂർത്തീകരണ തീയതി, കണക്ഷനുകളുടെ എണ്ണം എന്നിവ സംബന്ധിച്ചായിരുന്നു 2026 ഫെബ്രുവരി 11-ന് എൻ. കെ. പ്രേമചന്ദ്രൻ സഭയിൽ പ്രധാനമായും ചോദിച്ചത്. എൻ കെ പ്രേമചന്ദ്രന് കേന്ദ്രം നൽകിയ മറുപടിയുടെ വിശദാംശങ്ങൾ താഴെ പറയുംവിധമാണ്…
ലൈസൻസും സാമ്പത്തിക വ്യവസ്ഥകളും
നാഷണൽ ലോംഗ് ഡിസ്റ്റൻസ് (NLD) സർവീസ്, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) എന്നീ വിഭാഗങ്ങളിൽ കെ-ഫോൺ ലിമിറ്റഡിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് യൂണിഫൈഡ് ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ലോക്‌സഭയെ അറിയിച്ചു.
ലൈസൻസിന് അപേക്ഷിക്കുന്ന സമയത്ത് കമ്പനികൾ പാലിച്ചിരിക്കേണ്ട കുറഞ്ഞ ഇക്വിറ്റി, നെറ്റ് വർത്ത് വ്യവസ്ഥകൾ കെ-ഫോൺ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
പദ്ധതി ചെലവും നിർമ്മാണ പുരോഗതിയും
പദ്ധതിയുടെ ആകെ ചെലവ്, നിർമ്മാണ പുരോഗതിയുടെ ശതമാനം, പൂർത്തീകരണ തീയതി എന്നിവ ലൈസൻസ് നൽകുന്ന സമയത്ത് പരിശോധിക്കാറുണ്ടോ എന്ന ചോദ്യത്തിന് യൂണിഫൈഡ് ലൈസൻസ് ചട്ടങ്ങൾ പ്രകാരമുള്ള വിശദീകരണമാണ് മന്ത്രി നൽകിയത്. ഇത്തരം ചട്ടങ്ങൾ പ്രകാരം ലൈസൻസിന് അപേക്ഷിക്കുന്നവർ പദ്ധതിയുടെ സാമ്പത്തിക വിവരങ്ങളോ പൂർത്തീകരണ സമയമോ കേന്ദ്രത്തെ അറിയിക്കാൻ ബാധ്യസ്ഥരല്ല.

ഗുണനിലവാരവും കണക്ഷനുകളുടെ എണ്ണവും
കെ-ഫോൺ പദ്ധതിയുടെ ഗുണനിലവാരവും സാങ്കേതിക കാര്യങ്ങളും വിലയിരുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് താഴെ പറയുന്ന വിവരങ്ങളാണ് കേന്ദ്ര സർക്കാർ നൽകിയത്:
മറ്റ് എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളെയും (ISP) പോലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് കെ-ഫോണിന്റെയും സാങ്കേതിക പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ട്.
Also Read- കെ ഫോൺ വിഷയം; ഹൈക്കോടതിയിൽ നിന്നും പ്രതിപക്ഷ നേതാവിന് ലഭിച്ചത് സമാനതകളില്ലാത്ത തിരിച്ചടി
2026 ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 99,970 കണക്ഷനുകളാണ് കെ-ഫോൺ വഴി നൽകിയിട്ടുള്ളതെന്നും കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


