പാവപ്പെട്ട പെൺകുട്ടികളുടെ നിലവിളികൾക്ക് മുമ്പിൽ ഹൂ കെയേഴ്‌സ് എന്ന് ചോദിക്കുന്ന മനുഷ്യത്വരാഹിത്യത്തെ എങ്ങനെയാണ് ഒരു ജനാധിപത്യസമൂഹത്തിന് പൊറുത്തുകൊടുക്കാനാവുക ?

K T KUNJIKKANNAN ABOUT RAHUL MAMKKOOTTATHIL

കെ ടി കുഞ്ഞിക്കണ്ണൻ

‘ഹൂ കെയേഴ്‌സ്’ എന്നത് ഒരു സംസ്‌കാരമാണ്. ആരോടും ഉത്തരവാദിത്വമില്ലാത്ത ഉദാരലൈംഗികതയുടെയും ആനന്ദാനേ്വഷണങ്ങളുടേതുമായ ഒരു നിയോലിബറൽ സംസ്‌കാരം. എല്ലാറ്റിനെയും ഉപയോഗിച്ച് എറിഞ്ഞുകളയുന്ന വിപണിയുന്മുഖമായൊരു ഭോഗാസക്തിയുടെ സംസ്‌കാരം. അതെ പെൺകുട്ടികളെ സാമൂഹ്യമാധ്യമങ്ങളുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ കയറിച്ചെന്ന് പരിചയപ്പെടുക, വളച്ചെടുക്കുക, പ്രണയിക്കുന്നുവെന്ന് വരുത്തുക, വിവാഹ വാഗ്ദാനം നൽകുക, ലൈംഗികമായി പീഢിപ്പിക്കുക, അശാസ്ത്രീയവും കുറ്റകരവുമായ ഗർഭഛിദ്രത്തിന് നിർബന്ധിക്കുക ഇതൊക്കെയാണ് രാഹുൽ മാങ്കൂട്ടമെന്ന ജനപ്രതിനിധിയായ നേതാവിനെതിരായി ഉയർന്നുവന്നിരിക്കുന്ന പരാതികൾ. ഈ വിദ്വാൻ പെൺകുട്ടികളെ മാത്രമല്ല ട്രാൻസ്‌ജെൻഡർ വിഭാഗക്കാരെയും ഫോൺസംഭാഷണം വഴിയും സാമൂഹ്യമാധ്യമങ്ങളിലൂടെയുമുള്ള ചാറ്റ് വഴിയും അവഹേളിച്ചതിന്റെയും ലൈംഗികമായി ബുദ്ധിമുട്ടിച്ചതിന്റെയും വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്…

തങ്ങൾക്ക് രാഹുൽ എന്ന ജനപ്രതിനിധിയിൽ നിന്ന് നേരിടേണ്ടിവന്ന ലൈംഗിക പീഢനങ്ങളെയും വഞ്ചനകളെയും കുറിച്ച് പെൺകുട്ടികൾ പറഞ്ഞ പരാതികളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്
ഈ യുവനേതാവിന്റെ മറുപടി ഒന്നുമാത്രമായിരുന്നു; ഹൂ കെയേഴ്‌സ്…
ഹൂ കെയേഴ്‌സ്…
മുണ്ടക്കൈ – ചൂരൽമലദുരന്ത ബാധിതർക്ക് വീട് നിർമ്മാണത്തിന് യൂത്ത് കോൺഗ്രസ് പിരിച്ച ഫണ്ടിനെ കുറിച്ചുയർന്ന ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നൽകിയ മറുപടിയും;
ഹു കെയേഴ്സ് … എന്നായിരുന്നു…

അരാജകമായ ആനന്ദാനേ്വഷണങ്ങളിലേക്ക് സ്ത്രീപുരുഷബന്ധങ്ങളെ പരിമിതപ്പെടുത്തുന്ന നിയോലിബറൽ പുരുഷാധിപത്യ സംസ്‌കാരത്തിന്റെ
ക്രൂരവും അശ്ലീലകരവുമായ പ്രതികരണമാണ് ഈ ഹൂ കെയേഴ്‌സ്…

കടുത്ത കമ്പോളവാദത്തിലധിഷ്ഠിതമായ രാഷ്ട്രീയസംസ്‌കാരമാണ് രാഹുൽ മാങ്കൂട്ടത്തിനെപോലുള്ള നിയോലിബറൽ കാലത്തെ യുവനേതാക്കളെ നിർമ്മിച്ചെടുത്തത്. ആഗോളവൽക്കരണത്തിന്റെ സൗകര്യങ്ങളും സാധ്യതകളും ഉപയോഗിച്ച് വളർന്നുവന്ന ഒരു നവസമ്പന്നവർഗത്തിന്റെ പ്രതിനിധിയാണ് ഈ രാഹുലും ഷാഫിപറമ്പിലുമെല്ലാം. അവർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയോ ഗാന്ധി, നെഹ്‌റു പാരമ്പര്യത്തിന്റെയോ ആയ മൂല്യവ്യവസ്ഥയുടെ ഒരു അലട്ടലുമില്ല. ആദർശാത്മകതയുടെ ഒരു ഭാരവും അവർക്കില്ല. എല്ലാം അവർക്ക് ബിസിനസ്സാണ്. രാഷ്ട്രീയവും ജീവിതവും ലൈംഗികതയുമെല്ലാം വിലപേശിയും പ്രലോഭിപ്പിച്ചും തങ്ങളുടെ അഭിലാഷപൂർത്തീകരണത്തിനാവശ്യമായ രീതിയിലാക്കി മാറ്റുന്ന വ്യാപാരബോധമാണവരെ നയിക്കുന്നത്…

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാർത്താ സമ്മേളനം: ചില മനഃശാസ്ത്ര ചിന്തകള്‍

സ്ത്രീയെ വെറും ലൈംഗികോപകരണവും സ്വന്തം കാമപൂർത്തീകരണത്തിനുള്ള ഭോഗവസ്തുവും മാത്രമായി കാണുന്ന സംസ്‌കാരമാണത്. ഉന്നതനായ ഒരു കോൺഗ്രസ് നേതാവിന്റെ മകളോട് വിവാഹം വാഗ്ദാനം ചെയ്ത രാഹുൽ, അതിൽ നിന്ന് പിന്മാറിയത് അവൾ പിന്നോക്ക സമുദായക്കാരി ആയതുകൊണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്! ഇവനെയൊക്കെ നയിക്കുന്നത് ചാതുർവർണ്യാധിഷ്ഠിത പുരുഷാധിപത്യബോധമാണെന്നകാര്യം പാവം മലയാളികളായ നാമെല്ലാം തിരിച്ചറിയാതെപോവുകയാണ്. ഇവനൊക്കെ സ്ത്രീകളെ ദിവ്യസുഖങ്ങൾ നൽകാൻ കഴിവുള്ള രുചികരമായൊരു ഉപകരണം മാത്രമായി കാണുന്ന ധർമ്മ-അർത്ഥ-കാമ പൗരാണിക ധർമ്മശാസ്ത്രങ്ങളിൽ മുഴുകി കഴിയുകയാവും…?

മനുഷ്യ ലൈംഗികത ജൈവികമായ ചോദനകൾക്കപ്പുറം വിവിധങ്ങളായ അനുഭൂതി തലങ്ങളുള്ള മനുഷ്യബോധം കൂടിയാണെന്ന് കമ്പോളത്തിന്റെ മത്സരത്തിന്റെയും പ്രത്യയശാസ്ത്രങ്ങളിൽപ്പെട്ടവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. പാവപ്പെട്ട പെൺകുട്ടികളുടെ നിലവിളികൾക്ക് മുമ്പിൽ ഹൂ കെയേഴ്‌സ് എന്ന് ചോദിക്കുന്ന മനുഷ്യത്വരാഹിത്യത്തെ എങ്ങനെയാണ് ഒരു ജനാധിപത്യസമൂഹത്തിന് പൊറുത്തുകൊടുക്കാനാവുക. ഇത്തരം കാമാന്ധരായ, പെൺകുട്ടികളെയും ട്രാൻസ്‌ജെൻഡറുകളെയുമെല്ലാം തങ്ങളുടെ കാമപൂർത്തീകരണത്തിനുള്ള ഉപകരണം മാത്രമായി കാണുന്ന നേതാക്കളെ ജനാധിപത്യവാദികൾ പഠിപ്പിക്കണം; മനുഷ്യസത്തയെ നിർണ്ണയിക്കുന്നത് അവരുടെ സാമൂഹ്യബന്ധങ്ങളുടെ സാകല്യമാണെന്ന്. അതുകൊണ്ടുതന്നെ നിർമ്മാനുഷികമായ ലൈംഗികത മൃഗീയമാണ്. അത് മനുഷ്യന് അന്യമാണ്. മനുഷ്യലൈംഗികത ജീവധർമ്മത്തോടൊപ്പം സാമൂഹ്യമായ ക്രമീകരണവും ഉള്ളടക്കവുമുള്ളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News