പഞ്ചായത്ത് പ്രസിഡന്‍റിൽനിന്ന് പഞ്ചായത്തിന്‍റെ മന്ത്രിയായി; കുടുംബശ്രീയും ജനകീയാസൂത്രണവും നടപ്പാക്കിയ കഥ പറഞ്ഞ് പാലോളി

paloli-muhammed kutti_interview

ജി ആർ അനുരാജ്/സച്ചിൻ വള്ളിക്കാട്

ഏറെ തീക്ഷ്ണമായ ഒരു കാലഘട്ടത്തിലൂടെ സഞ്ചരിച്ച് സംഘടനാപ്രവർത്തനം നടത്തിയാണ് പാലോളി മുഹമ്മദ് കുട്ടി എന്ന രാഷ്ട്രീയക്കാരന്‍റെ വളർച്ച. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും, അതിന്‍റെ പ്രവർത്തകരെയും നികൃഷ്ടമായി കണ്ടിരുന്ന ഒരു സമൂഹത്തിലാണ് പാലോളിയും കൂട്ടരും ചേർന്ന് മലപ്പുറത്ത് പാർട്ടി വളർത്തിയത്. പാർട്ടിയിൽ പടിപടിയായി വളർന്ന് കേന്ദ്രകമ്മിറ്റി അഗം വരെയായ അദ്ദേഹം പാർലമെന്‍ററിരംഗത്തും കഴിവ് തെളിയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റായി തുടങ്ങിയ പാർലമെന്‍ററി ജീവിതത്തിൽ പിന്നീട് പഞ്ചായത്തിന്‍റെ വകുപ്പ് ഭരിക്കുന്ന മന്ത്രിയായി മാറി. അക്കാലത്താണ് കേരളത്തിന്‍റെ സാമൂഹികമാറ്റത്തിൽ വലിയ പങ്ക് വഹിച്ച കുടുംബശ്രീയും ജനകീയാസൂത്രണവും കേരളത്തിൽ നടപ്പാക്കിയത്. ഇതേക്കുറിച്ചെല്ലാം പാലോളി സംസാരിക്കുന്നു…

പട്ടാളത്തിൽനിന്ന് തിരിച്ചെത്തി പാർട്ടിയിൽ സജീവം

പട്ടാളത്തിൽനിന്ന് പിരിഞ്ഞതോടെ ഹൈദരാബാദിൽനിന്ന് തിരിച്ചെത്തി പാർട്ടി പ്രവർത്തനത്തിൽ സജീവമായി. വൈകാതെ നേതൃത്വത്തിലേക്കും വന്നു. പെരിന്തൽമണ്ണ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു. പാലക്കാട് ജില്ലയായിരുന്നു അന്ന്. പാർട്ടി സാന്നിദ്ധ്യം വർദ്ധിപ്പിച്ചുവരുന്ന ഘട്ടമായിരുന്നു അത്. ജനകീയ പ്രശ്നങ്ങളിലൊക്കെ ഇടപെട്ടു. ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തിയാണ് പാർട്ടി പ്രവർത്തനം. ആദ്യ ജില്ലാ സെക്രട്ടറി ഇമ്പിച്ചി ബാവയായിരുന്നു. ഈ സമയം ഞാൻ ജില്ലാ മ്മിറ്റി അംഗമായി.

മലപ്പുറം ജില്ലാകമ്മിറ്റിയുടെ ആദ്യ സെക്രട്ടറി

1969ൽ മലപ്പുറം ജില്ല രൂപീകരിച്ചതിനെ തുടർന്നാണ് പാർട്ടിനേതൃത്വം ഇടപെട്ട് ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നത്. പാലക്കാടിന്‍റെയും കോഴിക്കോടിന്‍റെയും ഭാഗങ്ങൾ ചേർത്താണ് മലപ്പുറം ജില്ല വരുന്നത്. മലപ്പുറം, കോട്ടക്കൽ, വേങ്ങര, തിരൂർ ഒക്കെ കോഴിക്കോട് ജില്ലയിൽനിന്നുള്ള പ്രദേശങ്ങളായിരുന്നു. പെരിന്തൽമണ്ണ ഉൾപ്പടെയുള്ള പ്രദേശങ്ങൾ പാലക്കാട് ജില്ലയിൽനിന്നുള്ളതാണ്. ഇവിടെനിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും സംസ്ഥാന നേതൃത്വത്തിൽനിന്ന് സി എച്ച് കണാരൻ, ഇ കെ നായനാർ, ഇമ്പിച്ചിബാവ തുടങ്ങിയവർ പങ്കെടുത്ത ഒരു യോഗം കോട്ടപ്പടിയിൽ ചേർന്നു. ആ യോഗത്തിൽവെച്ചാണ് ആദ്യമായി മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം പാർട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായി എന്നെ നിയോഗിച്ചു. അങ്ങനെയാണ് ആദ്യം ഞാൻ സെക്രട്ടറി ആകുന്നത്. അതിന് പിന്നാലെ ആദ്യ സമ്മേളനം തിരൂരിൽ നടന്നു. അതിൽ ഇമ്പിച്ചിബാവ സെക്രട്ടറിയായി. പൊന്നാനിയിൽവെച്ച് രണ്ടാമത് സമ്മേളനം നടന്നപ്പോൾ വീണ്ടും ഞാൻ സെക്രട്ടറിയായി. 12 കൊല്ലം തുടർച്ചയായി ആ സ്ഥാനത്ത് ഇരുന്നു.

ഉറങ്ങിയെഴുന്നേറ്റപ്പോൾ പഞ്ചായത്തിൽ സ്ഥാനാർഥി!

വളരെ യാദൃച്ഛികമായാണ് പഞ്ചായത്ത് പ്രസിഡന്‍റാകുന്നത്. പുഴക്കാട്ടിരിയിൽ താമസിക്കുന്ന സമയത്താണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുന്നത്. ഞാൻ അവിടെ താമസമായി മൂന്നാമത്തെ മാസമായിരുന്നു അത്. ആ സമയത്ത് അവിടുത്തെ പാർട്ടിയുടെ ചുമതല എനിക്കാണ്. കമ്മിറ്റികൾ വിളിച്ചുകൂട്ടാൻ പോകാറുണ്ട്. പുഴക്കാട്ടിരി പഞ്ചായത്തിൽ ഏഴ് സീറ്റാണുള്ളത്. ഇതിൽ മൂന്നിടത്ത് പാർട്ടിക്ക് സ്വാധീനമുണ്ട്, ജയിക്കാനാകുന്ന സ്ഥിതിയാണുള്ളത്. അതേപോലെ മൂന്ന് സീറ്റ് ലീഗിന് ശക്തിയു്ളതാണ്. പിന്നെയുള്ള ഒരു വാർഡ് കടുങ്ങാപുരം, ലീഗിന് സ്വാധീനമുള്ള സ്ഥലമാണ്. പക്ഷേ അവിടെ ഇഎംഎസ് സർക്കാർ കാർഷികമേഖലയിൽ കൊണ്ടുവന്ന മാറ്റം വലിയ സ്വാധീന ചെലുത്തുന്ന സ്ഥലമാണ്. ഇതേത്തുടർന്ന് ഇവിടെയുള്ള പ്രമാണികളായ ചിലർ പാർട്ടിയുമായി അടുപ്പത്തിലായി. ആ വാർഡ് പിടിച്ചെടുക്കാനായാൽ പഞ്ചായത്ത് ഭരണം കിട്ടും. അതിനിടെ നമ്മുടെ കൂടെ വന്ന ഒരു പ്രമാണിയുടെ മകളെ കല്യാണം കഴിച്ചയാളാണ് അവിടെ ലീഗിന്റെ സ്ഥാനാർത്ഥിയായിട്ട് വന്നത്. അതോടുകൂടി നമുക്കൊപ്പം വന്ന പ്രമാണിയായ ആൾ നിഷ്പക്ഷനായി. മരുമകനെ എതിർക്കാൻ കഴിയില്ലല്ലോ. ഇതോടെ ഈ പ്രമാണിക്കൊപ്പം വന്ന ആളുകളെല്ലാം അയാളുടെ ശത്രുക്കളായി മാറി.

അങ്ങനെ ഈ പ്രശ്നം പരിഹരിച്ച് ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ പാർട്ടി നേതാക്കൾ ഇടപെട്ട് യോഗം വിളിച്ചു. യോഗം തുടങ്ങാനായി ഇരിക്കുമ്പോൾ തന്നെ പങ്കെടുത്തവർ തമ്മിൽ പലപ്പോഴും വാക്കുതർക്കവും അടിപിടിയുടെ വക്കോളമെത്തുകയും ചെയ്യു. അങ്ങനെ യോഗം നടന്നു. രാത്രി പന്ത്രണ്ട് മണിയായിട്ടും ചർച്ച തുടരുകയാണ്. ഉറക്കം വന്നതുകാരണം ഞാൻ അൽപമൊന്ന് മയങ്ങാമെന്ന് കരുതി കിടന്നു. കമ്മിറ്റിയിൽ പങ്കെടുത്തവർ തട്ടിവിളിക്കുമ്പോഴാണ് ഞാൻ ഉണരുന്നത്. അപ്പോൾ സമയം പുലർച്ചെ അഞ്ച് മണിയായി. എന്തായി തീരുമാനമെന്ന് ചോദിച്ചപ്പോൾ ആദ്യം ആരുമൊന്നും മിണ്ടിയില്ല. പുറത്തിറങ്ങി വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു, പാലൊളി നിൽക്കുകയാണെങ്കിൽ പ്രമാണിയായ കുഞ്ഞാലു പ്രചരണത്തിന് ഇറങ്ങില്ലെന്നും, വോട്ട് പാലോളിക്ക് നൽകാമെന്നും പറഞ്ഞത്രെ. എന്നാൽ ഞാൻ മത്സരിക്കാൻ ഒരുക്കമായിരുന്നില്ല. കാരണം ഞാൻ കോടൂരിൽനിന്ന് പുഴക്കാട്ടിരിക്ക് വന്നിട്ട് മൂന്നുമാസം ആയതേയുള്ളു. അങ്ങനെ പുറത്തുനിന്ന് വന്ന ഞാൻ സ്ഥാനാർഥിയാകുന്നത്, ഈ നാട്ടിലുള്ളവരെ പരിഹസിക്കുന്നതിന് തുല്യമല്ലേ എന്നാണ് ചോദിച്ചത്. എങ്കിൽ വോട്ട് ലീഗിന് കൊടുക്കാമെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. അതോടെ ഞാൻ വല്ലാത്ത ആശയകുഴപ്പത്തിലായി.

Also Read- അടിമുടി പാർട്ടിയായൊരാൾ; പ്രസംഗങ്ങൾ കേട്ട് കമ്മ്യൂണിസത്തിലേക്ക്; പാലോളി മുഹമ്മദ് കുട്ടിയുമായി അഭിമുഖം

പിറ്റേദിവസം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനുള്ള യോഗം വിളിച്ചു. അന്ന് ശങ്കറാണ് പാർട്ടി സെക്രട്ടറി. അദ്ദേഹമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. അദ്ദേഹം ബസ് ഇറങ്ങി വന്നപ്പോൾ തന്നെ, പാർട്ടിയിലുള്ള രണ്ടുമൂന്ന് ആളുകൾ അദ്ദേഹത്തെ കണ്ട്, ഞാൻ മത്സരിക്കേണ്ടതിനെക്കുറിച്ചും മറ്റും കാര്യങ്ങൾ ധരിപ്പിച്ചു. ഇക്കാര്യം എനിക്ക് അറിയില്ല. യോഗം തുടങ്ങി സ്വാഗത പ്രസംഗം നടക്കുമ്പോൾ ഞാൻ ശങ്കറിനെ വിളിച്ച് പുറകിലേക്ക് കൊണ്ടുപോയി, ഞാൻ മത്സരിക്കുന്നില്ലെന്നും, നമുക്ക് പകരം മറ്റൊരാളെ കണ്ടെത്താമെന്നും പറഞ്ഞു. അപ്പോ, പാലോളി അത് പറ്റില്ലല്ലോ, പഞ്ചായത്ത് നഷ്ടപ്പെടാൻ പാടില്ലെന്നും, പാലോളി മത്സരിച്ചില്ലെങ്കിൽ ആ സീറ്റ് നമുക്ക് നഷ്ടപ്പെടുമെന്നും, അതിനാൽ മത്സരത്തിൽനിന്ന് പിൻമാറരുതെന്നും പറഞ്ഞു. കുറേ പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവിൽ ഞാൻ മത്സരിക്കേണ്ടിവന്നു. മത്സരിച്ച് ജയിക്കുകയും പഞ്ചായത്ത് പ്രസിഡന്‍റ് ആകുകയും ചെയ്തു. അഞ്ച് കൊല്ലം പ്രസിഡന്‍റായി ഇരുന്നു.

പാർലമെന്‍ററി രംഗത്തേക്ക്

1967ൽ ആദ്യമായി എംഎൽഎയായി. രണ്ടാമത് മത്സരിച്ചപ്പോൾ തോറ്റു. അതിനുശേഷം ഇമ്പിച്ചി ബാവ മരിച്ചപ്പോൾ, പൊന്നാനിയിൽനിന്ന് മത്സരിക്കാൻ പാർട്ടി പറഞ്ഞു. അന്ന് മത്സരിച്ചു ജയിച്ചു, അതിനുശേഷം 1996ൽ മത്സരിച്ച് ജയിച്ചു മന്ത്രിയായി. 8618 വോട്ടുകൾക്കാണ് ജയിച്ചത്. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായാണ് അന്ന് നായനാർ മന്ത്രിസഭയിൽ പ്രവർത്തിച്ചത്. അതിനുശേഷം മത്സരിക്കുന്നത് 2006ലാണ്. അന്ന് മികച്ച വിജയം നേടി. വീണ്ടും മന്ത്രിയായി. വകുപ്പ് തദ്ദേശസ്വയംഭരണം തന്നെ.

ഒരിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്, പിന്നെ പഞ്ചായത്ത് മന്ത്രി

പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നപ്പോൾ ഒരു കൊല്ലത്തിൽ ആകെ കിട്ടിയത് 32000 രൂപയാണ്. അന്ന് ഒരു പഞ്ചായത്ത് സെക്രട്ടറി, ഒരു ബിൽ കളക്ടർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നിങ്ങനെ മൂന്നാളാണ് ഒരു പഞ്ചായത്തിൽ ഉള്ള ജീവനക്കാർ. ഈ കിട്ടിയ 32000 രൂപകൊണ്ട് ഈ മൂന്ന് ജീവനക്കാരുടെയും ശമ്പളം കൊടുക്കണം. അതുകഴിഞ്ഞ് ബാക്കിയുള്ള തുകകൊണ്ട് വേണം എന്തെങ്കിലും വികസനം ചെയ്യാൻ. അതായത്, അക്കാലത്ത് പഞ്ചായത്തിന് സാമ്പത്തികമായി ഫണ്ടോ അധികാരമോ ഒന്നുമില്ല. കിട്ടുന്ന പണംവെച്ച് ഒന്നും ചെയ്യാനും കഴിയില്ല. അതുകൊണ്ടുതന്നെ ആ അഞ്ച് കൊല്ലം കാര്യമായി ഒന്നും ചെയ്യാത്തതിനാൽ പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിക്കും പഞ്ചായത്ത് അംഗങ്ങൾക്കും ജനങ്ങളിൽ നിന്ന് ചീത്തപ്പേര് മാത്രമെ കേൾക്കാനാകൂ. അതുകൊണ്ടുതന്നെ പഞ്ചായത്ത് പ്രസിഡന്‍റായി ഇരുന്നപ്പോൾ കാര്യമായി ഒരു വികസനവും ചെയ്യാൻ കഴിഞ്ഞില്ല.

1996ൽ പൊന്നാനിയിൽനിന്ന് മത്സരിച്ചു ജയിച്ചു. ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച് മന്ത്രിമാരെയൊക്കെ തീരുമാനിക്കാൻ പാർട്ടി സെക്രട്ടേറിയറ്റും സംസ്ഥാനകമ്മിറ്റിയുമൊക്കെ ചേർന്നു. ആ സമയത്ത് പനി പിടിച്ച് ഒരാഴ്ച ഞാൻ കിടപ്പിലായി. അതിനാൽ ഈ യോഗങ്ങളിൽ പങ്കെടുത്തില്ല. അതിനുശേഷമുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാനായി ഞാൻ എത്തി. യോഗം തുടങ്ങുന്നതിന് മുമ്പ് ശിവദാസമേനോൻ, എന്നെ വിളിച്ച് മാറ്റിനിർത്തി ഒരു കാര്യം പറഞ്ഞു, ഇന്നത്തെ യോഗത്തിൽ ഞാൻ സംസാരിക്കരുതെന്നും, കേട്ടാൽ മതിയെന്നുമായിരുന്നു ആവശ്യം. എനിക്ക് ഒന്നും മനസിലായില്ല. മന്ത്രിമാരെ നിശ്ചയിച്ച കാര്യമൊന്നും എനിക്ക് അറിയില്ല. യോഗം തുടങ്ങിയപ്പോൾ വകുപ്പ് വിഭജനമാണ് ചർച്ചയെന്ന് മനസിലായി. എന്‍റെ അടുത്തിരുന്നത് പിണറായിയാണ്. ഞാൻ പിണറയിയോട് ചോദിച്ചു, മന്ത്രിമാരെയൊക്കെ തീരുമാനിച്ചോ എന്ന്. അതൊക്കെ തീരുമാനിച്ചുവെന്ന് പിണറായി പറഞ്ഞു. ഓരോരുത്തരോടുമായി വകുപ്പുകൾ പറഞ്ഞു. അപ്പോഴാണ്, അവരൊക്കെ മന്ത്രിമാരാണെന്ന് മനസിലായത്. പിന്നീട് എന്നെ നോക്കി റെവന്യു വകുപ്പ് എടുക്കണമെന്ന് പറഞ്ഞു. അത് വേണ്ടായെന്ന് ഞാൻ പറഞ്ഞു. നല്ല പണിയുള്ള വകുപ്പാണെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. പിന്നെ ഏത് വകുപ്പാണ് നോക്കുകയെന്ന് ചോദിച്ചു, അപ്പോൾ ഞാൻ ആലോചിച്ചപ്പോൾ, വലിയ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നത് പഞ്ചായത്ത് വകുപ്പാണെന്ന് തോന്നി. മുമ്പ് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന അനുഭവം കൂടി മനസിലുണ്ട്. എന്നാൽ പിന്നെയാണ് മനസിലായത്, മുഖ്യമന്ത്രിയുടെ വകുപ്പ് കഴിഞ്ഞാൽ വലിയ വകുപ്പ് പഞ്ചായത്തിന്‍റെ ആണെന്ന്. പഴയതുപോലെയല്ല പഞ്ചായത്ത് ഭരണം. പഞ്ചായത്ത്, കോർപ്പറേഷൻ, മുൻസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഇതിന് പുറമെ ന്യൂനപക്ഷക്ഷേമം, ഹജ്ജ് ഇതൊക്കെ എന്‍റെ വകുപ്പുകളായി. കുടുംബശ്രീ, ജനകീയാസൂത്രണം ഇവയൊക്കെ തദ്ദേശവകുപ്പിന് കീഴിൽ ആണല്ലോ. ഇതെല്ലാം കൂടിയായപ്പോൾ ആദ്യം പേടിയായി. എന്നാൽ അന്ന് ഇഎംഎസ് ഉള്ള കാലമാണ്. അധികാരവികേന്ദ്രീകരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇഎംഎസിനെ പോലെയുള്ള നേതാക്കളുടെ വലിയ പിന്തുണയും സഹകരണവും ഉണ്ടായിരുന്നു.

കുടുംബശ്രീ

നമ്മൾ സാധാരണ ഏതു കാലത്തും സ്ത്രീകളുടെ പിന്നോക്ക അവസ്ഥയെ സംബന്ധിച്ച് പറയാറുണ്ട്. മുംസ്ലീം സമുദായത്തിലൊക്കെ അത് വലിയ തോതിലായിരുന്നു. സ്ത്രീ പുരുഷന്‍റെ അടിമയെ പോലെ ആയിരുന്നു. എന്നാൽ കുടുംബശ്രീ വന്നപ്പോൾ ആ അവസ്ഥയിൽനിന്ന് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകൾ സ്വന്തം നിലയ്ക്ക് സാമ്പത്തികശേഷം ആർജിച്ചതോടെ, കുടുംബത്തിനുള്ളിൽ അവർക്ക് ഒരു അംഗീകാരമൊക്കെ ലഭിച്ചുതുടങ്ങി. ആ അംഗീകാരം ഇല്ലാതാകുമ്പോഴാണ് സ്ത്രീകൾ പിന്നോക്ക അവസ്ഥയിലേക്ക് പോകുന്നത്. സ്ത്രീൾക്ക് സമൂഹത്തിൽ പിടിച്ചുനിൽക്കാനുള്ള പ്രേരകമായി കുടുംബശ്രീ മാറി. അങ്ങനെ കുടുംബശ്രീയുടെ വളർച്ച നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ അപ്പുറമായി മാറി.

കുടുംബശ്രീ രൂപീകരിച്ച് ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഒരു നാലഞ്ച് സ്ത്രീകൾ എന്നെ കാണാൻ ഓഫീസിൽ വന്നു. അവർ എന്നോട് കുറച്ചുനേരം സംസാരിച്ചിട്ടാണ് പോയത്. അവർ പോയി കഴിഞ്ഞപ്പോഴാണ് ഒരു പാക്കറ്റ് അവിടെ വെച്ചിട്ട് പോയത് ശ്രദ്ധിച്ചത്. അത് തുറന്നുനോക്കിയപ്പോൾ ഒരു ഷർട്ട് ആണ്. എന്നെ കാണാൻ വന്ന സ്ത്രീകളുടെ കുടുംബശ്രീ യൂണിറ്റ് ഉണ്ടാക്കിയ ഷർട്ടാണത്. അതേപോലെ വൈവിധ്യമാർന്ന നിരവധി നിർമാണ യൂണിറ്റുകളും ഉൽപന്നങ്ങളും കുടുംബശ്രീയുടേതായി അക്കാലത്ത് ഉയർന്നുവന്നു. കുടുംബത്തിൽ സാമ്പത്തിക വരുമാനം ഉണ്ടാക്കുന്നയാൾ എന്നതിനപ്പുറം, സ്ത്രീകൾക്കാകെ പ്രതീക്ഷ നൽകുന്ന സ്ഥിതിയിലേക്ക് കുടുംബശ്രീ പ്രസ്ഥാനം വളർന്നു. ഏത് മേഖലയാണെങ്കിലും അത് ഏറ്റെടുക്കാമെന്ന നിലയിലേക്ക് കുടുംബശ്രീ യൂണിറ്റുകളു മാറിയിട്ടുണ്ട്.

ജനകീയാസൂത്രണം

നാടിന്‍റെ വികസനത്തിനുവേണ്ടിയുള്ള പുതിയ മാതൃകയാണ് ജനകീയാസൂത്രണം. അത് നടപ്പാക്കാനായി ഒരു കമ്മിറ്റി രൂപീകരിച്ചു. ഇഎംഎസിനും നായനാർക്കും പുറമെ ബംഗാളിലെ ആസൂത്രണ ബോർഡ് ചെയർമാനുമൊക്കെ ഈ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. എന്നാൽ ബംഗാൾ മോഡൽ കേരളത്തിന്‍റെ സാഹചര്യത്തിൽ യോജിച്ചതല്ലെന്ന നിഗമനത്തിലാണ് എത്തിയത്. പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ഏത് വികസന പ്രവർത്തനമാണോ നടക്കുന്നത് അത് സംബന്ധിച്ച് ഗ്രാമസഭ കൂടി അതിൽ റിപ്പോർട്ട് ചെയ്ത് അവരുടെ അഭിപ്രായം തേടണം എന്നുള്ളതായിരുന്നു ജനകീയാസൂത്രണം നടപ്പാക്കുമ്പോൾ മുന്നോട്ടുവെച്ച പ്രധാന നിർദേശം. അവർക്ക് പറയാനുള്ളത് കേൾക്കണം. പറയുന്നതെല്ലാം അംഗീകരിക്കാൻ പറ്റുന്നതായിരിക്കില്ല. വികസനപ്രവർത്തനങ്ങളിൽ ജനങ്ങളുടെ നിർദേശംകൂടി കേട്ട് ചെയ്യുകയെന്നത് പുതിയ രീതിയായിരുന്നു. ബ്രീട്ടീഷുകാരുടെ കാലത്തും, അതിനുശേഷം കോൺഗ്രസ് സർക്കാരുകൾ ഭരിച്ചപ്പോഴും ഈ ഒരു രീതി ഇല്ലായിരുന്നു. പല പദ്ധതികളും നടപ്പാക്കുന്നതിൽ ജനങ്ങളുടെ നിർദേശങ്ങൾ മാത്രമല്ല, അവരുടെയും സഹകരണവും സഹായവും ലഭ്യമായി.

ഇതേക്കുറിച്ച് കൂടുതൽ മനസിലാക്കാവുന്ന ഒരു കാര്യം പറയാം. അക്കാലത്ത് എറണാകുളം ജില്ലയിൽ 16 ലക്ഷത്തിലേറെ രൂപ ചെലവുള്ള ഒരു പാലത്തിന്റെ ആവശ്യകത ഉയർന്നുവന്നു. വലിയൊരു വിഭാഗം ആളുകൾ തോടിന്‍റെ മറുകരയിലും, വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രിയും ഓഫീസുകളുമൊക്കെ ഇപ്പുറത്തെ കരയിലുമാണ്. അവിടേക്കും ഇവിടേക്കും പോകാൻ വള്ളമാണ് ആശ്രയം. പല തവണ അവിടെ വള്ളം മറിഞ്ഞ് അപകടമൊക്കെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പാലം വേണമെന്ന ആവശ്യം ശക്തമായി. അക്കാലത്ത് സർക്കാർ ഓരോ പഞ്ചായത്തിനുമുള്ള വിഹിതം ആദ്യത്തെ ബജറ്റ് പാസാക്കിയാൽ അത് ട്രഷറിയിൽ ഇടും. അത് പഞ്ചായത്തിന്റെ ഓരോ വർക്കും പൂർത്തീകരിച്ച് അതിനുള്ള പണം അവിടുന്ന് വാങ്ങി ചെലവഴിക്കുന്ന രീതിയാണുള്ളത്. അങ്ങനെ ആ പാലത്തിന് ഫണ്ട് തേടി ധനകാര്യമന്ത്രിയായിരുന്ന ശിവദാസനമേനോനെ കണ്ടു. എന്നാൽ പണം തരാൻ നിർവാഹമില്ലെന്നായിരുന്നു ആദ്യ മറുപടി. കുറേ നിർബന്ധിച്ച് പറഞ്ഞപ്പോൾ, അഞ്ച് ലക്ഷം പാസാക്കി തരാമെന്ന് പറഞ്ഞു.

അങ്ങനെ ആ നാട്ടിലെ ആളുകളുടെ ഒരു യോഗം വിളിച്ചുകൂട്ടി. വിദേശത്തൊക്കെ പോയിവന്നിട്ടുള്ള നിരവധിപ്പേർ അവിടുണ്ട്. യോഗത്തിൽ ഞാനും എന്‍റെ വകുപ്പ് സെക്രട്ടറി വിജയാനന്ദുമൊക്കെ പങ്കെടുത്തു. ഈ പാലം പണിയുടെ സാമ്പത്തിക ബുദ്ധിമുട്ടെല്ലാം ഞാൻ വിശദീകരിച്ചു. അങ്ങനെ ചർച്ചകൾ തുടരവെ, ഒരാൾ എണീറ്റുപറഞ്ഞു, പാലം നിർമിക്കുന്നതിന് ആവശ്യമുള്ളതിൽ കുറച്ച് കമ്പി സംഘടിപ്പിച്ച് തരാമെന്ന്. സിമന്‍റ് കച്ചവടക്കാരനായ ഒരാൾ എഴുന്നേറ്റ് പാലത്തിന് ആവശ്യമായ മുഴുവൻ സിമന്‍റും എത്തിച്ചുനൽകാമെന്ന് അറിയിച്ചു. ഇതൊക്കെ കേട്ട് മറ്റൊരാൾ എഴുന്നേറ്റ് ഇങ്ങനെ പറഞ്ഞു, എന്‍റെ കൈയിൽ കമ്പിയോ സിമന്‍റോ വാങ്ങാനുള്ള പണമില്ല, എന്നാൽ പാലം പണിയാൻ വേണ്ടുന്ന മനുഷ്യാധ്വാനം നൽകാൻ ഞങ്ങളുടെ കൂട്ടായ്മ തയ്യാറാണെന്ന് അറിയിച്ചു. അത്തരത്തിൽ ഒരു വാഗ്ദാനം ആദ്യമായി കേൾക്കുകയായിരുന്നു. റോഡിൽനിന്ന് പാലം നിർമിക്കുന്ന സ്ഥലത്തേക്കു റോഡ് നിർമിക്കുന്നതിന് ആവശ്യമുള്ള സ്ഥലം സൌജന്യമായി വിട്ടുതരാൻ ഒരാൾ തയ്യാറായി. ഇത്രയുംകാലം സൌജന്യമായി സ്ഥലം തരാാകില്ലെന്ന നിലപാടിലായിരുന്നു അയാൾ. അങ്ങനെ എല്ലാവരും കൂടി ചേർന്നപ്പോൾ പാലം നിർമാണം പൂർത്തിയായി. സർക്കാരിന് ചെലവായത് ആകട്ടെ, അഞ്ചേകാൽ ലക്ഷം രൂപ മാത്രം. ഇത്തരത്തിൽ നിരവധി വികസനപ്രവർത്തനങ്ങൾ ജനങ്ങളുടെ സഹായത്തോടെ, അക്കാലത്ത് ജനകീയാസൂത്രണം വഴി നടപ്പാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News