ല‍ീവെ, ല‍ീവെ, ല‍ീവെ പലസ്തീന; പലസ്തീൻ പ്രതിരോധത്തിന്റെ ഗാനം

Long Live Palestine

ഞാൻ യുദ്ധങ്ങൾ അവസാനിപ്പിച്ചു എനിക്ക് നൊബേൽ നൽകണം. ട്രംപിന്റെ നൊബേലിനായുള്ള അവകാശവാദം ആരംഭിച്ചിട്ട് കാലം കുറച്ചേറെയായിരിക്കുന്നു. അതേ സമയം തന്നെയാണ് അമേരിക്കയുടെ വളർത്തുനായ ആയ ഇസ്രയേൽ പശ്ചിമേഷ്യയിൽ അശാന്തിയുടെ ബോംബ് വർഷങ്ങൾ നടത്തുന്നതും. പലസ്തീൻ എന്ന രാഷ്ട്രം ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാനായി വിശന്നു വലഞ്ഞ് ഭക്ഷണത്തിന് കാത്തുനിൽക്കുന്ന മനുഷ്യരെ കുഞ്ഞുങ്ങളെ വരെ കൊന്നു കൂട്ടുകയാണ്. ഇസ്രയേല്‍ തോക്കിന് കു‍ഴലിലൂടെ വംശഹത്യ തുടരുമ്പോ‍ൾ. പലസ്തീന് ഐക്യദാർഢ്യവുമായി ലോകത്തിന്റെ വിവിധ കോണിൽ പല തെരുവുകളിൽ ഉയരുന്ന ഒരു സംഗീതമുണ്ട് ല‍ീവെ, ല‍ീവെ, ല‍ീവെ പലസ്തീന.

പലസ്തീന്റെ രാഷ്ട്രീയ പ്രതീകമായ കഫിയയിൽ നിന്ന് രൂപം കൊണ്ട ഒരു സംഗീത ബാൻഡാണ് കോഫിയ. 1967ൽ ഇസ്രയേൽ പലസ്തീൻ ആക്രമിച്ച സമയത്ത് സ്വീഡനിലേക്ക് അഭയാർത്ഥിയായി എത്തിയ ജോർജ് ടോട്ടാരിയും അവിടുത്തെ ഇടതുപക്ഷ സ്വീഡിഷ് സംഗീതജ്ഞരും ചേർന്നാണ് കോഫിയ എന്ന ബാൻഡ് രൂപീകരിച്ചത്.

george totari
ജോർജ് ടോട്ടാരി

ഇസ്രയേലിനെതിരെ ഉയർന്നു വന്ന പലസ്തീനിയൻ പ്രതിരോധമായ ഇൻതിഫാദ പൊട്ടിപ്പുറപ്പെടുന്ന കാലഘട്ടത്തിൽ “മൈ ലാൻഡ്’ എന്ന ആൽബത്തിലൂടെയാണ് കോഫിയ പൊളിറ്റിക്കൽ ആക്ടിവിസത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. 1978ൽ പുറത്തിറങ്ങിയ കോഫിയയുടെ എർത്ത് ഓഫ് മൈ ഹോംലാൻഡ്, അതിനു പുറകെയായി എത്തിയ മവ്വാൾ ടു മൈ ഫാമിലി ആൻഡ് ലവ്ഡ് വൺസ്, ലോംഗ് ലീവ് പലസ്തീൻ എന്നീ ആൽബങ്ങളെല്ലാം തന്നെ ഇസ്രേയേലിന്റെ സയണിസ്റ്റ് ഭീകരതയ്ക്കെതിരെ കലയിലൂടെയുള്ള പ്രതിരോധമായിരുന്നു.

The band, Kofia
1970 ലെ കോഫിയ ബാൻഡ്

വടക്കൻ യൂറോപ്പിന്റെ തെരുവുകളിൽ 1970ന്റെ അവസാനത്തോടെ പലസ്തീന്റെ മോചനത്തിനായി ലോംഗ് ലീവ് പലസ്തീനയുടെ വരികൾ ഉയർന്നു കേൾക്കാൻ ആരംഭിച്ചു. ഫ്രഞ്ച്, സ്പാനിഷ്, ഉർദു, പേർഷ്യൻ, ടർക്കിഷ് ഭാഷകളിൽ പലസ്തീനിന്റെ സ്വാതന്ത്രത്തിനായി ആ വരികൾ ഏറ്റുപാടാനാരംഭിച്ചു.

വംശീയ ഉന്മൂലനം നടത്തി ശവങ്ങൾക്കുമുകളില്‍ തങ്ങളുടെ സ്വപ്നനഗരം പണിയുന്നതിനായി ഇസ്രയേൽ ഭരണകൂടം കോപ്പുകൂട്ടുമ്പോൾ പ്രതിരോധത്തിന്റെ ശബ്ദമായി ലിവെ പലസ്തീന തെരുവുകളിൽ ഉയരുകയാണ്.

പലസ്തീൻ വാഴണം സയണിസത്തെ തകർക്കണം എന്നാരംഭിക്കുന്ന ലിവെ പലസ്തീനയിലൂടെ 50 വർഷങ്ങൾക്ക് മുമ്പ് ടൊട്ടാരി എ‍ഴുതിയത് പലസ്തീനിയൻ ജനതയുടെ സ്വപ്നങ്ങളായിരുന്നു. ‘നമ്മൾ ഭൂമിയിൽ കൃഷി ചെയ്തു, ഗോതമ്പ് വിളവെടുത്തു, നാരങ്ങ പറിച്ചു, ഒലിവ് പിഴിഞ്ഞെടുത്തു, ലോകം മുഴുവൻ നമ്മുടെ മണ്ണിനെ അറിയുന്നു’. എന്ന് പാടിയ ടൊട്ടാരി പലസ്തീൻ മണ്ണിനെ ഇസ്രയേലിന്റെ അധിനിവേശ മോഹത്തിൽ നിന്ന് മോചിപ്പിക്കുമെന്നും ലോകത്തെ സാക്ഷിയാക്കി ആ മണ്ണിൽ സോഷ്യലിസം കെട്ടിപ്പടുക്കുമെന്നും പറയുന്നു.

പലസ്തീനികളുടെ കാർഷിക ജീവിതത്തെയും കൈവിട്ടുപോകുന്ന മണ്ണിനെക്കുറിച്ചുമുള്ള ആകുലതകൾ ടൊട്ടാരിയുടെ വരികളിൽ അലയടിക്കുന്നത് കാണാം. ലീവെ പലസ്തീനയുടെ കാസറ്റിന്റെ കവറിൽ ‘പലസ്തീൻ വിപ്ലവത്തിൽ വീരമൃത്യു വരിച്ച നേതാക്കളുടെയും പലസ്തീൻ ജനതയുടെയും സ്മരണയ്ക്കായി’ എന്ന് എ‍ഴുതിയതിനൊപ്പം ജയിലഴികൾ തകർത്ത് പറന്നുയരുന്ന പ്രാവിന്റെ ചിത്രവും കാണാൻ സാധിക്കും. സമാധാനവും ശാന്തിയും നിറഞ്ഞ പുത്തൻ പുലരി ആഗ്രഹിക്കുന്ന പലസ്തീനിയൻ ജനതയുടെ സ്വപനത്തിന്റെ പ്രതീകം എന്ന പോലെ.

ലോകം മുഴുവൻ നമ്മുടെ മണ്ണിനെ അറിയും എന്നും ശ്വാശ്വതമായ സമാധാനം സ്ഥാപിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെയും അവസാനിക്കുന്ന പലസ്തീൻ വിമോചനഗാനം ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഉറുദു, അറബിക്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്വീഡിഷ്, ഇറ്റാലിയൻ, ജർമൻ, നോർവീജിയൻ, ഡാനിഷ്, ഗ്രീക്ക് തുടങ്ങി പതിനൊന്നിലധികം ഭാഷകളിൽ പലസ്തീന്റെ വിമോചനത്തിനായി ലോകമെങ്ങും മു‍ഴങ്ങി കേൾക്കുകയാണ്.

വിയറ്റ്നാം യുദ്ധത്തിലും ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെയും കോഫിയയുടെ പാട്ടുകൾ ഉയർന്നു കേട്ടിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെ ആർത്ത നാദം പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെ ഗാനമായി മാറ്റുകയാണ് കോഫിയ. ആ സംഗീതം കൈകള്‍ ചെങ്ങലകളാല്‍ ബന്ധിക്കപ്പെട്ടവര്‍ക്ക് വേണ്ടി എപ്പോ‍ഴും ഉയർന്നു കേൾക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist