ചിരന്തനമായ അക്ഷര സാക്ഷ്യമായെത്തിയ ഒരു കത്ത്

Abdullakutti Edavanna

അക്ഷരങ്ങളിലൂടെ ഒരുങ്ങുന്ന നിത്യസ്മാരകങ്ങളാണ് പുസ്തകങ്ങൾ. ഒരു കുഞ്ഞ് ബാലൻ അവന്റെ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സിൽ നിറഞ്ഞുനിന്ന നന്മകൊണ്ടും ഒരു കിണർ ഒരുക്കി. കാരുണ്യത്തിന്റെ ഉറവയായി മാറിയ ‘റിയാന്റെ കിണർ’ അബ്ദുള്ള കുട്ടി മാഷ് എ‍ഴുതിയപ്പോൾ ലോകത്തിന്റെ ഒരു കോണിൽ നടന്ന സംഭവം നമ്മുടെയും മനസിൽ നന്മയും സമാധാനവും സ്നേഹവുമെല്ലാം നിറയ്ക്കുന്ന ഒരു പുസ്തകമായി മാറി.

റിയാന്റെ കിണറിനു ശേഷം അബ്ദുള്ള കുട്ടി മാഷ് എ‍ഴുതിയ പുസ്തകമാണ് ‘ഓരോ പറവയും ഓരോ രഹസ്യമാകുന്നു’. പുത്രവാത്സല്യത്തിന്റെ,
നിസ്സഹായതയുടെ, സഹനത്തിന്റെ, സ്നേഹത്തിന്റെ അക്ഷരങ്ങ‍ളാൽ മകനായി ഒരുക്കിയ ഒരു ശാശ്വത സ്മാരകം. കത്തെഴുത്തൊക്കെ വിസ്മൃതിയിലാണ്ട കാലത്ത് ആ പുസ്തകം വായിച്ചതിനുശേഷമുള്ള ഒരാളുടെ കത്ത് അബ്ദുള്ള കുട്ടി മാഷിനെ തേടിയെത്തി.

കാലിക്കറ്റ്‌ സർവകലാശാലയിൽ പഠിച്ചു കൊണ്ടിരിക്കെയാണ് അബ്ദുള്ളകുട്ടി മാഷിന്റെ മകനായ അച്ചുവെന്ന് വിളിക്കുന്ന ഷെഹിൻ മരണമടഞ്ഞത്. രാമചന്ദ്ര ഗുഹയുടെ പുസ്തകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന പൊളിറ്റിക്സും ഹിസ്റ്ററിയും കൂടുതൽ വായിച്ചറിയാൻ ശ്രമിച്ചിരുന്നു ഷെഹിൻ എസ് എഫ് ഐയുടെ സജീവ പ്രവർത്തകനുമായിരുന്നു. പി ഷെഹൻ സ്റ്റഡി സർക്കിളെന്ന പേരിൽ ഇന്നും കാലിക്കറ്റ് യൂണിവേ‍ഴ്സിറ്റയിൽ ഷെഹൻ ജീവിക്കുന്നു.

അച്ചു ഏറെ ഇഷ്ടപ്പെട്ടിരുന്ന നേതാവായിരുന്നു എം സ്വരാജ്. റിയാന്റെ കിണറും, അച്ചുവിന്റെ പുസ്തകവും വായിച്ചതും വായനലഹരിയെന്ന പുസ്തകത്തിലൂടെ ആ പുസ്തകത്തെ പുതിയ തലമുറ വായിക്കുന്നതും കത്തിലൂടെ അബ്ദുള്ള കുട്ടി മാഷിന് എം സ്വരാജ് എ‍ഴുതി.

ഫോൺ കാളിലോ വാട്ട്സ് ആപ് മെസേജിലോ ഒതുക്കാമായിരുന്ന പ്രതികരണത്തെ ചിരന്തനമായ അക്ഷര സാക്ഷ്യമാക്കി അയച്ചു തന്നത് എഴുത്തിൻ്റെ വഴിയിൽ ഏറെ പ്രചോദനം തന്നുവെന്നും അബ്ദുള്ളക്കുട്ടി മാഷ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

സ്നേഹവും നന്മയും പ്രസരിക്കുന്ന വാക്കുകളിലൂടെ വായനക്കാർ ഏറെ അടുത്തറിഞ്ഞ അബ്ദുള്ളക്കുട്ടിമാഷിന്, സ്നേഹത്തിന്റെ വാക്കുകൾ നിറഞ്ഞ കാലാതിവർത്തിയായ ഒരു കത്തിലൂടെ ലഭിച്ചത്, സ്നേഹത്തിന്റെ രുചിയുള്ള അക്ഷരങ്ങളാകുന്ന വെള്ളം നിറഞ്ഞൊരു റിയാന്റെ കിണറായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News