
നവജിത്ത് അഷ്ടമചന്ദ്രൻ
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മണ്ണ് ചുവന്നതാണ്. സമരപോരാട്ടങ്ങളാൽ രക്തസാക്ഷികളുടെ ചേര വീണ ചുവന്ന മണ്ണിന് പറയാൻ ഒരുപാട് പോരാട്ടത്തിന്റെ കഥകളുണ്ട്. പാൽഘറിലെ വർളിയിൽ അടിച്ചമർത്തലുകളെ അതിജീവിച്ച് രണ്ടുവർഷത്തോളം നീണ്ട ആദിവാസികൾ നടത്തിയ ഐതിഹാസികപോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടാണ്. അന്ന് ആ പോരാട്ടത്തെ അടിച്ചമർത്താൻ എല്ലാ മർദ്ദനോപാധികളും ബ്രിട്ടീഷ് പൊലീസും ജന്മികളുടെ ഗുണ്ടകളും ഉപയോഗിച്ചു. വർളി പ്രക്ഷോഭത്തിൽ രക്തസാക്ഷിത്വം വരിച്ചത് അഞ്ചുപേരായിരുന്നു.
അവകാശത്തിനായി പിന്നെയും ചെങ്കൊടിതണലിൽ മഹാരാഷ്ട്രയുടെ മണ്ണിൽ സമരങ്ങൽ വീണ്ടുമുണ്ടായി, 2018 മാർച്ചിൽ കിസാൻസഭയുടെ നേതൃത്വത്തിൽ നാസിക്കിൽനിന്ന് മുംബൈയിലേക്ക് പതിനായിരങ്ങൾ പങ്കെടുത്ത ലോങ് മാർച്ച് ലോക ശ്രദ്ധയാകർഷിച്ചു. പൊള്ളുന്ന വെയിലിൽ ടാറിട്ട റോഡിലൂടെ അന്ന് കർഷകർ നടന്ന് നേടിയെടുത്തത് അവരുടെ അവകാശങ്ങളായിരുന്നു.
കർഷകരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയും ജീവൽപ്രശ്‌നങ്ങൾ ഉയർത്തി അവർ വീണ്ടും അണിനിരന്നു. മഹാരാഷ്‌ട്രയിലെ ദഹാനു താലൂക്കിലെ ചരോട്ടിയിൽനിന്ന് അവകാശങ്ങൾക്കായി മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് സമരഭടൻമാർ പാൽഘറിലെക്ക് മാർച്ച് ചെയ്തു. പാൽഘറിലെ കിസാൻസഭ, സിഐടിയു, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് തുടങ്ങിയ വർഗ–ബഹുജന സംഘടനകളുടെ സംഘടനാശേഷിയും ഉൗർജവും ആവേശവും അലയടിച്ചതായിരുന്നു ആ ലോങ് മാർച്ച്.

മുദ്രാവാക്യങ്ങളും പോർവീര്യം തുടിക്കുന്ന വിപ്ലവഗാനങ്ങളാലും അവർ മുന്നോട്ട് കുതിച്ചു. മുന്നേറും തോറും അവരുടെ എണ്ണത്തിലും വർധനവുണ്ടായി, അരലക്ഷത്തിലധികമാളുകൾ അണിനിരന്ന മാർച്ച് മോദിസർക്കാരിനെയും മഹാരാഷ്‌ട്രയിലെ ഫഡ്‌നവിസ് സർക്കാരിനെയും ഒരുപോലെ വിറപ്പിച്ചു. വനാവകാശനിയമം കർശനമായി നടപ്പാക്കുക, കൃഷിഭൂമി കർഷകർക്ക് നൽകുക, സ്‌മാർട്ട്‌മീറ്റർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളോടൊപ്പം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക–തുടങ്ങിയ കാര്യങ്ങളും സമരക്കാരുടെ ആവശ്യങ്ങളായിരുന്നു.
കോർപറേറ്റുകളുടെയും മറ്റും ചൂഷണത്തിൽനിന്ന് ആദിവാസികൾക്കും കർഷകർക്കും സംരക്ഷണമേകുന്ന പെസ നിയമം, വനാവകാശ നിയമം എന്നീ ആദിവാസികളുടെ അവകാശാധികാരങ്ങൾ ഉറപ്പുവരുത്തുന്ന ഇൗ രണ്ടു നിയമങ്ങളും പൂർണമായും നടപ്പാക്കുക എന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.

സമരത്തെ ഭയന്ന ബിജെപി സർക്കാർ അതിനെ അടിച്ചമർത്താനുള്ള വഴികൾ പരതി. എന്നാൽ അവയെല്ലാം അവകാശത്തിനായി പോരാടുന്ന മനുഷ്യരുടെ പോരാട്ട വീര്യത്തിന് മുന്നിൽ നിഷ്പ്രഭമായി മാറുകയായിരുന്നു. ലോങ്മാർച്ചും 17 മണിക്കൂറിലധികം നീണ്ട കലക്‌ടറേറ്റ് ഉപരോധവും പൂർണ വിജയമായി. സമരഭടന്മാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ അധികാരികൾ നിർബന്ധിതമായി. സമരക്കാർ ഉന്നയിച്ച 12 ആവശ്യങ്ങളും എത്രയും വേഗം നടപ്പാക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി.

അങ്ങനെ മഹാരാഷ്ട്രയുടെ മണ്ണിൽ കോർപ്പറേറ്റ് താത്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന സർക്കാരിന് വീണ്ടും മുട്ടുമടക്കേണ്ടി വന്നു. നഗ്നപാദരായി കാതങ്ങളോളം നടന്നെത്തിയ തൊഴിലാളികൾക്കും കർഷകർക്കും ആദിവാസികൾക്കും മുന്നിൽ അവർ അവകാശത്തിനായി ഉയർത്തിയ ശബ്ദങ്ങൾക്ക് മുന്നിൽ ബിജെപി നയിക്കുന്ന സർക്കാരിന് അവരുടെ മുതലാളിത്ത താത്പര്യം ബലികഴിക്കേണ്ടി വന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

