സ്രഷ്ടാവും സൃഷ്ടിയും : ഫ്രാങ്കെൻസ്റ്റീന്റെ പുതിയ വായനകൾ

frankenstein movies

പതിനെട്ടാം വയസ്സിലാണ് മേരി ഷെല്ലി ലോകത്തിലെ തന്നെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവൻ  എന്ന് കരുതപ്പെടുന്ന ഫ്രാങ്കെൻസ്റ്റീൻ ദി മോഡേൺ പ്രൊമിത്യൂസ് (Frankenstein; or The Modern Prometheus) എഴുതുന്നത്. അതും 1818-ൽ. പിന്നീട്  ലോകസാഹിത്യ – സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട മോൺസ്റ്റർ കഥാപാത്രമായി ഫ്രാങ്കെൻസ്റ്റീൻ മാറുകയാണ് ഉണ്ടായത്.

ദൈവത്തെ വെല്ലുവിളിച്ച് മരണത്തെ തോൽപ്പിക്കാൻ വിക്ടർ എന്ന ഡോക്ടർ തൻ്റെ ലബോറട്ടറിയിൽ ശവശരീരങ്ങളുടെ ഭാഗങ്ങൾ യോജിപ്പിച്ചു കൊണ്ട് ഒരു ജീവനുള്ള മനുഷ്യശരീരം സൃഷ്ടിക്കുന്നു. പക്ഷേ തന്നെ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ വേട്ടയാടാൻ ഒരു സ്വതത്തെയാണ് താൻ സൃഷ്ടിച്ചതെന്ന് വിക്ടർ വൈകിയാണ് തിരിച്ചറിയുന്നത്.

സിനിമകളിൽ ഫ്രാങ്കെൻസ്റ്റീൻ എന്ന കഥാപാത്രം വളരെയധികം ആഘോഷിക്കപ്പെട്ടു.1910 ൽ എഡിസൺ സ്റ്റുഡിയോസ് ആദ്യത്തെ ഫ്രാങ്കെൻസ്റ്റീൻ സിനിമ പുറത്തിറക്കുന്നു,1931-ൽ ജെയിംസ് വെയ്ൽ സംവിധാനം ചെയ്ത ഫ്രാങ്കെൻസ്റ്റീൻ എന്ന സിനിമ വലിയ രീതിയിലുള്ള വിജയവും പ്രേക്ഷക പ്രശംസയുമാണ് നേടിയത്.

പിന്നീടങ്ങോട്ട് നൂറോളം സിനിമകളാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് നിർമിച്ചിട്ടുള്ളത്. വളരെ പ്രഗത്ഭരായ ഒട്ടേറെ സംവിധായകർ ഫ്രാങ്കെൻസ്റ്റീനെ സിനിമയിലേക്ക് പകർത്തി. പല ജോണറുകളിലും സിനിമകൾ വന്നു പോയ്ക്കൊണ്ടിരുന്നു. തമാശപ്പടങ്ങളും അനിമേഷൻ സിനിമകളും ഈ കൂട്ടത്തിൽപ്പെട്ടും. 2023-ൽ യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത പുവർ തിങ്സ് (Poor Things) എന്ന സിനിമയിൽ വരെ ഫ്രാങ്കെൻസ്റ്റീൻ കഥയുടെ മറ്റൊരു വായന നമുക്ക് കാണാം. 2025-ൽ ഗ്വിലർമോ ഡെൽ ടൊറൊ നെറ്റ്ഫ്ലിക്ക്സിന് വേണ്ടി നിർമിച്ച ഫ്രാങ്കെൻസ്റ്റീൻ എന്ന സിനിമ, ഫ്രാങ്കെൻസ്റ്റീൻ അഡാപ്റ്റേഷൻ സിനിമകളുടെ കൂട്ടത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കാം.

ഒരു നാടോടികഥ പോലെ വളരെ പോയറ്റിക്ക് ആയ ദൃശ്യങ്ങളിലൂടെ രണ്ട് പെർസ്പെക്റ്റിവിലൂടെയാണ് ഡെൽ ടൊറോ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഓസ്ക്കാർ ഐസക്ക്  അവതരിപ്പിക്കുന്ന വിക്ടർ എന്ന കഥാപാത്രം തന്റെ കുട്ടിക്കാലം തൊട്ടുള്ള ജീവിതത്തെ നറേറ്റ് ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ബാല്യം അയാളുടെ പിന്നീട് അങ്ങോട്ടുള്ള ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്ന് പ്രേക്ഷകനോട് പറയാതെ പറയുന്നു. അച്ഛനുമായി വിക്ടറിനുള്ള അത്ര സുഖകരമല്ലാത്ത ബന്ധവും അമ്മയോടുള്ള അതിയായ സ്നേഹവും. പേരിന്റെ അറ്റത്തെ ഫ്രാങ്കെൻസ്റ്റീൻ എന്ന പിതാവിന്റെ നാമം വിക്ടർ വെറുത്തിരുന്നു. എന്നാൽ യഥാർത്ഥത്തിൽ വിക്ടർ വളർന്ന് വരുമ്പോൾ പതിയെ അച്ഛനെ തന്നെ ആവർത്തിക്കുകയാണ് ചെയ്യുന്നത്. അച്ഛനിൽ നിന്ന് ലഭിച്ച ആ ക്രൂരതയാണ് വിക്ടർ തന്റെ സൃഷ്ടിയായ സത്വത്തോടും  കാണിക്കുന്നത്.

ഫ്രാങ്കെൻസ്റ്റീൻ 2025

അക്രമം ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നു എന്ന ആശയം സിനിമ പങ്കുവെക്കുന്നു. വലിയൊരു ഡോക്ടർ ആയിട്ടും അമ്മയെ രക്ഷിക്കാൻ കഴിയാത്ത അച്ഛന്റെ പരാജയമാണ് മരണത്തെ തോൽപ്പിക്കണമെന്ന വാശി വിക്ടറിൽ വളർത്തുന്നത്. സിനിമയിൽ ജേക്കബ് എലോർഡി അവതരിപ്പിക്കുന്ന സത്വം വെറുമൊരു രാക്ഷസനല്ല. അത് സ്നേഹവും ശ്രദ്ധയും ആഗ്രഹിക്കുന്ന ഒരു കുട്ടിയെപ്പോലെയാണ്. എന്നാൽ വിക്ടർ ആ സത്വത്തെ ഒരു പരീക്ഷണവസ്തുവായി മാത്രം കാണുകയും ചങ്ങലയ്ക്കിടുകയും ചെയ്യുന്നു. ഇന്ന് നാം നിൽക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കാലഘട്ടവുമായി ഫ്രാങ്കെൻസ്റ്റീൻ കഥയെ കൂട്ടി വായിക്കുമ്പോൾ ഈ നോവൽ ഇത്രയും വർഷങ്ങൾ ആഘോഷിക്കപ്പെട്ടതിന്റെ ഉത്തരം കിട്ടും.

വിക്ടർ നിർജ്ജീവമായ ശരീരഭാഗങ്ങളെ ചേർത്ത് ജീവൻ നൽകിയത് പോലെ, മനുഷ്യൻ ഇന്ന് നിർജ്ജീവമായ വിവരങ്ങളെ കോർത്തിണക്കി കൃത്രിമ ബുദ്ധിക്ക് ജീവൻ നൽകാൻ ശ്രമിക്കുകയാണ്. ഗ്വിലർമോ ഡെൽ ടൊറോ Ai യെ എതിർക്കുന്നത് ഇതേ കാരണത്താലാണ്. മനുഷ്യന്റെ ആത്മാവോ വികാരങ്ങളോ അനുഭവങ്ങളോ ഇല്ലാത്ത സൃഷ്ടികൾ വെറും യന്ത്രങ്ങൾ മാത്രമാണെന്നും അവ കലയല്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. സ്രഷ്ടാവിനെ വെല്ലുവിളിക്കുന്ന സൃഷ്ടി എന്ന ഫ്രാങ്കെൻസ്റ്റീൻ സങ്കൽപ്പം ഇന്ന് Ai യുടെ കാര്യത്തിലും ചർച്ച ചെയ്യപ്പെടുന്നു. നാം ബുദ്ധിപൂർവ്വം സൃഷ്ടിച്ചെടുക്കുന്ന ഈ സാങ്കേതികവിദ്യ നാളെ നമ്മുടെ തന്നെ നിയന്ത്രണങ്ങൾക്കും അപ്പുറത്തേക്ക് വളർന്ന് നമ്മെ വേട്ടയാടുമോ എന്ന ഭയം ഒരിക്കലെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടാവും. 1818 ൽ മേരി ഷെല്ലി കണ്ട സ്വപ്നത്തിൽ നിന്നും ആശയം ഉൾക്കൊണ്ട്‌ എഴുതിയ നോവൽ, 2025 ലെ ടെക്നോളജി ലോകത്തും നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News