
രാഹുൽ മാങ്കൂട്ടത്തിൽ എന്ന കോൺഗ്രസുകാരന്‍റെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഡിസംബർ 4 എന്ന ദിവസത്തിന് ഏറെ പ്രത്യേകതകളുണ്ട്. 2024 ഡിസംബർ നാലിനാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. ഒരൊറ്റ വർഷം കഴിയുമ്പോൾ, 2025 ഡിസംബർ നാലിന് രാഹുൽ മാങ്കൂട്ടത്തിൽ നരാധമനായ ലൈംഗിക വേട്ടക്കാരനെന്ന നിലയിൽ സമൂഹത്തിന് മുന്നിൽ മുഖംനഷ്ടപ്പെടുകയും, സ്ത്രീപീഡനക്കേസിൽ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താകുകയും ചെയ്തു. എംഎൽഎ സ്ഥാനവും രാജിവെക്കുന്നതാണ് നല്ലതെന്ന് പാർട്ടി വ്യക്തമായി കഴിഞ്ഞു. കേരള രാഷ്ട്രീയത്തിൽ വളരെ പെട്ടെന്ന് വളരുകയും അതിനേക്കാൾ വേഗത്തിൽ വീഴുകയും ചെയ്ത രാഷ്ട്രീയ നേതാവ് എന്നായിരിക്കും രാഹുൽ മാങ്കൂട്ടത്തിലിനെ ചരിത്രം രേഖപ്പെടുത്തുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എന്നയാൾ വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ വളർച്ച നേടുന്നത്. അയാളെക്കുറിച്ച് പാർട്ടിയിലെ സംരക്ഷകൻ ഷാഫി പറമ്പിലിന്‍റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ‘ഫ്യൂച്ചറിലേക്കുള്ള പാർട്ടിയുടെ ഇൻവെസ്റ്റ്മെന്‍റാണ് രാഹുൽ മാങ്കൂട്ടത്തിൽ’. നിരവധി ആരോപണങ്ങളുടെ നിഴലിൽനിൽക്കെയാണ് രാഹുലിനെ പാലക്കാട്ട് മത്സരിപ്പിക്കാൻ വി ഡി സതീശനും ഷാഫി പറമ്പിലും ചേർന്ന് തീരുമാനിക്കുന്നത്. കെപിസിസി അധ്യക്ഷനായിരുന്ന കെ സുധാകരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ എതിർത്തിട്ടും ഷാഫിയുടെ തീരുമാനം നടപ്പിലായി. രാഹുൽ സ്ഥാനാർഥിയായി, ഉപതെരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. എസ്.ഡി.പി.ഐ ഉൾപ്പടെയുള്ള വർഗീയശക്തികളുടെ പിന്തുണയോടെയായിരുന്നു ഈ വിജയം. പാലക്കാട്ടെ രാഹുലിന്‍റെ വിജയം ആഘോഷിക്കാൻ ആദ്യം രംഗത്തിറങ്ങിയതും എസ്.ഡി.പി.ഐ തന്നെ.
Also Read- ‘രാഹു കാലം’: ഗത്യന്തരമില്ലാതെ രാഹുലിനെ കൈവിട്ട് നേതൃത്വം; എംഎൽഎ സ്ഥാനം ഒഴിയണമെന്ന് നേതാക്കൾ
ഓഹരിവിപണിയിലേത് പോലെ കുത്തനെ ഉയരുകയും പൊടുന്നനെ ഇടിയുകയും ചെയ്തതാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പൊളിറ്റിക്കൽ ഗ്രാഫ്. വ്യാജ ഐഡി കാർഡ് അടിച്ചിറക്കി, സ്വന്തം സംഘടനയെ പറ്റിച്ചാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്‍റെ മുഖ്യധാര രാഷ്ട്രീയത്തിൽ സജീവമാകുന്നത്. വ്യക്തിയധിക്ഷേപങ്ങളിലൂടെയും, ആഭാസം നിറഞ്ഞ പ്രസംഗങ്ങളും ചാനൽ ചർച്ചകളും കോൺഗ്രസിനുള്ളിൽ അയാൾക്ക് കൂടുതൽ ആരാധകരെ സമ്മാനിച്ചു.
കേരളം ആദരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗങ്ങളിൽ ‘എടോ വിജയാ’ എന്ന് നിരന്തരം അഭിസംബോധന ചെയ്ത, രാഹുൽ മാങ്കൂട്ടത്തിൽ മറ്റ് രാഷ്ട്രീയ എതിരാളികളെയും ഏറ്റവും മോശം വാക്കുകൾ ഉപയോഗിച്ച് കടന്നാക്രമിച്ചു. ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായ ഡിവൈഎഫ്ഐയുടെ പൊതിച്ചോറിനെ നീചമായ വാക്കുകളിലാണ് ഇയാൾ അധിക്ഷേപിച്ചത്. പൊതിച്ചോറിന് പിന്നിൽ അനാശാസ്യമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ വിശേഷിപ്പിച്ചത്. അതെങ്ങനെ, സ്വന്തം പ്രവൃത്തികളാണ് അയാളുടെ പ്രസംഗങ്ങളിലൂടെ പുറത്തുവന്നതെന്ന് പിന്നീടല്ലേ മനസിലായത്.
ALSO READ; രാഹുലിന് വൻ തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായിരുന്നപ്പോൾ വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടുവെച്ച് നൽകാൻ, കോടികൾ പിരിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വീട് പോയിട്ട് പിരിച്ച പണത്തെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. ഒടുവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാംപിൽ അണികൾ തന്നെ പിരിച്ച പണത്തെക്കുറിച്ച് ചോദിച്ചു. അങ്ങനെ അതൊരു രാഷ്ട്രീയ വിവാദമായപ്പോഴാണ്, ന്യായീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനം വിളിച്ചത്. ആ വാർത്താസമ്മേളനം തന്നെ അപഹാസ്യമായി മാറിയത് വേറെ കഥ. വയനാട് ദുരന്തം കഴിഞ്ഞിട്ട്, ഒന്നര വർഷമാകുമ്പോഴും, പിരിച്ച പണത്തെക്കുറിച്ചോ, വീട് നിർമിക്കുന്നതിനെക്കുറിച്ചോ യൂത്ത് കോൺഗ്രസിനോ കോൺഗ്രസിനോ ഒരു മിണ്ടാട്ടവുമില്ല.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന ധിക്കാരിയെയും കേരളസമൂഹം പലകുറി കണ്ടതാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വേളയിൽ സ്വാഭാവിക പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഷാഫിയും രാഹുലും ചേർന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ഉദ്യോഗസ്ഥനെ നോക്കി, ‘ഈ സർവീസിനുള്ള പാരിതോഷികം തരാം’ എന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ സാന്നിദ്ധ്യത്തിൽ രാഹുലിന്‍റെ ഭീഷണി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ, പി വി അൻവറിന്‍റെ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയതും കേരള രാഷ്ട്രീയത്തിൽ രാഹുലിന്‍റെ മുഖം നഷ്ടപ്പെടാൻ ഇടയാക്കി. ഓരോ രാഷ്ട്രീയ വിവാദങ്ങൾ വരുമ്പോഴും, ഹെഡ് മാസ്റ്ററായ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ചെല്ലും ചെലവും കൊടുത്ത് വളർത്തിയ എന്തിനുംപോന്ന സൈബർ വെട്ടുകിളിക്കൂട്ടങ്ങളുടെ പിന്തുണയോടെ രാഹുൽ അതിജീവിച്ചു. രാഹുലിനെയോ ഷാഫിയെയോ വിമർശിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും വ്യക്തിപരമായി അധിക്ഷേപിച്ച് അടിച്ചൊതുക്കുകയാണ് ഇവർ ചെയ്തിരുന്നത്.
പാർട്ടിക്കുള്ളിൽ അജയ്യനായി തുടരുന്നതിനിടെയാണ്, രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ തുടരെത്തുടരെ ഉയരുന്നത്. ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നു. നിൽക്കക്കള്ളിയില്ലാതെ കോൺഗ്രസ് ഇയാളെ സസ്പെൻഡ് ചെയ്യുകയും, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിനിടെ ചില കോൺഗ്രസുകാർ രാഹുലിനെതിരെ രംഗത്തെത്തിയെങ്കിലും ഷാഫി-രാഹുൽ ഫാൻസായ വെട്ടുകിളിക്കൂട്ടങ്ങൾ അവരെയൊക്കെ സൈബറിടത്തിൽ വ്യക്തിഹത്യ ചെയ്തു. ഇവരുടെ തന്നെ നേതാവായ സതീശൻ മുതൽ, ഉമാ തോമസ് ഉൾപ്പടെ, കെ സി വേണുഗോപാലിന്‍റെ ഭാര്യ വരെ ഈ സൈബറാക്രമണത്തിന് ഇരയായി. ഇത്രയുംകാലം ഇവരെ കൊണ്ടുനടന്ന സതീശന് സോഷ്യൽമീഡിയയിൽ കേക്കച്ചൻ എന്ന പേരും ഇവരുടെ ഫാൻസ് സോഷ്യൽമീഡിയയിൽ ചാർത്തിക്കൊടുത്തു.
Also Read- മാനം കെട്ട് പുറത്തേക്ക്: ഗത്യന്തരമില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോൺഗ്രസ്
എന്നാൽ അതീവ ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും രാഹുലിനെ പൂർണമായും തള്ളിപ്പറയാനോ എംഎൽഎ സ്ഥാനം രാജിവെപ്പിക്കാനോ കോൺഗ്രസ് തയ്യാറായില്ല. ഒളിഞ്ഞുംതെളിഞ്ഞും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയും ചെയ്തു. അതിനിടെയാണ് ഗർഭിണിയാക്കണമെന്ന് പറഞ്ഞ് പീഡിപ്പിച്ച യുവതിയുമൊത്തുള്ള ശബ്ദസന്ദേശം പുറത്തുവരുന്നത്. ഈ ശബ്ദരേഖയിലെ യുവതി, മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ, കളി മാറി. മുഖ്യമന്ത്രി പരാതി ഡിജിപിക്ക് കൈമാറി. പൊലീസ് കേസെടുത്തു. പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇതോടെ രാഹുൽ ഒളിവിൽ പോയി. കാര്യങ്ങൾ ഇത്രയൊക്കെയായിട്ടും രാഹുലിനെ കൈവിടാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. മുൻകൂർ ജാമ്യം തള്ളുമെന്ന പ്രതീക്ഷയിൽ അവർ കാത്തിരുന്നു. അതിനിടെ കൂടുതൽ പേർ രാഹുലിനെതിരെ രംഗത്തുവന്നു. കെപിസിസി നേതൃത്വത്തിന് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചു. ഈ പരാതി പൊലീസിന് ലഭിച്ചതോടെ, അതിലും കേസെടുത്തു.
എല്ലാത്തിനുമൊടുവിൽ രാഹുലിന്‍റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത മറ്റൊരു ഡിസംബർ 4 കൂടി കടന്നുവന്നു. ഒളിവിൽ പോയി എട്ട് നാൾ പിന്നിടുമ്പോഴും, മുൻകൂർ ജാമ്യം ലഭിക്കുമെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു ഷാഫി-രാഹുൽ ക്യാംപ്. ജാമ്യഹർജിയിൽ വിശദമായ വാദം കേട്ട തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഉച്ചയ്ക്കുശേഷം ഏറെ നിർണായകമായ ആ വിധി പുറപ്പെടുവിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല, അറസ്റ്റിന് തടസമില്ല. ഈ വാർത്ത വന്ന് നിമിഷങ്ങൾക്കകം, രാഹുലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിക്കൊണ്ടുള്ള സണ്ണി ജോസഫിന്‍റെ പത്രകുറിപ്പ് പുറത്തുവന്നു. ഇത്രയുംകാലം രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടും കോൺഗ്രസ് തിരുത്തി. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കുകയും ചെയ്തു. അങ്ങനെ രാഹുലിന്‍റെ കയറ്റവും ഇറക്കവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്ന ഒന്നായി ഡിസംബർ 4 മാറിയിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

