ആത്മഹത്യ ചെയ്‌തത്‌ സിൽക്കോ അതോ വിജയലക്ഷ്മിയോ? വെള്ളിത്തിരയിലെ സൗന്ദര്യ റാണിയുടെ കഥ

-സാൻ

‘സില്‍ക് സ്മിത ആത്മഹത്യ ചെയ്തു’, 1996 സെപ്‌റ്റംബർ 23 ന് ചെന്നൈ സാലിഗ്രാമിലെ അപ്പാർട്ട്‌മെന്റിൽ നിന്നാണ് ആ വാർത്ത പുറത്തു വന്നത്. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ സൗന്ദര്യത്തിന്റെ സകല ഭാവഭേദങ്ങളും പഠിപ്പിച്ച റാണി എന്നെന്നേക്കുമായി യാത്രയായിരിക്കുന്നു. ഞെട്ടിത്തരിച്ചുപോയ സഹപ്രവർത്തകർക്കും ആരാധകർക്കും മുൻപിലേക്ക് ചേതനയറ്റ സിൽക്കിന്റെ ശരീരം കൊണ്ടുവന്നപ്പോൾ നിശബ്ദത മാത്രമായിരുന്നു അവർക്ക് ലോകത്തോട് പറയാനുണ്ടായിരുന്ന മറുപടി. സിൽക്കിന് ഇത്തരത്തിൽ ഒരന്ത്യം ഉണ്ടാകുമെന്ന് ആരും തന്നെ കരുതിയതല്ല. വിഷാദത്തിന് അടിമയാണെന്ന് പലരും കേട്ടിരുന്നെങ്കിലും അത് ആത്മഹത്യയിലേക്ക് നയിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആ മരണത്തിൽ അതിഭീകരമായ ഒരു നിഗൂഢതയും തളം കെട്ടി.

ALSO READ: തൃശൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ

ആന്ധ്രയിലെ ഒരു ഗ്രാമത്തിലാണ് വിജയലക്ഷ്മിയെന്ന സിൽക്ക് ജനിച്ചത്. കഷ്ടതകൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു അവളുടേത്. നാലാം ക്ലാസ് വരെ മാത്രം പഠിക്കാൻ കഴിഞ്ഞ അവൾ തിരിച്ചറിവെത്താത്ത പ്രായത്തിൽ തന്നെ വിവാഹമെന്ന ബാധ്യതയിലേക്ക് ചെന്നെത്തി. ഭർത്താവും വീട്ടുകാരും കഴിയുന്നത്ര ക്രൂരമായിത്തന്നെ അവളെ ഉപദ്രവിച്ചു. ഒടുവിൽ ജീവിതം തന്നെ മടുത്ത് പോയ ഒരവസ്ഥയിൽ ആ പെൺകുട്ടി മദ്രാസിലേക് വണ്ടി കയറി. എഴുപതുകളുടെ മധ്യത്തിലാണ് വിജയലക്ഷ്മി കോടമ്പക്കത്തെത്തുന്നത്. സിൽക്ക് സിനിമയെ കണ്ടെത്തിയതാണോ അതോ സിൽക്കിനെ സിനിമ കണ്ടെത്തിയതാണോ എന്നതിൽ ഇപ്പോഴും ദുരൂഹതകൾ തുടരുന്നുണ്ട്.

സിനിമയില്‍ ഒരു ടച്ചപ്പ് ആര്‍ടിസ്റ്റായിരിക്കെയാണ് വിജയലക്ഷ്മി സില്‍ക് സ്മിതയായി മാറുന്നത്. അങ്ങനെ ‘വണ്ടിച്ചക്രം’ എന്ന തമിഴ് സിനിമ ജീവിതത്തിന്റെ യാതനകളിൽ നിന്ന് അവളെ മോചിപ്പിക്കാൻ തുടങ്ങി. സിൽക്ക് എന്ന ബാർ ഡാൻസറായിട്ടായിരുന്നു ആദ്യമായി വിജയലക്ഷ്മി വെള്ളിത്തിരയിൽ എത്തിയത്. അങ്ങനെ ആ പേര് അവൾ സ്വയം എടുത്തണിയുകയും, അത് പിന്നീട് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു വിഷാദ കാവ്യത്തെ അടയാളപ്പെടുത്താൻ നിരൂപകർ ഉപയോഗിക്കുകയും ചെയ്തു. തന്റെ ശരീരവും അതിന് സ്‌ക്രീനിൽ ലഭിക്കുന്ന അനിർവചിനീയമായ വരവേൽപ്പും തന്നെയാണ് ഇനി ജീവിതത്തിന്റെ ഗതി തീരുമാനിക്കാൻ പോകുന്നതെന്ന് സിൽക്ക് തിരിച്ചറിഞ്ഞതും ആദ്യ സിനിമയിൽ വച്ച് തന്നെയാണ്.

ALSO READ: ‘വനിതാ താരങ്ങളെ തക്കം കിട്ടിയപ്പോഴൊക്കെ പീഡിപ്പിച്ചു’, ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ ദില്ലി പൊലീസിന്‍റെ ഗുരുതര കണ്ടെത്തല്‍

ചുരുങ്ങിയ കാലംകൊണ്ട് തന്നെ ആകാരഭംഗി കൊണ്ടും അംഗലാവണ്യവും കൊണ്ടും സില്‍ക് ആരാധകരെ ഉന്മത്തരാക്കി. നായികാ കഥാപാത്രമോ മുഴുനീള വേഷങ്ങളോ ഇല്ലാതെ തന്നെ സിൽക്കിന്റെ സിനിമകൾ ഹിറ്റാവുകയും താരമൂല്യം വർദ്ധിക്കുകയും ചെയ്തു. ഒരു ഗാന രംഗത്ത് അല്ലെങ്കില്‍ നൃത്ത രംഗത്ത് സില്‍ക്ക് വന്നാല്‍ മതി, പോസ്റ്ററുകളില്‍ സില്‍ക്കിന്‍റെ ചിത്രങ്ങള്‍ നിറയും. അത് കണ്ടുകൊണ്ട് തിയേറ്ററിലേക്ക് പ്രേക്ഷകർ ഇരച്ചു കയറും. പല സിനിമകളും ഹിറ്റ് ചാർട്ടിൽ അന്ന് ഇടം പിടിച്ചിരുന്നത് എന്നാൽ സിൽക്കിന്റെ ശരീരം പ്രദർശിപ്പിച്ച് ലക്ഷങ്ങൾ കൊയ്ത ഒരു സിനിമാക്കാരനും വലിയ താര പദവിയിലേക്ക് സിൽക്കിനെ ഉയർത്തിയില്ല. അവരുടെ കപട സദാചാര ബോധം സിൽക്കിനെ വെറുമൊരു ശരീരം മാത്രമാക്കി ചുരുക്കി.

കള്ളനായി അഭിനയിവച്ചവനെ പിന്നീട് സത്യസന്ധനായി കാണാൻ ഇഷ്ടമില്ലാത്ത  സമൂഹം സിൽക്കിനെ മാദക റാണിയായി മാത്രം ചിത്രീകരിച്ചു. വരുന്ന വേഷങ്ങളൊക്കെ തന്നെ അത്തരത്തിലായതോടെ സിനിമയുടെ അഴുക്ക് പുരണ്ട ലിപികൾ കൊണ്ട് പലരും അവളെക്കുറിച്ച് ലിംഗം കൊണ്ട് ചിന്തിക്കാനും എഴുതിപ്പിടിപ്പിക്കാനും തുടങ്ങി. നല്ല കഥാപാത്രങ്ങൾ ചില സംവിധായകർ നല്കിയപ്പോഴും പ്രേക്ഷകർ അതിനെ നിരാകരിച്ച് സിൽക്കിനെ ഒരു മസാല നായികയായി മാത്രം കണ്ടാൽ മതിയെന്ന് അലമുറയിട്ടു. ഇതിനെ മുതലെടുക്കാൻ തെന്നിന്ത്യൻ സിനിമയിലെ പല പ്രമുഖരും അന്ന് രംഗത്ത് വന്നിരുന്നു. അവർക്ക് വേണ്ടത് സിൽക്ക് എന്ന അഭിനേത്രിയെ ആയിരുന്നില്ല, സിൽക്ക് എന്ന മാദക റാണിയെ മാത്രമായിരുന്നു.

ALSO READ: പകരക്കാരനില്ലാത്ത പ്രതിഭ, നിലപാടുകളിലെ നേര്: ഓർമ്മകളിൽ മലയാളത്തിൻ്റെ തിലകൻ

തൊണ്ണൂറുകളോടെയാണ് സിനിമയിൽ സില്‍കിന്‍റെ പ്രതാപം കാലം അവസാനിക്കുന്നത്. വെള്ളിത്തിരയിലെ മതിഭ്രമിപ്പിക്കുന്ന ജീവിതത്തിൽ നിന്ന് പുറത്തു കടക്കാനും സമാധാനപൂര്ണമായ ഒരു ജീവിതം സൂക്ഷിക്കാനും എവിടെയൊക്കെയോ സിൽക്ക് ആഗ്രഹിച്ചിരുന്നു. സാധാരണ ജീവിതം കുടുംബം കുട്ടികൾ തുടങ്ങിയ ഇന്ത്യൻ സ്ത്രീകളുടെ ചിന്താഗതികൾ ഉടലെടുത്തതോടെ സിൽക്ക് സിനിമയിൽ നിന്ന് പതിയെ പിൻവാങ്ങിത്തുടങ്ങി. ഈ ചിന്തകളാണ് മദ്യത്തിലേക്കും വിഷാദത്തിലേക്കും സിൽക്കിന്റെ നയിച്ചതെന്ന് പറയപ്പെടുന്നു. ആരോടും ഒന്നും പങ്കുവയ്ക്കാൻ ഇഷ്ടപ്പെടാത്ത സിൽക്ക് എല്ലാം മനസ്സിൽ തന്നെ സൂക്ഷിച്ചു. ഒടുവിൽ ആ ചിന്തകൾ എല്ലാം ചേർന്ന് അവളെ ആത്മഹത്യയിലേക്ക് നയിച്ചതാകാം.

സിൽക്കിന്റെ ജീവിതം ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ വിഷാദ മോഹനമായ മധുര കാവ്യം പോലെയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News