‘കോളനി എന്ന പദം ഇനി വേണ്ട, പകരം മറ്റൊരു വാക്ക്’, അടിമത്തം ഇവിടെ അവസാനിപ്പിക്കുന്നു; ചരിത്ര തീരുമാനത്തിന് കേരളം മുന്നിട്ടിറങ്ങുമ്പോൾ

ആ കോളനിക്കടുത്താണോ വീട്? സ്ഥലപ്പേര് പറയുമ്പോഴേ എല്ലാവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതായിരുന്നു. ‘അല്ല കുറച്ചു മാറിയാണ്’, എന്ന ഉത്തരത്തിൽ കുഞ്ഞായിരുന്ന ഞാനും ഒരു അടിമത്ത വ്യവസ്ഥയുടെ ഭാഗമായിരുന്ന കാലം. സ്‌കൂളിൽ എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ ഒക്കെ ലക്ഷം വീട് കോളനി (*തിരുത്തിയ പദം: നഗർ) യിൽ നിന്നുള്ളവരായിരുന്നു. ദിവസേന സമൂഹം നൽകിയ ഇത്തരം ചോദ്യങ്ങൾ ആ അടുത്ത സുഹൃത്തുക്കളെയെല്ലാം അകറ്റുകയും അവിടെയുള്ള തമിഴർ എനിക്ക് അന്യരാവുകയും ചെയ്‌തു.

സിഐടിയു തൊഴിലാളിയായിരുന്ന ഉപ്പ ജനിച്ചു വളർന്ന ഇടമായിരുന്നു ലക്ഷം വീട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ എല്ലാ സൗഹൃദങ്ങളും ആ സ്ഥലവുമായി ബന്ധപ്പെട്ടതായിരുന്നു. അതൊരിക്കലും ഉപേക്ഷിക്കാൻ തയാറയിലെന്ന് മാത്രമല്ല അവരെക്കൂടി ജീവിതത്തിന്റെ ഭാഗമാകാനും ഉപ്പ ശ്രമിച്ചിരുന്നു. ലക്ഷം വീടിന് കൂടെയുള്ള കോളനി എന്ന പേര് അവിടെയുള്ള മനുഷ്യരെ പലയിടത്തുനിന്നും തഴയുകയും വിദ്യാഭ്യാസപരമായും, സാമൂഹികപരമായും ഉയരുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു. ലക്ഷം വീട്ടിൽ നിന്നുള്ള പലരും പകുതിയ്ക്ക് വെച്ച് പഠിപ്പ് അവസാനിപ്പിച്ച് ചെറിയ ജോലികൾ ചെയ്‌ത്‌ ജീവിക്കാൻ തുടങ്ങി. അഞ്ചാം ക്ലാസിനപ്പുറം ആ പ്രദേശത്ത് നിന്നുള്ള ആരെയും എനിക്ക് സ്‌കൂളിൽ സുഹൃത്തുക്കളായി കിട്ടിയിട്ടില്ല. ചുരുക്കം ചില പെൺകുട്ടികൾ മാത്രം തുടർന്ന് പഠിച്ചു. ഒട്ടുമിക്കവരും ചെറു പ്രായത്തിലെ വിവാഹം കഴിക്കുകയും കുട്ടികളും പ്രാരാബ്ധങ്ങളുമായി ജീവിതം തുഴയുകയും ചെയ്തു.

ALSO READ: ‘ബന്ധം ഉപേക്ഷിച്ച് മറ്റൊരു പ്രണയത്തിലേർപ്പെട്ടു’, നടുറോഡിൽ വെച്ച് യുവതിയെ സ്‌പാനർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി മുൻ കാമുകൻ; സംഭവം മുംബൈയിൽ: വീഡിയോ

‘കോളനി’ (നഗർ) ഇതൊരു മോശപ്പെട്ട മാറ്റി നിർത്തപ്പെടേണ്ട ഒന്നാണെന്നാണ് കാലാകാലവും സമൂഹം കരുതിപ്പോന്നിരുന്നത്. യഥാർത്ഥത്തിൽ സംരക്ഷിക്കപ്പെടേണ്ട മനുഷ്യരുള്ള, നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ട കുട്ടികൾ ജീവിച്ചിരിക്കുന്ന ഇടമായിരുന്നു അത്. പേരിന്റെ പേരിൽ, ജാതിയുടെയും, ജോലിയുടെയും പേരിൽ, പല ഇടങ്ങളിൽ, പല തരത്തിൽ പലരും കോളനികൾ എന്ന വാക്കുകൊണ്ട് അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്, പുറത്താക്കപ്പെട്ടിട്ടുണ്ട്. ‘കോളനികളിൽ ഉള്ളവരെ വിശ്വസിക്കാൻ കൊള്ളില്ല, കോളനിയിൽ അല്ലെ കല്യാണം വേണ്ട, കോളനിയിൽ ഉള്ളവനല്ലേ അവൻ അതല്ല അതിനപ്പുറവും ചെയ്യും, തുടങ്ങി സകല കൊള്ളരുതായ്മകളും കോളനി എന്ന വാക്കിലും അത്തരം ഇടങ്ങളിൽ ജീവിക്കുന്ന മനുഷ്യരിലും കൂട്ടികെട്ടാനാണ് പൊതുസമൂഹം ശ്രമിച്ചത്.

വളരും തോറും ഞാനും സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമാവുകയും നിറവും രൂപവും ജോലിയും ജാതിയും വെച്ച് മനുഷ്യരെ വിലയിരുത്താൻ തുടങ്ങുകയും ചെയ്തിരുന്നു. കറുത്ത മനുഷ്യർ കോളനികളിൽ ഉള്ളവരാണെന്നും, അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സദാ തയാറായി നിൽക്കുന്നവർ ആണെന്നും, അവർ ജാതിയിൽ താഴ്ന്നവർ ആണെന്നും സിനിമകൾ ഉൾപ്പെടെ സമൂഹത്തെ പറഞ്ഞു പഠിപ്പിച്ചു. ആ സ്റ്റീരിയോടൈപ്പിന് പിറകിലുള്ള മേലാളന്മാരുടെ കുബുദ്ധിയും, സമൂഹത്തിലും ജാതിയിലും ഉന്നതരെന്ന് വിശ്വസിക്കുന്നവരുടെ നികൃഷ്ട ചിന്തകളും അന്നാരും തിരിച്ചറിഞ്ഞതേയില്ല. എത്ര സിനിമകളിൽ കോളനികളിൽ ജീവിക്കുന്ന മനുഷ്യരെ മോശപ്പെട്ടവരാക്കി മാറ്റാൻ ശ്രമിച്ചിട്ടുണ്ട് എന്ന് മലയാള സിനിമാ ലോകത്തിന് പോലും അറിയില്ല. അത്രത്തോളം നിറത്തിന്റെയും ജോലിയുടെയും ജാതിയുടെയും പ്രദേശത്തിന്റെയും പേരിൽ മനുഷ്യരെ മോശമായി ചിത്രീകരിക്കാൻ സിനിമകൾ ശ്രമിച്ചിട്ടുണ്ട്.

ALSO READ: ബാബറി മസ്ജിദും അയോധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻസിഇആർടി നടപടി കേരളം അംഗീകരിക്കുന്നില്ല: മന്ത്രി വി ശിവൻകുട്ടി

സാറ ജോസഫിന്റെ ആലാഹയുടെ പെണ്മക്കൾ എന്ന നോവലിലെ ഗോസായിക്കുന്നിനെ പോലെയാണ് മലയാളി സമൂഹം കോളനികളെ കണ്ടിരുന്നത്. ഗോസായിക്കുന്നിലെ മനുഷ്യരെ എനഗ്നെ സമീപിച്ചിരുന്നു അത്തരത്തിൽ തന്നെയാണ് കോളനികളിൽ ഉള്ള മനുഷ്യരെയും നമ്മൾ സമീപിച്ചിരുന്നത്. വില്ലനാണോ അയാൾ കോളനിയിൽ ജീവിക്കുന്നയാൾ തന്നെ തന്നെ എന്ന രീതിയാണ് പലപ്പോഴും സിനിമകൾ പിന്തുടർന്നിരുന്നത്. ബാംബൂ ബോയ്സ് എന്ന ചിത്രത്തിൽ ട്രൈബൽ വിഭാഗത്തിൽ പെട്ട മനുഷ്യരെ എത്ര മോശമായാണ് ചിത്രീകരിച്ചത് എന്ന് നമ്മളെ കണ്ടതാണ്. ആ ചരിത്രമൊക്കെ തിരുത്തി എഴുതിയത് പലപ്പോഴും ശ്യാം പുഷ്കരന്റെ കുമ്പളങ്ങി നൈറ്റ്സ് ആണെന്ന് നിസ്സംശയം പറയാം. ഒരു പ്രദേശത്തെ മനുഷ്യരെ സ്റ്റീരിയോ ടൈപ്പ് ചെയ്യുന്നതിൽ നിന്നും അവരുടെ സ്വത്വം വെളിപ്പെടുത്തുന്ന തരത്തിലേക്ക് ആ സിനിമ മാറിയിരുന്നു.

ഫാൻ ഫൈറ്റ് അതായത് എഫ്എഫ്‌സി ഗ്രൂപ്പുകളിലൂടെയാണ് കോളനി എന്ന വാക്കിനെ മോശം ഉപമകൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള ശ്രമങ്ങൾ നടന്നത്. പല പ്രമുഖ താരങ്ങളെയും കളിയാക്കാനും മറ്റും ആ ഗ്രൂപ്പുകൾ കോളനി എന്ന വാക്കിനെ ഉപയോഗിച്ചു. തെറികൾക്ക് മുൻപും പിൻപും അവർ കോളനികൾ എന്ന് ഉപയോഗിച്ചു. ഇതോടെ പൊതുസമൂഹത്തിന് മുൻപിലേക്കെത്തുന്ന കോളനികളെ കുറിച്ചുള്ള എല്ലാം തെറ്റായി തന്നെ വ്യാഖ്യാനിക്കപ്പെട്ടു. മോശം പരാമർശങ്ങൾക്ക് വേണ്ടി മാത്രം കോളനി എന്ന വാക്ക് പിന്നീടാണ് ഉപയോഗിക്കപ്പെട്ടത്. വ്‌ളോഗർമാരും യൂട്യൂബേഴ്‌സുമെല്ലാം ഈ രീതി പിന്തുടരുകയും ആ വാക്കിനെ കൂടുതൽ ജാതീയപ്രമായ പരാമര്ശങ്ങള്ക്കും, മറ്റും ഉപയോഗിക്കാനും തുടങ്ങി. ആർഡിഎക്‌സ് എന്ന പുതിയകാല സിനിമയിൽ പോലും കോളനികളെ മോശമാക്കി ചിത്രീകരിക്കാനുള്ള ഒരു ശ്രമം നടന്നുവെന്ന ആരോപണങ്ങൾ നിലനിന്നിരുന്നു.

ALSO READ: ‘പശുക്കിടാവിന്‍റെ പാൽ മോഷ്ടിച്ചാണ് നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്, സസ്യാഹാരികളുടെ കള്ളത്തരം മനസ്സിലാകുന്നില്ല’, നളിനി ഉനഗറിന് സ്വര ഭാസ്‌കറിന്റെ മറുപടി

കോളനി എന്ന വാക്കിന് പിറകിലെ അടിമത്ത വ്യവസ്ഥിതിയുടെ പാടുകൾ മായ്ക്കാൻ കേരളം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മന്ത്രി കെ രാധാകൃഷ്ണൻ അധികാരമേറ്റ സമയത്ത് തന്നെ കോളനി എന്ന പദം ഇല്ലാതാവുന്ന ദിവസം വരും എന്ന് മന്ത്രി പറഞ്ഞിരുന്നു. ‘ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പാക്കിയ അടിമത്ത ഭരണത്തിൻ്റെ പ്രതീകമാണ് കോളനികൾ. ആ പദം ഉപയോഗിക്കുന്ന രീതി മാറണം. അങ്ങനെ ഒരു ദിവസം വരും. എല്ലാ മനുഷ്യരും ഒരുപോലെയാണ്‌’, എന്നാണ് അന്ന് മന്ത്രി പറഞ്ഞത്. ആ മാറ്റം ഇപ്പോൾ നടപ്പിലായിരിക്കുന്നു. മന്ത്രി പദം ഒഴിയുന്നതിന് മുൻപ് കെ രാധാകൃഷ്ണൻ നടപ്പിലാക്കിയത് ചരിത്ര തീരുമാനമാണ്.

‘കോളനി എന്ന പേര് എടുത്തുകളയണം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണ്. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു. ആ പേര് ഇല്ലാതാക്കുകയാണ്. പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം. പക്ഷെ വ്യക്തികളുടെ പേരില്‍ വേണ്ടെന്നാണ് കരുതുന്നത്’, എന്നാണ് മന്ത്രി കോളനി എന്ന പദം ഒഴിവാക്കിക്കൊണ്ട് പറഞ്ഞത്. ഈ ചരിത്ര തീരുമാനം നടപ്പിലാകുന്നതോടെ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറും. കോളനികൾ നഗറുകൾ ആവുന്നതോടെ പേരിന്റെ പേരിൽ ചേർക്കപ്പെട്ട വിവേചനവും മാഞ്ഞുപോകും. എല്ലാ മനുഷ്യരും തുല്യരാകും. ആ തുല്യതയാണ് ഇവിടെ ജനിക്കേണ്ടത്. മാറ്റത്തിലേക്കുള്ള കേരളത്തിന്റെ ഒരു പുതിയ ചുവടുവെപ്പാണ് ഇന്ന് കേരളം സർക്കാർ നടത്തിയത്‍. ഇനിയൊരിക്കലും ജനിച്ച സ്ഥലത്തിന്റെ പേരിൽ ആരും വേട്ടയാടപ്പെടാതിരിക്കട്ടെ… എല്ലാവരും തുല്യരാവട്ടെ…

(പലയിടത്തും കോളനികൾ എന്ന് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്, വിഷയത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here