
ശിവദർശന ശിവദാസ്
മാധ്യമരംഗത്ത് ഡിജിറ്റൽ ഡെസ്കിൽ സ്റ്റോറികൾ എഴുതിയിരുന്ന താൻ, ഒരു വീഡിയോ അവസരം വന്നപ്പോൾ എഴുതിയ കഥകൾക്ക് ദൃശ്യാവിഷ്കാരം നൽകി തുടങ്ങിയതാണ് ഇന്നത്തെ രീതിയിലേക്ക് വളർന്നതെന്ന് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനും ‘വല്ലാത്തൊരു കഥ’ എന്ന പരിപാടിയുടെ അവതാരകനുമായ ബാബു രാമചന്ദ്രൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് (KLIBF 2026) കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
കോവിഡ് കാലത്തെ ലോക്ക്ഡൗൺ സമയത്താണ് കൂടുതൽ പ്രേക്ഷകർ ഈ പരിപാടി ശ്രദ്ധിച്ചു തുടങ്ങിയത്. അക്കാലത്ത് പ്രേക്ഷകരുമായി ഉണ്ടായ ആശയവിനിമയമാണ് പരിപാടിയുടെ വളർച്ചയിൽ നിർണ്ണായകമായത്.
തന്റെ അവതരണ ശൈലി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും, അഞ്ചര വർഷത്തെ തുടർച്ചയായ പരിശ്രമത്തിലൂടെയും സ്വയം തിരുത്തലുകളിലൂടെയും രൂപപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി,. കാലം മാറുന്നതിനനുസരിച്ച് മാധ്യമ പ്രവർത്തനത്തിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ആളുകളുടെ ശ്രദ്ധാസമയം (Attention span) കുറയുന്നതിനനുസരിച്ച് മാധ്യമങ്ങളുടെ ഫോർമാറ്റിലും മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
താൻ ചെയ്ത എപ്പിസോഡുകളിൽ തോട്ടം തൊഴിലാളികളുടെ (ലയങ്ങൾ) ജീവിതത്തെക്കുറിച്ച് പ്രതിപാദിച്ച ഭാഗം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. തലമുറകളായി അവർ അനുഭവിക്കുന്ന ‘ബോണ്ടഡ് ലേബർ’ അവസ്ഥയും അവരുടെ ജീവിത സാഹചര്യങ്ങളും തന്നെ ഇന്നും വേട്ടയാടുന്ന വെളിപ്പെടുത്തലുകളാണെന്ന് അദ്ദേഹം ഓർത്തെടുത്തു
‘വല്ലാത്തൊരു കഥ’ പുസ്തകമായി പുറത്തിറങ്ങിയപ്പോൾ കേവലം വീഡിയോയുടെ വിവരണമായിട്ടല്ല അത് തയ്യാറാക്കിയത്. വായനക്കാർക്ക് ആസ്വാദ്യകരമായ രീതിയിൽ സാഹിത്യപരമായ മാറ്റങ്ങൾ (Literary rewriting) വരുത്തിയാണ് ഓരോ കഥയും പുസ്തകത്തിനായി പുനർനിർമ്മിച്ചിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ കാണാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

