
ലോകകപ്പിന് മുൻപ് സാമ്പിള്‍ വെടിക്കെട്ടുമായി ഇന്ത്യയുടെ യുവതാരം അഭിഷേക് ശർമ്മ. ന്യൂസിലൻഡിനെതിരായ നാഗ്പൂരിൽ നടന്ന ആദ്യ ടി-20യിൽ 35 പന്തിൽ 84 റൺസ് നേടി ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ റെക്കോർഡിട്ടു. ടി-20യിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് തികയ്ക്കുന്ന താരമായാണ് തകർപ്പൻ പ്രകടനത്തോടെ അഭിഷേക് ശർമ്മ മാറിയത്.
വെറും 22 പന്തിൽ നിന്നാണ് താരം അർദ്ധ സെഞ്ച്വറി തികച്ചത്. ടി-20 ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റർമാരായ സൂര്യകുമാർ യാദവിനെയും ഫിൽ സാൾട്ടിനെയും പിന്നിലാക്കിയാണ് താരം ചരിത്രം കുറിച്ചത്. പുരുഷ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് ഇനി അഭിഷേകിന് സ്വന്തം.
2,898 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. 2,942 പന്തുകളിൽ നിന്ന് ആ നാഴികക്കല്ല് പിന്നിട്ട ആൻഡ്രെ റസ്സലിനെ താരം മറികടന്നു. ടിം ഡേവിഡ്, വിൽ ജാക്സ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്.
2,898 പന്തുകളിൽ നിന്ന് അയ്യായിരം റൺസ് നേടിയ അഭിഷേകിന് 172 എന്ന സ്ട്രൈക്ക് റേറ്റാണുള്ളത്. അതേസമയം ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റെല്ലാവരും 160 ന് താഴെയാണ്. എട്ട് സിക്സറുകളും അഞ്ച് ബൗണ്ടറികളുമാണ് മത്സരത്തിൽ താരം അടിച്ചെടുത്തത്. ഇഷ് സോധിയുടെ പന്തിൽ ലോങ് ഓണിൽ ക്യാച്ച് ചെയ്ത് 84 റൺസ് നേടി അഭിഷേക് ഒടുവിൽ പുറത്തായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

