
ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി പ്രിയതാരം അഡ്രിയാൻ ലൂണ രംഗത്തെത്തി. ടീമിലെ താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും മാനേജ്‌മെന്റിനും ആരാധകർക്കും ആശംസകൾ നേർന്ന താരം, ബ്ലാസ്റ്റേഴ്‌സിന് ഇതൊരു മികച്ച സീസണായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ലൂണ തന്റെ പിന്തുണ അറിയിച്ചത്. “ഞാൻ മത്സരങ്ങൾ കാണും, നമ്മൾ ഉടൻ കാണും” എന്ന ലൂണയുടെ വാക്കുകൾ ആരാധകർ വൈകാരികമായാണ് ഏറ്റെടുത്തിരിക്കുന്നത്.
ഐഎസ്എൽ തുടങ്ങുന്നതിലെ അനിശ്ചിതത്വം നിലനിന്നിരുന്ന സാഹചര്യത്തിലാണ് ലൂണയും നോവ സദൂയിയും ലോണടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബ്ബുകളിലേക്ക് ചേക്കേറിയത്. ഇരുവരും ക്ലബ് വിട്ടത് ആരാധകരെ നിരാശരാക്കിയിരുന്നെങ്കിലും, ലോൺ കാലാവധിക്ക് ശേഷം താരങ്ങൾ തിരിച്ചെത്തുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.
ഫെബ്രുവരി 14-നാണ് ഇത്തവണ ഐഎസ്എൽ ആരംഭിക്കുന്നത്. ഉദ്ഘാടന ദിവസം വൈകുന്നേരം 5 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പുതിയ സീസണിന് മുന്നോടിയായി ചന്ദ്രശേഖർ ചിന്തയെ ടീമിന്റെ പുതിയ സഹപരിശീലകനായി നിയമിച്ചിട്ടുണ്ട്.
നിലവിൽ കൊച്ചിയിൽ തകർപ്പൻ പരിശീലനത്തിലാണ് ടീം. ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചനകൾ ഉണ്ടായിരുന്നുവെങ്കിലും, ഇത്തവണയും കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തന്നെയാകും ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകം. ലൂണയുടെ അസാന്നിധ്യത്തിലും ടീമിന്റെ പുതിയ നീക്കങ്ങളിലും വലിയ പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

