
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ശക്തമായ ബൗളിംഗ് പ്രകടനവുമായി ഇംഗ്ലണ്ടിന് മേൽ പിടിമുറുക്കി ഓസ്ട്രേലിയ. അഡിലെയ്ഡ് ഓവലിൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിൽ തകർന്നിരിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ 371 റൺസ് നേടിയ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഇപ്പോഴും 158 റൺസ് പിന്നിലാണ്.
ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യ ദിവസം എട്ട് വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ സെഞ്ച്വറി അടിച്ച കീപ്പർ അലക്സ് കാരിയും അർധസെഞ്ചുറി തികച്ച മിച്ചൽ സ്റ്റാർക്കും തല്ലിക്കെടുത്തി. ബാറ്റിംഗിനിറങ്ങിയ ഓപ്പണർ സാക്ക് ക്രൗളിയെ പാറ്റ് കമ്മിൻസ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ പതനം തുടങ്ങി. പിന്നാലെ നാഥൻ ലയൺ ഒലി പോപ്പിനെയും ബെൻ ഡക്കറ്റിനെയും പുറത്താക്കി, ഗ്ലെൻ മഗ്രാത്തിനെ മറികടന്ന് ഓസ്ട്രേലിയയുടെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
Also read: ആഷസ് രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 8 വിക്കറ്റിന്റെ വിജയം
ഇടവേളയ്ക്ക് ശേഷം കമ്മിൻസ് റൂട്ടിനെ പുറത്താക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ബെൻ സ്റ്റോക്സും ഹാരി ബ്രൂക്കും ചെറുത്തുനിന്നെങ്കിലും ക്യാമറൺ ഗ്രീൻ, കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി. ഓസ്‌ട്രേലിയൻ താരം അലക്സ് കാരി ഒരു ആഷസ് ടെസ്റ്റിൽ സെഞ്ചുറിയും അഞ്ച് ക്യാച്ചുകളും നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായി.
അവസാനം സ്റ്റോക്സും ആർചറും ചേർന്ന 45 റൺസിന്റെ ചെറുത്തുനിൽപ്പ് ഇംഗ്ലണ്ടിനെ ഫോളോ-ഓൺ ഒഴിവാക്കാൻ സഹായിച്ചു. എങ്കിലും മത്സരം ഇപ്പോൾ ആദ്യ രണ്ടു ടെസ്റ്റുകൾ ജയിച്ച ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

