
സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനു തോൽപിച്ച ഓസ്‌ട്രേലിയ ആഷസ് പരമ്പര 4–1ന് സ്വന്തമാക്കി. 160 റൺസ് വിജയലക്ഷ്യവുമായി ഇന്ന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ വിജയം ഉറപ്പിച്ചത് വേഗതയേറിയ തുടക്കവും അലക്‌സ് കാരിയും കാമറൂൺ ഗ്രീനും ചേർന്ന നിർണായക കൂട്ടുകെട്ടുമാണ് . അഞ്ചാം ദിവസത്തെ അനിശ്ചിതമായ പിച്ചിൽ ചെറിയ ഇടർച്ചകൾ ഉണ്ടായെങ്കിലും ഓസ്‌ട്രേലിയ ലക്ഷ്യം മറികടന്നു.
എട്ടു വിക്കറ്റ് നഷ്ടത്തിൽ 302 റൻസുകൾ എന്ന നിലയിൽ അഞ്ചാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മാത്യൂ പോട്സ് ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ആത്മവിശ്വാസം നൽകി. ജേക്കബ് ബെഥെൽ മികച്ച ഫോമിൽ തുടരുകയും 150 റൺസ് കടക്കുകയും ചെയ്തു. ആദ്യ മണിക്കൂറിൽ ഓസ്‌ട്രേലിയയുടെ രണ്ട് അപ്പീലുകൾ പരാജയപ്പെട്ടപ്പോൾ, സ്കോട്ട് ബോളണ്ടിനെതിരെ എൽബിഡബ്ല്യു വിധി ബെഥെൽ വിജയകരമായി ഡിആർഎസ് വഴി പിൻവലിപ്പിച്ചു. എന്നാൽ ഈ ആശ്വാസം അധികനേരം തുടർന്നില്ല. മിച്ചൽ സ്റ്റാർക്ക് ആദ്യം ബെഥെലിനെ എഡ്ജിലൂടെ പുറത്താക്കി, തുടർന്ന് ജോഷ് ടങിനെ മിഡ്-ഓഫിൽ ഫീൽഡറുടെ കൈകളിൽ എത്തിച്ചു. ഇതോടെ സ്റ്റാർക്കിന്റെ പരമ്പരയിലെ വിക്കറ്റുകളുടെ എണ്ണം 31 ആയി.
Also Read: സിഡ്‌നിയിൽ ഓസ്ട്രേലിയയുടെ ആധിപത്യം; ബെഥേലിനു സെഞ്ച്വറി
160 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയക്ക് ട്രാവിസ് ഹെഡ് വീണ്ടും തകർപ്പൻ തുടക്കം നൽകി.ലഞ്ചിന് മുമ്പ് ജോഷ് ടങ് രണ്ട് ഓപ്പണർമാരെയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇടവേളയ്ക്ക് ശേഷം 87 റൺസ് മാത്രം ആവശ്യമായിരുന്നെങ്കിലും സാഹചര്യങ്ങൾ ഇംഗ്ലണ്ടിന് അവസരങ്ങൾ നൽകി. വിൽ ജാക്സ് മികച്ച ടേണിൽ സ്റ്റീവ് സ്മിത്തിനെ ബൗൾഡാക്കി. പിന്നാലെ മർനസ് ലബുഷെയ്നിന്റെ ക്യാച്ച് ബെഥെൽ നഷ്ടപ്പെടുത്തി.
ഉസ്മാൻ ഖവാജ തന്റെ അവസാന ടെസ്റ്റ് ഇന്നിങ്സിൽ വേഗത്തിൽ പുറത്തായി. തുടർന്നുള്ള ഓവറിൽ ലബുഷെയ്ന് റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് അട്ടിമറി മണത്തു തുടങ്ങി. കാമറൂൺ ഗ്രീൻ ഒരേ പന്തിൽ രണ്ടുതവണ റണ്ണൗട്ടിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഇരു ടീമുകളും ഇത്രയധികം സമ്മർദ്ധത്തിലാണെന്നു കാട്ടിത്തന്നു. എങ്കിലും പിന്നീട് ഗ്രീനും കീപ്പർ അലക്സ് കാരിയും സമ്മർദ്ധങ്ങളെ അതിജീവിച്ചു ടീമിനെ വിജയത്തിലേക്ക് എത്തിച്ചു.
ചുരുക്ക സ്കോർ:
ഇംഗ്ലണ്ട് 384 (ജോ റൂട്ട് 160; മൈക്കൽ നെസർ 4–60) & 342 (ജേക്കബ് ബെഥെൽ 154; ബോ വെബ്‌സ്റ്റർ 3–64)
ഓസ്‌ട്രേലിയ 567 (ട്രാവിസ് ഹെഡ് 163; ജോഷ് ടങ് 3–97) & 161/5 (മർനസ് ലബുഷെയ്ന് 37; ജോഷ് ടങ് 3–42)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

