
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആഷസ് പാരമ്പര്ക്കിടയിൽ നടന്ന യാത്രയെക്കുറിച്ച് ഉയർന്ന വിവാദങ്ങളെ പാറ്റി അന്വേഷണം നടത്തുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടർ റോബ് കീ അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ അമിത മദ്യപാനം “അംഗീകരിക്കാനാകാത്തതാണ്” എന്നും അദ്ദേഹം തുറന്നടിച്ചു.
ഗാബ്ബയിൽ നടന്ന രണ്ടാം ടെസ്റ്റിൽ എട്ട് വിക്കറ്റിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ടീം റിസോർട്ട് നഗരമായ നൂസയിലേക്ക് നാലു രാത്രികളുടെ യാത്ര നടത്തിയത്. ഇത് ‘അവധി’യല്ല, മറിച്ച് ‘മിഡ്-സീരീസ് ബ്രേക്ക്’ ആണെന്ന് ടീം വ്യക്തമാക്കിയിരുന്നു. പരിശീലകൻ ബ്രെൻഡൻ മക്കല്ലം ഈ യാത്ര ടീമിന് പുതുമയും ഊർജവും നൽകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അഡിലെയ്ഡിൽ നടന്ന മൂന്നാം ടെസ്റ്റിൽ 82 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ, ഈ യാത്രയെ പറ്റി വിവിധ ആരോപണങ്ങൾ പുറത്തു വന്നു.
നൂസയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്ത റോബ് കീ, അമിത മദ്യപാനം നടന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ആദ്യ ടെസ്റ്റിന് മുമ്പ് അഡിലെയ്ഡിൽ ഓസ്‌ട്രേലിയൻ ടീമിനെതിരെ വോം-അപ്പ് മത്സരം കളിക്കാനുള്ള അവസരം ഇംഗ്ലണ്ട് നിരസിച്ചതും കീ വിശദീകരിച്ചു. പകരം, പെർത്തിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ മത്സരം കളിക്കുന്നത് കൂടുതൽ നിയന്ത്രണം നൽകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ നിലവിലെ പരാജയങ്ങൾക്ക് അതിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും, താരങ്ങളിൽ നിന്ന് പരമാവധി പ്രകടനം ലഭിച്ചിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

