
സിഡ്നിയിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് സ്വന്തമാക്കിയത് തന്റെ 37-ാമത്തെ അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ചുറി മാത്രമല്ല, ഒരു കൂട്ടം റെക്കോർഡുകൾ കൂടിയാണ്. ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ എന്ന് പരക്കെ കരുതപ്പെടുന്ന സ്മിത്ത് ആ വിശ്വാസം അരക്കെട്ടുറപ്പിക്കുന്ന പ്രകടനങ്ങളാണ് കളിക്കളത്തിൽ പ്രദർശിപ്പിക്കുന്നത്. സിഡ്‌നിയിൽ ആദ്യ ഇന്നിങ്സിൽ 138 റൺസുകൾ നേടിയ സ്മിത്ത് ടീമിനെ ശക്തമായ നിലയിൽ എത്തിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ 567 റൻസുകൾ നേടി നിർണായകമായ 183 റൺസുകളുടെ ലീഡ് ആണ് ഒന്നാം ഇന്നിങ്സിൽ ഓസീസ് ഇംഗ്ലണ്ടിനെതിരെ നേടിയത് .
ഈ സെഞ്ചുറിയോടെ ആഷസ് ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ചുറികളുടെയും റൺസുകളുടെയും എണ്ണത്തിൽ രണ്ടാം സ്ഥാനക്കാരനായി സ്മിത്ത് മാറി, ആഷസിൽ 13 സെഞ്ചുറികളടക്കം 3682 റൺസുകളുള്ള സ്മിത്തിന് മുൻപിൽ ഇനി ഉള്ളത് 19 സെഞ്ചുറികളും 5028 റൺസുകളുമുള്ള മഹാനായ ഡോൺ ബ്രാഡ്മാൻ മാത്രമാണ്. ആഷസ് സെഞ്ച്വറി പട്ടികയിൽ ഇരുവർക്കും പിന്നിലുള്ളത് ജാക്ക് ഹോബ്സ് (12), സ്റ്റീവ് വോ (10), വാലി ഹാമണ്ട് (9), ഡേവിഡ് ഗവർ (9) എന്നിവരാണ്. സെഞ്ചുറികളുടെ എണ്ണത്തിൽ സ്മിത്തിന് ഒപ്പം നിൽക്കുന്നത് വെസ്റ്റ് ഇൻഡീസിനെതിരേ 13 സെഞ്ചുറികൾ നേടിയ സുനിൽ ഗവാസ്കറും ഇന്ത്യക്കെതിരേ 13 സെഞ്ചുറികളോടെ ജോ റൂട്ടും മാത്രമാണ്.
Also Read: ഹെഡ്–സ്മിത്ത് കുതിപ്പ്: സിഡ്നി ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വെല്ലുവിളി
സ്മിത്ത് മറികടന്ന റെക്കോർഡുകൾ ഇവിടെയും അവസാനിക്കുന്നില്ല. കഴിഞ്ഞ ഇന്നിങ്‌സോടെ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലുമായി 5000-ലധികം റൺസ് നേടുന്ന നാലാമത്തെ ബാറ്ററായി സ്മിത്ത് മാറി. ഈ അപൂർവ നേട്ടം മുമ്പ് കൈവരിച്ചത് സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്ലി, ഡോൺ ബ്രാഡ്മാൻ എന്നിവരാണ്. നിലവിൽ ഇംഗ്ലണ്ടിനെതിരെ 5085 റൺസുകളാണ് സ്മിത്തിന്റെ സമ്പാദ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

