
പേസിനെ തുണയ്ക്കുന്ന പെര്‍ത്തിലെ പിച്ചില്‍ ആഷസ് ടെസ്റ്റിന്റെ ആദ്യ ദിവസം ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 172 റണ്‍സിന് ഓള്‍ ഔട്ടായി. ഓസ്ട്രേലിയയുടെ ഇടം കൈയൻ ഫാസ്റ്റ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 7 വിക്കറ്റ് നേടി. സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കുന്നതിന് മുമ്പ് തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി.
ആദ്യ അഞ്ച് ഓവറിൽ 10 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാർക്ക്, കരിയറിലെ 100-ാമത്തെ ആഷസ് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. വിക്കറ്റുകള്‍ വീണിട്ടും ബാസ്ബോള്‍ ശൈലിയില്‍ തന്നെ ബാറ്റുവീശിയ ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്റെ ആര്‍ധ സെഞ്ച്വറിയും ഓലി പോപ്പിന്റെ 46 റണ്‍സ് പ്രകടനവുമാണ് തകര്‍ന്ന നിലയില്‍ നിന്ന് കുറച്ചെങ്കിലും മെച്ചപ്പെട്ട നിലയിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്.
Also Read: നൂറിൽ നൂറ് ; ചരിത്ര നേട്ടവുമായി മുഷ്ഫിഖർ റഹിം
ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ നാല് ബാറ്റ്സ്മാന്മാര്‍ക്ക് മാത്രമേ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ. 61 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍.
ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് ഏഴ് വിക്കറ്റും ബ്രെൻഡൻ ഡോഗെറ്റ് രണ്ട് വിക്കറ്റും കാമറൂൺ ഗ്രീൻ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ജോഫ്രേ ആര്‍ച്ചറിലൂടെ അതേ നാണയത്തില്‍ തന്നെ ഇംഗ്ലണ്ടും മറുപടി നല്‍കി. റണ്‍സ് എടുക്കുന്നതിന് മുമ്പ് ഓസ്ട്രേലിയയുടെ ജെയ്ക്ക് വെതറാൾഡിനെ ജോഫ്രേ ആര്‍ച്ചര്‍ മടക്കി അയച്ചു. അവസാന വിവരങ്ങള്‍ ലഭിക്കുമ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സ് എന്ന നിലയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

