അവിടെ പോലെ ഇവിടെയും; രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് പിറകെ കേരളത്തിനും ബാറ്റിങ് തകർച്ച, മൂന്ന് വിക്കറ്റ് നഷ്ടം

ranji-trophy-2025-26-kerala-vs-maharashtra-rohan-kunnummal-munf-md-nidheesh

തിരുവനന്തപുരം: മഹാരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫിയിൽ കേരളത്തിനും ബാറ്റിങ് തകർച്ച. സ്കോർ ബോർഡിൽ 35 റണ്‍സ് കൂട്ടിച്ചേർക്കുമ്പോഴേക്കും മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അക്ഷയ് ചന്ദ്രൻ, ബാബ അപരാജിത്ത്, രോഹൻ കുന്നുമ്മൽ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മഹാരാഷ്ട്രയുടെ മുന്‍ഫ് ഗുര്‍ബാനി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മഹാരാഷ്ട്രയുടെ ആദ്യ ഇന്നിങ്‌സ് 239 റണ്‍സിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബോളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്.

സ്‌കോര്‍ 23ല്‍ നിൽക്കെ അക്ഷയ് ചന്ദ്രനെ രജനീഷ് ഗുര്‍ബാനി എല്‍ ബി ഡബ്ല്യുവില്‍ കുടുക്കി. 21 പന്തുകള്‍ നേരിട്ട അക്ഷയ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുന്‍ഫ് ഗുര്‍ബാനിയുടെ പന്തില്‍ ബാബ അപരാജിത്തും പുറത്തായി. ആറ് റണ്‍സെടുത്ത അപരാജിത്തിനെ ഗുര്‍ബാനി മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മറുവശത്ത് മനോഹരമായി ബാറ്റിങ് തുടരുകയായിരുന്ന രോഹന്‍ കുന്നുമ്മലിന്റേതായിരുന്നു അടുത്ത ഊഴം. 28 പന്തുകളില്‍ നാല് ഫോറടക്കം 27 റണ്‍സെടുത്ത രോഹന്‍, ജലജ് സക്‌സേനയുടെ പന്തില്‍ എല്‍ ബി ഡബ്ല്യു ആയാണ് മടങ്ങിയത്. തുടര്‍ന്ന് മഴ കാരണം കളി നേരത്തേ നിര്‍ത്തുകയായിരുന്നു.

രോഹൻ കുന്നുമ്മലിൻ്റെ
ബാറ്റിങ്

Read Also: കേരളത്തിന്റെ നിധിയായി നിധീഷ്; രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്ര 239 റണ്‍സിന് പുറത്ത്, ചെറുത്തുനിന്ന് ഗെയ്ക്വാദ്

രാവിലെ മഴയെ തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ വൈകിയാണ് രണ്ടാം ദിവസം കളി തുടങ്ങിയത്. വാലറ്റത്ത് വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷും നടത്തിയ ചെറുത്തുനില്പാണ് മഹാരാഷ്ട്രയുടെ സ്‌കോര്‍ 200 കടത്തിയത്. ഇരുവരും ചേര്‍ന്ന് 59 റണ്‍സ് എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. 31 റണ്‍സെടുത്ത രാമകൃഷ്ണ ഘോഷിനെ പുറത്താക്കി അങ്കിത് ശര്‍മയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. പത്ത് റണ്‍സെടുത്ത രജനീഷ് ഗുര്‍ബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

ജലജ് സക്സനേയുടെ ബോളിൽ
രോഹൻ കുന്നുമ്മൽ പുറത്താകുന്നു

ഒടുവില്‍ വിക്കി ഓസ്വാളും പുറത്തായതോടെ 239 റണ്‍സിന് മഹാരാഷ്ട്രയുടെ ഇന്നിങ്‌സിന് അവസാനമായി. 38 റണ്‍സെടുത്ത വിക്കി ഓസ്വാള്‍ ബേസിലിന്റെ പന്തില്‍ എല്‍ ബി ഡബ്ല്യു ആവുകയായിരുന്നു. കേരളത്തിന് വേണ്ടി നിധീഷ് അഞ്ചും ബേസില്‍ മൂന്നും ഏദന്‍ ആപ്പിള്‍ ടോമും അങ്കിത് ശര്‍മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News