ഭൂമിയിലെ സമ്പന്ന കായിക സംഘടന, 0 രൂപ നികുതി; വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവായ ബി സി സി ഐയും സാധാരണക്കാരും

bcci-rti-icc

ഭൂമിയിലെ ഏറ്റവും ജനപ്രിയ കായിക ഇനം ക്രിക്കറ്റ് അല്ലെങ്കിലും, ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കുന്ന ബി സി സി ഐ ആണ് ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വരുമാനമാണ് ബി സി സി ഐ സ്വന്തമാക്കിയത്. എന്നാല്‍, സംഘടനയിലെ വിവരങ്ങളൊന്നും പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ബി സി സി ഐക്ക് ഉത്തരവാദിത്വമില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിവരാവാകശ നിയമപരിധിയില്‍ നിന്ന് ബി സി സി ഐയെ ഒഴിവാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുതിയ കേന്ദ്ര കായികബില്ലില്‍ ഭേദഗതി വരുത്തിയാണ് ബി സി സി ഐക്ക് മാത്രം ഇളവ് നല്‍കിയത്. റെക്കോര്‍ഡ് വരുമാനമാണെങ്കിലും നികുതിയിനത്തില്‍ ഒരു നയാപൈസ ബി സി സി ഐ സര്‍ക്കാരിന് നല്‍കുന്നില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. നികുതിയടവില്‍ നിന്ന് നിയമപരമായി തന്നെ ബി സി സി ഐ ഒഴിവായതും വഴിയെ പറയാം.

കായിക ബില്ലിലെ ആ നീലപ്പെന്‍സില്‍ ആരുടേത്?

ജൂലൈ 23ന് ലോക്‌സഭയില്‍ പുതിയ കായിക ബില്‍ കേന്ദ്രം അവതരിപ്പിച്ചിരുന്നു. അതില്‍ രാജ്യത്തെ എല്ലാ കായിക സംഘടനകളെയും പൊതു അതോറിറ്റിയാക്കുകയും വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ബി സി സി ഐയെ മാത്രം ഒഴിവാക്കി ഭേദഗതി കൊണ്ടുവന്നു. ആരായിരിക്കും ഇതിന് ചരടുവലിച്ചത്. മുന്‍ പ്രസിഡന്റും ഇപ്പോള്‍ ഐ സി സിയുടെ ചെയര്‍മാനുമായ ജയ് ഷാ ആണോ?

Read Also: സഞ്ജു ആരാധിക്കുന്ന ക്രിക്കറ്റർ ആര്? അത് ധോണിയും കോഹ്ലിയുമല്ല!

ജയ് ഷാ


ക്രിക്കറ്റിന്റെ യാതൊരു പരിചയവുമില്ലാതെ, അമിത് ഷായുടെ മകനെന്ന പരിഗണനയില്‍ ബി സി സി ഐ തലപ്പത്ത് എത്തിയെന്ന ആരോപണം നേരിടുന്ന ജയ് ഷായുടെ സ്വാധീനം ഇക്കാര്യത്തില്‍ തള്ളാവതല്ല എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേകിച്ചും, കേന്ദ്ര സര്‍ക്കാരിലെ രണ്ടാമന്‍ പിതാവായിരിക്കെ.


അതെന്തായാലും, ബി സി സി ഐയുടെ വിവരങ്ങളും കണക്കുകളും പൊതുജനങ്ങള്‍ക്ക് നിയമപ്രകാരം ആവശ്യപ്പെടാനുള്ള സാധ്യത അടയ്ക്കപ്പെട്ടിരിക്കുന്നു. ബില്ലിലെ 15(2) വ്യവസ്ഥയാണ് ഒഴിവാക്കിയത്. പുതിയ വ്യവസ്ഥ പ്രകാരം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ധനസഹായം കൈപ്പറ്റുന്ന കായികസംഘടനയാണ് പൊതു അതോറിറ്റി. ഇത്തരം പൊതു അതോറിറ്റികള്‍ മാത്രമാണ് വിവരാവകാശത്തിന്റെ പരിധിയില്‍ പെടുക. അതേസമയം, ബി സി സി ഐ സര്‍ക്കാരില്‍ നിന്ന് സഹായം കൈപ്പറ്റുന്നില്ല.

Read Also: ‘പലസ്തീന്‍ പെലെ എങ്ങനെ മരിച്ചെന്ന് പറയൂ’; യുവേഫയുടെ അനുശോചന സന്ദേശത്തെ വിമര്‍ശിച്ച് സലാ


റെക്കോര്‍ഡ് വരുമാനമുള്ളപ്പോള്‍ എന്തിന് സര്‍ക്കാര്‍ സഹായം

2024 സാമ്പത്തിക വര്‍ഷം 9741.7 കോടി രൂപയാണ് ബി സി സി ഐയുടെ വരുമാനം. 2023ലെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 48.5 ശതമാനമാണ് വര്‍ധന. ഐ പി എല്ലില്‍ നിന്നാണ് കൂടുതല്‍ വരുമാനമുണ്ടായത്; 5761 കോടി. ഐ സി സിയില്‍ നിന്ന് 1042.35 കോടിയും ഐ പി എല്‍ ഇതര മാധ്യമ അവകാശത്തില്‍ നിന്ന് 813.14 കോടിയും ലഭിച്ചു. ഡബ്ല്യു പി എല്‍ 377.50 കോടി നല്‍കിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ മത്സരങ്ങളില്‍ നിന്ന് 361.22 കോടിയും ലഭിച്ചു. പലിശ ഉള്‍പ്പെടെ മറ്റ് വരുമാനം 1377.96 കോടി രൂപയാണ്. സഹസ്ര കോടികള്‍ ഒഴുകുന്ന ഐ പി എല്ലില്‍ നിന്നാണ് 59 ശതമാനം വരുമാനവും ലഭിച്ചത്.

സര്‍ക്കാരിനുള്ള നികുതി

നികുതിയിനത്തില്‍ അഞ്ച് പൈസയും ബി സി സി ഐ നല്‍കുന്നില്ല. ഇതിനൊരു കാരണമുണ്ട്. ചാരിറ്റി സംഘടനകള്‍ക്കുള്ള ഇളവ് ആണ് ബി സി സി ഐക്കും ലഭിക്കുന്നത്. ആദായ നികുതി നിയമത്തിലെ 12എഎ വകുപ്പ് അനുസരിച്ചുള്ള നികുതിയിളവാണ് ബി സി സി ഐക്കുമുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിലെ താഴേക്കിട മുതല്‍ പശ്ചാത്തല സൗകര്യ വികസനം വരെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വരുമാനം ഉപയോഗിക്കുന്നത്. ശതകോടി ഡോളര്‍ വരുമാനമുള്ള കോര്‍പറേറ്റ് കമ്പനി കണക്കെയാണ് പ്രവര്‍ത്തനമെങ്കിലും എന്‍ ജി ഒയുടെ നികുതിയിളവ് ആസ്വദിക്കുന്നു എന്നിടത്താണ് വൈരുധ്യം.

Read Also: ഡോണറുമ്മ ഇനി പി എസ് ജിയുടെ No.1 ഗോൾകീപ്പറല്ല, പുറത്തേക്ക്; ഷെവലിയർ വല കാക്കും

സാധാരണക്കാരുടെ നികുതി ഭാരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെങ്കിലും ഇത്തരം സഹസ്ര കോടി വരുമാനമുള്ള സംവിധാനങ്ങള്‍ക്ക് എല്ലാവിധ പഴുതുകളും വകവെച്ചു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആ ഔത്സുക്യം കാണാതെ പോകരുത്. ചുരുക്കത്തില്‍, ആരെയും ബോധിപ്പിക്കാന്‍ ഉത്തരവാദിത്വമില്ലാത്ത ബോഡിയായി ബി സി സി ഐ മാറിയിരിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ ഈ വര്‍ഷം ഐ എസ് എല്‍ കയ്യാലപ്പുറത്തെ തേങ്ങ പോലെ അനിശ്ചിതത്വത്തിലായ, ഫുട്‌ബോള്‍ ക്ലബുകള്‍ പൂട്ടേണ്ട പശ്ചാത്തലത്തിലാണിതെന്നതും ഓര്‍ക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here