
ഇന്ത്യയ്‌ക്കെതിരായ അടുത്ത മാസം ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ മൈക്കൽ ബ്രേസ്വെൽ നയിക്കും. നായകൻ മിച്ചൽ സാന്റ്നർ പരിക്ക് മൂലം വിശ്രമത്തിലായതാണ് ബ്രേസ്വെലിന്റെ സ്ഥാനക്കയറ്റത്തിന് വഴിവച്ചത്. പരിക്കുകൾ മൂലം നിരവധി പ്രധാന താരങ്ങൾ പുറത്തായ സാഹചര്യത്തിൽ പുതുമുഖങ്ങൾ അടങ്ങിയ ടീമിനെയാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്.
ഈ വർഷം തുടക്കത്തിൽ പുറംവേദനയെ തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന പേസർ കൈൽ ജാമിസൺ ടീമിൽ തിരിച്ചെത്തി . അതേസമയം, കെയിൻ വില്യംസൺ സൗത്താഫ്രിക്കൻ ലീഗിലെ ബാധ്യതകൾ കാരണം ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കും. നാഥൻ സ്മിത്ത്, ബ്ലെയർ ടിക്‌നർ, മാർക്ക് ചാപ്മാൻ, മാറ്റ് ഹെൻറി എന്നിവർ പരിക്കു മൂലം ടീമിൽ ഇടം പിടിച്ചില്ല. ടോം ലാഥവും ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കും. ജേക്കബ് ഡഫിയെയും രചിൻ രവീന്ദ്രയെയും ഏകദിനങ്ങളിൽ നിന്ന് വിട്ടുനിൽക്കും . അതേസമയം, ഇടംകൈ സ്പിന്നർ ജയ്ഡൻ ലെന്നോക്‌സ് ആദ്യമായി ന്യൂസിലാൻഡ് ടീമിൽ ഇടം നേടി. ക്രിസ്റ്റ്യൻ ക്ലാർക്ക്, ആദി അശോക്, ജോഷ് ക്ലാർക്‌സൺ, നിക്ക് കെല്ലി, മൈക്കൽ റേ തുടങ്ങിയ താരങ്ങളും ഏകദിന ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
Also read: ടി20 ലോകകപ്പ് : സഞ്ജു സാംസൺ ടീമിൽ, ശുഭ്മാൻ ഗിൽ പുറത്ത്
ജനുവരി 11ന് ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളോടെയാണ് ന്യൂസിലാൻഡിന്റെ ഇന്ത്യാ പര്യടനം തുടങ്ങുന്നത്. തുടർന്ന് ജനുവരി 21 മുതൽ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും നടക്കും. പരിക്കുകളിൽ നിന്ന് മുക്തരായ ശേഷം സാന്റ്നർ, ചാപ്മാൻ, ഹെൻറി എന്നിവർ ടി20 പരമ്പരയ്ക്കായി ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഉപഭൂഖണ്ഡ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഈ പരമ്പര ഏറെ സഹായകരമാകുമെന്ന് ന്യൂസിലാൻഡ് പരിശീലകൻ റോബ് വാൾട്ടർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

