ഇല്ലായ്മകളോട് പൊരുതി കുഞ്ഞന്മാരായ നീല സ്രാവുകളും ലോകകപ്പിന്; ഹ്യൂമൻ പവർ ഹൗസ് ഇന്ത്യ ഇനി എന്ന്?

indian-football-team-cape-verde-wcq

വെറും 5.2 ലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായ കുഞ്ഞന്‍ ദീപ് രാജ്യം, കേപ് വെര്‍ദെ കൂടി ഫിഫ ലോകകപ്പില്‍ പന്തു തട്ടാന്‍ യോഗ്യത നേടിയിരിക്കുന്നു. 1930ല്‍ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിച്ചതിന് ശേഷം യോഗ്യത നേടുന്ന രണ്ടാമത്തെ കുഞ്ഞന്‍ രാജ്യമാണിത്. മൂന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്ലാന്‍ഡ് ആണ് എക്കാലത്തും ഇക്കാര്യത്തില്‍ ഒന്നാമത്. അതേസമയം, 145 കോടി ജനസംഖ്യയുള്ള ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ബലമുള്ള നമ്മുടെ ഇന്ത്യയോ? ഇതുവരെ ഫിഫ ലോകകപ്പില്‍ പന്ത് തട്ടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ദിവസം സിങ്കപ്പൂരിനോട് തോറ്റ് എ എഫ് സി ഏഷ്യാ കപ്പ് യോഗ്യത പോലും കൈയെത്തിപ്പിടിക്കാനായില്ല. കേപ് വെർദെയുടെ നേട്ടവും ഇന്ത്യയുടെ അയോഗ്യതയും മണിക്കൂറുകളുടെ ഇടവേളകളിൽ കൂടിയാണ് സംഭവിച്ചതെന്ന യാദൃച്ഛികത കൂടിയുണ്ട്.

കായിക ഭൂപടത്തിലും കുഞ്ഞൻ

ടൂറിസത്തില്‍ പ്രസിദ്ധമായ കേപ് വെര്‍ദെക്ക് കാര്യമായ കായിക ചരിത്രമൊന്നുമില്ല എന്നതാണ് നേര്. ലോകകപ്പ് യോഗ്യത നേടിയ ടീമില്‍ തന്നെ ഒരൊറ്റ സൂപ്പര്‍ താരവുമില്ല. പലരും ഫുട്‌ബോളിനെ സൈഡായി കാണുന്നവരാണ്. ഉപജീവനത്തിനായി മറ്റ് തൊഴില്‍ ചെയ്ത് പാഷന്‍ എന്ന നിലയ്ക്ക് ഫുട്‌ബോള്‍ കളിക്കുന്നവരാണ്. പക്ഷേ, കായിക മേഖലയില്‍ നിക്ഷേപം നടത്താന്‍ ഭരണകൂടം മുന്നോട്ടുവരികയും വിജയകരമായ രീതിയില്‍ നടപ്പാക്കുകയും ചെയ്തു. റിസള്‍ട്ടുമുണ്ടായി.

Read Also: വിയര്‍പ്പ് തുന്നിയിട്ട കുപ്പായം; ഫിഫ ലോകകപ്പിന് ആദ്യമായി കളിച്ച് യോഗ്യത നേടി ഖത്തര്‍, സൗദിയും അമേരിക്കയിലേക്ക്

അങ്ങനെ, നീല സ്രാവുകള്‍ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന കേപ് വെര്‍ദെ മെക്‌സിക്കോ- യു എസ് എ- കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന 2026ലെ ലോകകപ്പില്‍ പന്തു തട്ടാന്‍ യോഗ്യത നേടി. വിയ്യാറയലിന്റെ ഡിഫൻഡര്‍ ലോഗന്‍ കോസ്റ്റ മാത്രമാണ് യൂറോപ്പിലെ പ്രധാന ലീഗുകളില്‍ കളിക്കുന്ന ഏക കേപ് വെര്‍ദെ താരം. 2023-ല്‍ ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പ് പ്രാതിനിധ്യം, 2024ലെ ഒളിമ്പിക്‌സ് ബോക്‌സിങില്‍ ഡേവിഡ് ഡി പിനയുടെ വെങ്കലം മാത്രമാണ് കേപ് വെര്‍ദെയുടെ ലോക കായിക ഭൂപടത്തിലെ അടയാളപ്പെടുത്തലുകള്‍.

ഇന്ത്യയും ഫുട്ബോളും

ഇനി ലോകത്തെ ഏറ്റവും വലിയ ഹ്യൂമന്‍ പവര്‍ ഹൗസ് ആയ ഇന്ത്യയിലേക്ക് വരാം. പരമ്പരാഗതമായി ക്രിക്കറ്റില്‍ പലകുറി ലോകകിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഫുട്‌ബോളിനോട് ചിറ്റമ്മനയമാണ്. സുപ്രധാന ആഭ്യന്തര ലീഗ് ആയ ഐ എസ് എല്‍ നടക്കേണ്ട സമയമാണ് ഇത്. എന്നാല്‍, ഈ വര്‍ഷം ഐ എസ് എല്‍ തന്നെ നടക്കില്ല. പല ക്ലബുകളും താരങ്ങളുടെ ശമ്പള വിതരണം അവസാനിപ്പിച്ചു. പിരിച്ചുവിടല്‍ ഭീഷണിയിലുമാണ്. എന്നുമാത്രമല്ല, ഫുട്‌ബോള്‍ ഫെഡറേഷന്‍- എ ഐ എഫ് എഫ്- തന്നെ ഫിഫ ബാന്‍ നേരിടുന്ന ഘട്ടത്തിലാണ്. പുതിയ ഭരണഘടന സ്വീകരിക്കുന്നതിലെ കാലവിളംബമാണ് എ ഐ എഫ് എഫ് നടപടി നേരിടുന്നതിലേക്ക് നയിക്കുന്നത്.

Read Also: കേരളത്തിന് എന്ത് മഹാരാഷ്ട്ര!!; രഞ്ജിയില്‍ തുടക്കം കളറാക്കി മലയാളികള്‍

കഴിഞ്ഞ ദിവസം ഫിഫ റാങ്കിങില്‍ ഇന്ത്യയേക്കാള്‍ 24 സ്ഥാനം പിന്നിലുള്ള സിങ്കപ്പൂരിനോട് തോറ്റ് ഏഷ്യാ കപ്പ് യോഗ്യത പോലും നേടാന്‍ സാധിക്കാത്തത് കളിക്കാരുടെയോ കോച്ചിന്റേയോ മാത്രം പ്രശ്‌നമല്ല. 2019ല്‍ 24 ടീമുകളെ ഉള്‍പ്പെടുത്തി ഏഷ്യാ കപ്പ് പരിഷ്‌കരിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ യോഗ്യത നേടാനാകാതെ പോകുന്നത്. സ്വന്തം ഭൂഖണ്ഡത്തിലെ പരമോന്നത ടൂര്‍ണമെന്റില്‍ പന്ത് തട്ടാനാകാത്ത ഒരു രാജ്യമെങ്ങനെ ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ മാമാങ്കത്തില്‍ മൈതാനാത്ത് ഇറങ്ങാന്‍ യോഗ്യരാകും!

Read Also: പിള്ളേരെ കൊണ്ട് കളിപ്പിച്ച് മെസിയാശാന്‍; പ്യൂര്‍ട്ടോറിക്കോയെ ചുമരിലൊട്ടിച്ച് അര്‍ജന്റീന, ബ്രസീലിന് തോൽവി

പുതിയ കോച്ച് ഖാലിദ് ജമീലിന്റെ കീഴില്‍ നിര്‍ണായക വിജയങ്ങള്‍ ഇന്ത്യ നേടിയിരുന്നു. താജികിസ്ഥാനില്‍ സെപ്റ്റംബറില്‍ നടന്ന കാഫ നാഷന്‍സ് കപ്പില്‍ കരുത്തരായ ഒമാനെ മലര്‍ത്തിയടിച്ച് ഇന്ത്യ വെങ്കലം നേടിയിരുന്നു. അതിന് മുന്‍പ് താജിക്കിസ്ഥാനെ അവരുടെ മണ്ണില്‍ പരാജയപ്പെടുത്തുകയും ചെയ്തു. ഈ വിജയങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍, ആഴ്ചകള്‍ പിന്നിടുമ്പോള്‍ അതിന് തുടര്‍ച്ചകളുണ്ടാകുന്നില്ല എന്നത് പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണ്.

Read Also: ഇത്തവണ ലോകകപ്പ് കളിക്കാമെന്ന മോഹം സജീവമാക്കി ഇറ്റലി; ഇസ്രയേലിനെ കശക്കിയെറിഞ്ഞു

പണം ഇറക്കി പണം നേടുകയെന്ന കേവല ബിസിനസ് തന്ത്രങ്ങള്‍ക്കപ്പുറത്ത് ഒരു ലോക കായിക ഇനം എന്ന നിലയില്‍ ഫുട്‌ബോളിനെ കണ്ട് പെരുമാറേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ക്രിക്കറ്റിന് നല്‍കുന്ന തുല്യ പരിഗണനയൊന്നും നല്‍കിയില്ലെങ്കിലും അവഗണന ക്രൂരമാണ്. ഫുട്‌ബോള്‍ ഫെഡറേഷനിലെ പുഴുക്കുത്തകളെ ഇല്ലായ്മ ചെയ്ത് ഒരു ശുദ്ധികലശവും നന്നാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News