
2025 ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നേട്ടങ്ങളുടെ വർഷമായിരുന്നു. ഐസിസി ചോമ്പ്യൻസ് ട്രോഫിയും, വനിത ലോകകപ്പും നേടിയത് ആരാധകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു. ഇതിനൊപ്പം തന്നെ ഏഷ്യകപ്പ് കിരീടം നിലനിർത്താനും നമുക്ക് കഴിഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ ക്രിക്കറ്റിൽ വിവാദങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ സംഘർഷങ്ങളും സാങ്കേതിക തകരാറുകളും മുതൽ മൈതാനത്തെ വികാരഭരിത നിമിഷങ്ങൾക്ക് പോലും ആരാധകർ സാക്ഷിയായി.
ക്രിക്കറ്റിനെ പൊതുവെ ജന്റിൽമാൻസ് ഗെയിം എന്നാണ് പറയുന്നത്, എന്നാൽ ചില വിവാദങ്ങൾ അതിനെ ചോദ്യം ചെയ്യാൻ കാരണമാകാറുണ്ട്. അതിൽ എറ്റവും ആദ്യം പറയേണ്ടത് 2025-ലെ ഏഷ്യകപ്പ് മത്സരമാണ്. ഏഷ്യകപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാൻ 3 കളികളിലാണ് എറ്റുമുട്ടിയത്. മത്സരങ്ങൾക്കിടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്ഥാൻ ക്യപ്റ്റൻ സൽമാൻ അലി അഘയെ ഹാൻഡ് ഷേക്ക് ചെയ്യാൻ വിസമ്മതിക്കുകയുണ്ടായി. പിന്നാലെ ടീം അംഗങ്ങൾ ഉൾപ്പെടെ മത്സരശേഷമുള്ള ഹാൻഡ് ഷേക്കിൽ നിന്നും മാറിനിന്നു. ഇന്ത്യ ഫൈനൽ ജയിച്ചപ്പോൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്ചെയർമാനുമായ മോഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചു. നഖ്‌വി ട്രോഫിയുമായ് വേദി വിട്ടു, ഇതോടെ മെഡലുകളും ട്രോഫിയും ഇല്ലാതെയാണ് താരങ്ങൾ അന്ന് വിജയാഘോഷം നടത്തിയത്. മത്സരത്തിനിടെ പാകിസ്ഥാൻ താരങ്ങളായ ഹാരിസ് റൗഫിനും സാഹിബ്‌സാദ ഫർഹാനും പലപ്പോഴും പ്രകോപരനപരമായ രീതിയിൽ ആഘോഷം നടത്തിയതിന് ഐസിസി പിഴ ചുമത്തിയിരുന്നു.
Also read : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ നിന്ന് ഗസ് ആറ്റ്‌കിൻസൺ പുറത്ത്
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മാഞ്ചസ്റ്റർ ടെസ്റ്റിന്റെ അവസാന ദിവസവും ഇത് പോലെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഹാൻഡ്‌ഷേക്ക് നിർദേശിച്ചെങ്കിലും, സെഞ്ചുറിക്ക് അടുത്തിരുന്ന രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ബാറ്റിംഗ് തുടരാൻ തീരുമാനിച്ചു. ടീം കോച്ച് ഗൗതം ഗംഭീർ അതിനെ അംഗീകരിച്ചതോടെ പ്രശ്നം കൂടുതൽ ചർച്ചയായി. ഈ തീരുമാനത്തെ തുടർന്ന് ഇഗ്ലണ്ട് താരങ്ങൾ മൈതാനത്ത് തന്നെ പരസ്യ പ്രതികരണങ്ങൾ നടത്തി.

2025 ജൂൺ 4-ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു അവരുടെ ആദ്യ ഐപിഎൽ കിരീടം നേടിയതിന്റെ വിജയാഘോഷങ്ങൾക്കിടെ ബെംഗളൂരുവിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ദാരുണാന്ത്യമുണ്ടാവുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിജയാഘോഷം ദുഃഖത്തിലേക്ക് മാറിയ ഈ സംഭവം രാജ്യത്താകെ വലിയ ഞെട്ടലുണ്ടാക്കി.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

