
ഇനി ക്രിക്കറ്റ് പുതിയ രൂപത്തിലും ഭാവത്തിലും. അഞ്ചുനാൾ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ നിന്ന് ഒടുവിൽ 20 ഓവറുമായി ചുരുങ്ങിയ ക്രിക്കറ്റിൽ ടെസ്റ്റ് 20 എന്ന അപുതിയ മത്സര രീതി വരുന്നു. ട്വന്റി20 ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും യോജിപ്പിച്ചുകൊണ്ടുള്ള മത്സര രീതിയാണിത് .
സ്പോർട്സ് വ്യവസായി ഗൗരവ് ബഹിർവാനിയുടെ വൺ വൺ സിക്സ് നെറ്റ്‌വർക്കാണ് പുതിയ ആശയം മുന്നോട്ട് വച്ചത്. മാത്യു ഹൈഡൻ, എ.ബി.ഡിവില്ലിയേഴ്സ്, ഹർഭജൻ സിങ്, സർ ക്ലൈവ് ലോയിഡും എന്നിവരടങ്ങുന്ന ടീമിന്റെ നിർദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് പുതിയ ഫോർമാറ്റ് ആവിഷ്കരിച്ചത്.
ALSO READ: ദേശീയ സീനിയർ വനിതാ ട്വൻ്റി ടൂർണ്ണമെൻ്റ്: ഗുജറാത്തിനെ തോല്‍പ്പിച്ച് കേരളത്തിൻ്റെ ചുണക്കുട്ടികള്‍
13നും 19 നും ഇടയിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ ഫോർമാറ്റിന് രൂപം കൊടുത്തത്. അടുത്ത വർഷം ജനുവരിയിൽ പുതിയ ഫോർമാറ്റിലുള്ള മത്സരം ഇന്ത്യയിൽ നടക്കും. രണ്ടാം സീസൺ മുതൽ വനിതകളുടെ ടൂർണമെന്റും ആരംഭിക്കും. ടെസ്റ്റ് ക്രിക്കറ്റിന്റെ തന്ത്രങ്ങളെയും ട്വന്റി20 ക്രിക്കറ്റിന്റെ ചടുലതയെയും ഒന്നിപ്പിക്കുന്നതാണ് ടെസ്റ്റ് 20 ക്രിക്കറ്റ് ഫോർമാറ്റ്. 20 ഓവർ വീതമുള്ള നാല് ഇന്നിങ്സുകളിലായി കളിക്കുന്ന ക്രിക്കറ്റാണ് ഇത്. ആകെ 80 ഓവറുകൾ. ടെസ്റ്റു പോലെ ഇരു ടീമുകൾക്കും രണ്ട് ഇന്നിങ്സുകൾ വീതമുണ്ടാകും. ജയം, തോൽവി, സമനില എന്നീ റിസൽറ്റുകളുണ്ടാകും. ടെസ്റ്റ്, T20 ക്രിക്കറ്റുകളുടെ നിയമങ്ങൾ പുതിയ ഫോർമാറ്റിനും ബാധകമാണെങ്കിലും അനുയോജ്യമായ രീതിയിൽ ചില നിയമങ്ങൾ പരിഷ്കരിച്ചേക്കും എന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

