
ബ്രിസ്ബെയ്ൻ: അന്താരാഷ്ട്ര ടി20യിൽ പുതിയ ലോകറെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം അഭിഷേക് ശർമ്മ. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടി20 മത്സരത്തിലാണ് ഇടംകൈയൻ ബാറ്റർ അതുല്യ നേട്ടം കൈവരിച്ചത്. അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന ലോക റെക്കോർഡാണ് അഭിഷേക് സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
ശനിയാഴ്ച ബ്രിസ്ബേനിലെ ഗാബയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അഞ്ചാം ടി20യിൽ അഭിഷേക് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ ടിം ഡേവിഡിന്റെ പേരിലായിരുന്ന മുൻ ലോക റെക്കോർഡാണ് ഇന്ത്യയുടെ ഇടംകൈയ്യൻ ബാറ്റർ തകർത്തത്. 528 പന്തിലാണ് അഭിഷേക് ശർമ്മ 1000 റൺസ് തികച്ചത്. നവംബർ രണ്ടിന് ഹൊബാർട്ടിൽ 38 പന്തിൽ നിന്ന് 74 റൺസ് നേടിയ ഡേവിഡ് 569 പന്തിൽ നിന്നാണ് 1000 റൺസ് തികച്ചത്.
അതേസമയം മത്സരങ്ങളുടെ കാര്യത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും അഭിഷേക് ശർമ്മ സ്വന്തമാക്കി. എന്നാൽ ഇന്നിംഗ്സുകളുടെ കാര്യത്തിൽ വിരാട് കോഹ്ലിയ്ക്ക് പിന്നിൽ രണ്ടാമതാണ് അഭിഷേക് ശർമ്മ. 29 മത്സരങ്ങളിൽ നിന്ന് 27 ഇന്നിംഗ്‌സുകളിൽ നിന്ന് 1000 റൺസ് തികച്ച വിരാട് കോഹ്‌ലിയുടെ പേരിലുള്ള റെക്കോർഡ് തകർക്കാൻ അഭിഷേകിന് കഴിഞ്ഞില്ല. 28 ഇന്നിംഗ്‌സുകളിൽ നിന്നാണ് അഭിഷേക് ഈ നാഴികക്കല്ല് പിന്നിട്ടത്.
അതേസമയം ഇന്ത്യയുടെ സഞ്ജു സാംസൺ (995 റൺസ്), തിലക് വർമ്മ (991 റൺസ്) എന്നിവരും ടി20യിൽ 1000 റൺസ് എന്ന നേട്ടത്തിന് അരികിലാണ്. എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ടി20യിൽ ഇന്ത്യ പ്ലെയിംഗ് ഇലവനിൽ ഇരുവരെയും ഉൾപ്പെടുത്തിയില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

