
ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ഈഡൻ ഗാർഡൻസിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമിനും മതിയാകില്ല. കാരണം ലോർഡ്സിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ബെർത്താണ് ഇരു ടീമും ലക്ഷ്യമിടുന്നത്. ക്രിക്കറ്റിലെ കരുത്തർ മുഖാമുഖം വരുമ്പോൾ ആരൊക്കെയാകും അന്തിമ ഇലവനിൽ ഇടംനേടുകയെന്ന ചർച്ചകളാണ് ആരാധകർക്കിടയിൽ.
ഇന്ത്യൻ ടീമിൽ റിഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവർ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ഓപ്പണർമാരായി യശ്വസി ജയ്സ്വാൾ, കെ എൽ രാഹുൽ എന്നിവർ ക്രീസിലെത്തും. തുടർന്ന് സായി സുദർശൻ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവർ എത്തും. പന്തിനും ജുറേലിനും പിന്നാലെ ഓൾറൌണ്ടർമാരായി രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവരും എത്തും. ഇന്ത്യയുടെ ബോളിങ് ആക്രമണം ജസ്പ്രിത് ബുംറ, കുൽദീപ് യാദവ്, മൊഹമ്മദ് സിറാജ് എന്നിവർ നയിക്കും.
Also Read- ഇനി ടെസ്റ്റാവേശം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പോരാട്ടത്തിന് ഇന്ത്യ റെഡി; മത്സരങ്ങൾ എവിടെ കാണാം?
ദക്ഷിണാഫ്രിക്കൻ നിരയിൽ എയ്ഡൻ മർക്രം, റയാൻ റിക്കൽടൺ, ടോണി ഡെ സോറി, ക്യാപ്റ്റൻ ടെംബ ബവുമ, ഡെവാൾഡ് ബ്രെവിസ്, കെയ്ൽ വെറെയ്നെ എന്നിവർ ബാറ്റിങ് നിരയിൽ ഉണ്ടാകും. ഓൾറൌണ്ടർമാരായി മാർക്കോ യാൻസെൻ, സൈമൻ ഹാർമർ എന്നിവരും ഇറങ്ങിയേക്കും. കേശവ് മഹാരാജ്, കാഗിസോ റബാഡ, സെനുറൻ മുത്തുസ്വാമി എന്നിവരും അണിനിരക്കാനാണ് സാധ്യത.
2019ന് ശേഷം ഇതാദ്യമായാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസ് ഒരു ടെസ്റ്റിന് വേദിയാകുന്നത്. അന്ന് ബംഗ്ലാദേശിനെതിരായ ചരിത്രപരമായ പിങ്ക് പന്ത് ടെസ്റ്റ് മത്സരമാണ് കൊൽക്കത്തയിൽ നടന്നത്. അന്നത്തെ ഇന്ത്യൻടീമിൽ നിന്ന് വലിയ മാറ്റങ്ങളാണ് ഇപ്പോഴുള്ളത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ ടെസ്റ്റിൽനിന്ന് വിരമിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

